Connect with us

editorial

കുഞ്ഞുങ്ങള്‍ക്ക് കൊടുക്കണോ ഈ അമൃതം പൊടി?

ചെറിയ കുഞ്ഞുങ്ങള്‍ക്ക് നല്‍കാനുള്ള ഭക്ഷ്യവസ്തുവെന്ന നിലയില്‍ അതീവ ശ്രദ്ധയോടെയും ഉത്തരവാദിത്വ ബോധത്തോടെയുമായിരിക്കണം അമൃതം പൊടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ പല നിര്‍മാണ കേന്ദ്രങ്ങളിലും തികഞ്ഞ അശ്രദ്ധയോടെയും നിരുത്തരവാദപരമായുമാണ് ഇവ തയ്യാറാക്കുന്നത്.

Published

|

Last Updated

അങ്കണ്‍വാടികള്‍ മുഖേന കുഞ്ഞുങ്ങള്‍ക്ക് വിതരണം ചെയ്യുന്ന അമൃതം പൊടിയില്‍ പല്ലി ഉള്‍പ്പെടെയുള്ള ചത്ത ജീവികളും മാലിന്യങ്ങളും കാണപ്പെടുന്നുവെന്ന പരാതികള്‍ തുടരെ വന്നുകൊണ്ടിരിക്കുകയാണ്. മൂന്ന് ദിവസം മുമ്പാണ് തിരുവനന്തപുരം നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ അമൃതം പൊടിയില്‍ നിന്ന് ചത്ത പല്ലിയെ കിട്ടിയത്. പാലിയോട് നിവാസികളായ ദമ്പതികള്‍ നവംബര്‍ അവസാനത്തില്‍ അങ്കണ്‍വാടിയില്‍ നിന്ന് വാങ്ങിയ പൊടിയുടെ പാക്കറ്റ് പൊട്ടിച്ചപ്പോള്‍ അതിയായ ദുര്‍ഗന്ധം അനുഭവപ്പെടുകയും തുടര്‍ന്ന് പൊടി പരിശോധിച്ചപ്പോള്‍ പല്ലിയെ കണ്ടെത്തുകയുമായിരുന്നു.

ഈ വര്‍ഷം ജൂണില്‍ കോഴിക്കോട് കക്കോടി പഞ്ചായത്തിലെ കാളത്തൂര്‍ അങ്കണ്‍വാടിയില്‍ നിന്നും ഫെബ്രുവരിയില്‍ എറണാകുളം ചെങ്ങമനാട് പഞ്ചായത്തിലെ 75ാം നമ്പര്‍ അങ്കണ്‍വാടിയില്‍ നിന്നും കൊല്ലം കൊട്ടാരക്കര മൂഴിക്കോട് സ്വദേശിയുടെ വീട്ടില്‍ ലഭിച്ച പൊടിയില്‍ നിന്നും മാലിന്യങ്ങളും ചത്ത പല്ലിയും ലഭിച്ചതായി പരാതി ഉയര്‍ന്നിരുന്നു.

കക്കോടിയില്‍ വിതരണം ചെയ്ത പൊടിയില്‍ നിന്ന് കോഴിക്കോട് കണ്ണാടിക്കലിലെ ഒരു വീട്ടമ്മയാണ് ആദ്യം ചത്ത പ്രാണികളെയും പുഴുക്കളെയും കണ്ടെത്തിയത്. തുടര്‍ന്ന് പ്രസ്തുത അങ്കണ്‍വാടിയില്‍ നിന്ന് ലഭിച്ച മറ്റു പാക്കറ്റുകള്‍ പരിശോധിച്ചപ്പോള്‍ അവയിലും കണ്ടെത്തി മാലിന്യങ്ങള്‍. എറണാകുളത്ത് പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിലെ 167 അങ്കണ്‍വാടികള്‍ക്കായി നെടുമ്പാശ്ശേരി പഞ്ചായത്ത് ഓഫീസിനു സമീപമുള്ള കരിയാട്ടിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ നിര്‍മിച്ച അമൃതംപൊടിയില്‍ നിന്നാണ് ചത്ത പല്ലിയെ കിട്ടിയത്. കൊല്ലം കൊട്ടാരക്കരയില്‍ നിന്ന് ലഭിച്ചതും ചത്ത പല്ലിയാണ്.

ഇതിനു പുറമെ അമൃതം പൊടിയില്‍ മാരകമായ വിഷപദാര്‍ഥങ്ങള്‍ അടങ്ങിയതായും വിദഗ്ധ പരിശോധനയില്‍ കണ്ടെത്തി. എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്ത അമൃതം പൊടിയില്‍ ലിവര്‍ ക്യാന്‍സര്‍ ഉൾപ്പെടെ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുന്ന അഫ്‌ലോടോസ്‌കിന്‍-ബി1 എന്ന രാസവസ്തു കണ്ടെത്തുകയും വിതരണം നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. എറണാകുളം എടക്കാട്ട്‌വയല്‍ കുടുംബശ്രീ യൂനിറ്റില്‍ നിര്‍മിച്ച ഉത്പന്നത്തിലാണ് 2022ല്‍ കാക്കനാട്ടെ റീജ്യനല്‍ അനലിറ്റിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ മാരക രാസവസ്തു കണ്ടെത്തിയത്. പ്രസ്തുത ബാച്ചില്‍ വിതരണം ചെയ്ത അമൃതം പൊടി പാക്കറ്റുകളെല്ലാം തിരിച്ചെടുക്കുകയായിരുന്നു അധികൃതര്‍.

