Articles
വിജയശതമാനം കൂടുന്നതിനെ പരിഹസിക്കേണ്ടതുണ്ടോ?
100% വിജയം നേടിയ സര്‍ക്കാര്‍ സ്കൂളുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പലതരത്തില്‍ പരിസഹിക്കപ്പെടുന്നതായി കണ്ടിട്ടുണ്ട്. സാമൂഹ്യമാദ്ധ്യമങ്ങളിലൊക്കെ വ്യാപകമായി ഈ പരിഹാസം ഉണ്ടാകാറുണ്ട്. എന്നാൽ, മൂല്യനിര്‍ണ്ണയത്തിലെ പിഴവായും മാര്‍ക്ക് ദാനമായും ഇതിനെ ഇകഴ്ത്തുന്ന പലരുടേയും മനസ്സിലെ സര്‍ക്കാര്‍ സ്കൂളിന്‍റെ ചിത്രം വളരെ പഴയതാണെന്നു പറയാതെ വയ്യ.
ഈ വര്‍ഷത്തെ എസ് എസ് എല്‍സി പരീക്ഷയിലെ വിജയം 99.69 ശതമാനമാണ്. കഴിഞ്ഞ കുറേയേറെ വര്‍ഷങ്ങളായി ഏതാണ്ട് ഇതേപൊലെ തന്നെയാണ് സംസ്ഥാനത്തെ വിജയ ശതമാനക്കണക്കുകള്‍. 892 ഗവ: ഹൈസ്കൂളുകളാണ് ഈ വര്‍ഷം നൂറുശതമാനം വിജയം കൊയ്തത്. താരതമ്യേന ഈ വര്‍ഷം ഇത് കുറവാണ് താനും.
100% വിജയം നേടിയ സര്‍ക്കാര്‍ സ്കൂളുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പലതരത്തില്‍ പരിസഹിക്കപ്പെടുന്നതായി കണ്ടിട്ടുണ്ട്. സാമൂഹ്യമാദ്ധ്യമങ്ങളിലൊക്കെ വ്യാപകമായി ഈ പരിഹാസം ഉണ്ടാകാറുണ്ട്. എന്നാൽ, മൂല്യനിര്‍ണ്ണയത്തിലെ പിഴവായും മാര്‍ക്ക് ദാനമായും ഇതിനെ ഇകഴ്ത്തുന്ന പലരുടേയും മനസ്സിലെ സര്‍ക്കാര്‍ സ്കൂളിന്‍റെ ചിത്രം വളരെ പഴയതാണെന്നു പറയാതെ വയ്യ.
നീണ്ട ഓലഷെഡ്ഡുകള്‍, കാലൊടിഞ്ഞ ബെഞ്ചും ഡസ്കും, ഒഴിഞ്ഞ പറമ്പില്‍ നിരന്നുനിന്നു മൂത്രമൊഴിക്കുന്ന ആണ്‍കുട്ടികള്‍, വേണേല്‍ പഠിച്ചോ എന്ന മനോഭാവമുള്ള അദ്ധ്യാപകര്‍… ഇങ്ങനെ പോകുന്നു അവരുടെ സര്‍ക്കാര്‍ സ്കൂൾ സങ്കല്‍പം. നിലവിൽ ഇവരുടെ കുട്ടികളാരും സര്‍ക്കാര്‍ സ്കൂളുകളിലൊന്നും പഠിക്കുന്നില്ലെന്നുവേണം കരുതാന്‍. പാരന്‍റ്സ് ടീച്ചര്‍ മീറ്റിംഗിനൊന്നും പോകാറില്ലാത്തതിനാല്‍ സ്കൂളുകളുടെ മാറിയ മുഖം ഇവര്‍ കാണാനുമിടയില്ല.
പഴയ സ്കൂളുകളല്ല ഇക്കാലത്തെ ഹൈസ്കൂളുകളും ഹയര്‍സെക്കണ്ടറി വിദ്യാലയങ്ങളുമെന്നത് കണ്ടറിയാനാവും. ഉറപ്പുള്ള മേല്‍ക്കൂരകള്‍, മിക്കവയും കോണ്‍ക്രീറ്റ് തന്നെ. ക്ലാസ്റൂമുകളില്‍ നല്ല ഇരിപ്പിടങ്ങളുണ്ട്. വൈദ്യുതിയും വെളിച്ചവുമുണ്ട്. മുഖ്യമന്ത്രിയുടെ കണക്കുപ്രകാരം 2020 ല്‍തന്നെ ഹൈസ്കൂളിലെയും ഹയർ സെക്കൻഡറി സ്കൂളുകളിലെയും 40,000 ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് മുറികളാക്കി മാറ്റിയിട്ടുണ്ട്. 12,678 സ്കൂളുകളിൽ ഫാസ്റ്റ് ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് ഉറപ്പാക്കുകയും ചെയ്തു. സമ്പന്ന രാഷ്ട്രങ്ങളിലെ പോലെ ഡിജിറ്റൽ സ്ക്രീനിൽ പാഠഭാഗങ്ങള്‍ കാണിക്കാനുള്ള സൗകര്യങ്ങളുമുണ്ട്.
അദ്ധ്യാപകരാവട്ടെ, ഓരോ പുതിയ കരിക്കുലത്തിനും പ്രത്യേകം പ്രത്യേകം പരിശീലനം സിദ്ധിച്ചവരാണ്. അതിനാല്‍ ബിഎഡ്ഡിനു ശേഷം ജോലി കിട്ടി ഒഴുക്കില്ലാത്ത ജലം പൊലെ ഉറച്ചുപോയവരല്ല. നിരന്തരം പുതുക്കപ്പെടുന്നവരാണ്. ഈ ഇന്‍റര്‍നെറ്റ് യുഗത്തില്‍ അതൊരു അനിവാര്യതയുമാണ്.
പത്താം ക്ലാസ് ഒരു വലിയ കടമ്പയാണെന്ന് മനസ്സിലാക്കി അംഗീകരിച്ചവരാണ് അദ്ധ്യാപകരും രക്ഷിതാക്കളും. അതിനാല്‍ പി ടി എ മീറ്റിംഗുകളെ ഇരുവിഭാഗവും ഗൗരവമായി കാണുന്നുണ്ട്. കൃത്യമായി മീറ്റിംഗുകളില്‍ പങ്കെടുക്കാത്ത രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും വിലയിരുത്തപ്പെടുന്നുണ്ട്. കൃത്യമായി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കുട്ടി രക്ഷിതാവിന്‍റെ മാത്രമല്ല അദ്ധ്യാപകരുടേയും അഭിമാനത്തിന് പാത്രമാണ്. ഓരോ മീറ്റിംഗുകളിലും ഇത് പൊതുപരീക്ഷയെ നേരിടേണ്ട വര്‍ഷമാണെന്ന് ഗൗരവത്തോടെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് അദ്ധ്യാപകർ. രക്ഷിതാവിനും ഇതില്‍ നിന്നൊഴിഞ്ഞു മാറാനാവില്ല. കാരണം അയാളുടെ അസാന്നിദ്ധ്യം കുട്ടിയുടെ അഭിമാനത്തിലാണ് വന്നു പതിക്കുന്നത്.
“കാത്തുകാത്തിരുന്ന് പുലിയിങ്ങെത്താറായി ” എന്ന തരത്തിലൊരു യുദ്ധ സന്നാഹം തന്നെ ഒരുങ്ങുന്നുണ്ട് പത്താം ക്ലാസുകളില്‍. വിദ്യാര്‍ത്ഥികള്‍ കഴിവും മാര്‍ക്കും അനുസിരിച്ച് പല ഗ്രൂപ്പുകളായി തിരിക്കപ്പെടുന്നു. നന്നായി പഠിക്കുന്നവര്‍ തീരെ മോശമായവരുടെ ട്യൂഷന്‍ ടീച്ചറാവും. ഇടത്തരക്കാര്‍ക്ക് വേറെ സ്പെഷ്യല്‍ ക്ലാസുകളുണ്ട്. അത് അദ്ധ്യാപകര്‍ തന്നെ നയിക്കും.
അവസാനത്തെ ഇനമാണ് ക്യാമ്പ് സ്റ്റഡി. മുന്‍ പരീക്ഷകളിലേയും മോഡലിലേയും ചോദ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള പഠനങ്ങള്‍, പരീക്ഷയില്‍ വരാന്‍ സാദ്ധ്യതയുള്ള ചോദ്യങ്ങള്‍, വിട്ടു പോയവ, പരിഗണിക്കാന്‍ സാദ്ധ്യതയുള്ളവ… എല്ലാം ഇഴകീറി പരിശോധിക്കും. അത്രയും വിശാലമാണ് ക്യാമ്പിലെ പടയൊരുക്കങ്ങള്‍. ഇതിനിടയിൽ ചില കൗണ്‍സിലിംഗ് ക്ലാസുകളും കൊടുക്കപ്പെടും. പരീക്ഷപ്പേടി, മറവി എല്ലാം വിലയിരുത്തപ്പെടും..
ഇനി പറയൂ, എങ്ങനെയാണ് കുട്ടികളുടെ വിജയശതമാനം കൂടാതിരിക്കുക?. മാനസികമായും ബുദ്ധിപരമായും വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി മറ്റു സംവിധാനങ്ങളുമുണ്ട്. എന്നിട്ടും തോല്‍ക്കുന്ന കുട്ടികള്‍ക്ക് ഹാജർ നിലയിലെ കുറവുകള്‍ കൂടാതെ എന്തെങ്കിലും പരിമിതികൾ ഉണ്ടാവാം എന്നേ പറയാനാവൂ.
ഇതൊരിക്കലും പരിഹസിക്കപ്പെടേണ്ടതല്ല..അതിനപ്പുറം കഠിനമായ പരിശ്രങ്ങളിലൂടെ നേടിയെടുക്കുന്ന വിജയശതമാനത്തെ പരിഹസിക്കുന്നത് ആയിരക്കണക്കിന് സര്‍ക്കാര്‍ അദ്ധ്യാപകരുടെ ആത്മാര്‍ത്ഥതയെ ഇകഴ്ത്തുന്നതിന് തുല്യമാണ്.