അങ്കണ്‍വാടികളില്‍ സുരക്ഷിതമല്ലാത്ത അമൃതം പൊടി വിതരണം ചെയ്യുന്നതായി 2022ല്‍ നിയമസഭയില്‍ വെച്ച കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2020 സെപ്തംബറില്‍ തിരുവനന്തപുരം, വട്ടിയൂര്‍കാവ്, ആറ്റിങ്ങല്‍, കഴക്കൂട്ടം, വൈക്കം, കൊടുവള്ളി, കാസര്‍കോട് മേഖലകളില്‍ വിതരണം ചെയ്ത 3,556 കിലോ അമൃതം പൊടിയുടെ സാമ്പിളുകള്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍സ് അതോറിറ്റി ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് അവ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയത്. പ്രസ്തുത കാലയളവില്‍ അങ്കണ്‍വാടികളില്‍ വിതരണം ചെയ്ത ബംഗാള്‍ പയറും നിലവാരമില്ലാത്തതാണെന്ന് സി എ ജി റിപോര്‍ട്ടില്‍ പറയുന്നുണ്ട്. സുരക്ഷിതമല്ലെന്ന് അറിഞ്ഞാല്‍ വിതരണം ചെയ്ത പാക്കറ്റുകള്‍ പെട്ടെന്ന് തിരിച്ചെടുക്കേണ്ടതുണ്ട്. ഇക്കാര്യത്തിലും വീഴ്ച സംഭവിച്ചതായി റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

സുരക്ഷിതത്വത്തെ കുറിച്ച് സംശയം ഉയര്‍ന്നാല്‍ പരിശോധന നടത്തേണ്ട സംസ്ഥാനത്തെ ലാബുകളും സജ്ജമല്ലെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഭക്ഷ്യസുരക്ഷാ പരിശോധനയില്‍ നിലവാരമില്ലാത്തതെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് 2022 മെയില്‍ എറണാകുളം മറ്റക്കുഴിയില്‍ നിര്‍മിച്ച 2,195 കിലോഗ്രാം അമൃതം പൊടി ആരോഗ്യവകുപ്പ് അധികൃതര്‍ കുഴിച്ചുമൂടുകയുണ്ടായി.

ശൈശവ ദശയിലുള്ള കുഞ്ഞുങ്ങളുടെ പ്രോട്ടീന്‍ കുറവ് പരിഹരിക്കാനും ശാരീരിക വളര്‍ച്ച ത്വരിതപ്പെടുത്താനുമായി വികസിപ്പിച്ചെടുത്ത ഉത്പന്നമാണ് അമൃതം പൊടി (അമൃതം ന്യൂട്രീമിക്‌സ്). കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ ഡോ. നീലോഫറാണ്, ഗോതമ്പ്, നിലക്കടല, സോയാബീന്‍, കടലപ്പരിപ്പ്, പഞ്ചസാര എന്നിവ ചേര്‍ത്ത് നിര്‍മിക്കുന്ന ഈ ഉത്പന്നത്തിന്റെ ഉപജ്ഞാതാവ്. സാധാരണ പഞ്ചസാര അത്ര ഗുണകരമല്ലാത്തതിനാല്‍, പകരം തേങ്ങയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന പഞ്ചസാരയാണ് മധുരത്തിനായി ഇതില്‍ ചേര്‍ക്കുന്നത്. സംയോജിത ശിശുവികസന പദ്ധതി (ഐ സി ഡി എസ്)യുടെ ഭാഗമായി സാമൂഹിക ക്ഷേമ വകുപ്പിനു കീഴില്‍ കുടുംബശ്രീ മിഷനാണ് അമൃതം പൊടിയുടെ നിര്‍മാണച്ചുമതല. ആറ് മാസം മുതല്‍ മൂന്ന് വയസ്സ് വരെയുള്ള കുഞ്ഞുങ്ങള്‍ക്കായി ഐ സി ഡി എസ് അങ്കണ്‍വാടികള്‍ മുഖേനയാണ് ഇതിന്റെ വിതരണം. ഒരു ശിശുവിന് മൂന്നര കിലോഗ്രാം വീതം സംസ്ഥാനത്തെ ആറ് ലക്ഷത്തോളം കുട്ടികള്‍ക്ക് ഇത് നല്‍കി വരുന്നുണ്ട്.

ചെറിയ കുഞ്ഞുങ്ങള്‍ക്ക് നല്‍കാനുള്ള ഭക്ഷ്യവസ്തുവെന്ന നിലയില്‍ അതീവ ശ്രദ്ധയോടെയും ഉത്തരവാദിത്വ ബോധത്തോടെയുമായിരിക്കണം അമൃതം പൊടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ പല നിര്‍മാണ കേന്ദ്രങ്ങളിലും തികഞ്ഞ അശ്രദ്ധയോടെയും നിരുത്തരവാദപരമായുമാണ് ഇത് തയ്യാറാക്കുന്നതെന്ന് പല സംഭവങ്ങളും ബോധ്യപ്പെടുത്തുന്നു. കടല, ഗോതമ്പ് തുടങ്ങി പൊടിയില്‍ ചേര്‍ക്കേണ്ട വസ്തുക്കള്‍, പൊടിമില്ലിലേക്ക് കൈമാറുന്നതിന് മുമ്പ് ക്ലീനിംഗ് മെഷീന്‍ മുഖേനയോ കുടുംബശ്രീ പ്രവര്‍ത്തകര്‍ പരിശോധിച്ചോ മാലിന്യമുക്തമാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. പൊടിച്ച ശേഷം പേക്ക് ചെയ്യുന്നതു വരെയുള്ള പ്രവൃത്തികളും മാലിന്യമുക്തമായ അന്തരീക്ഷത്തില്‍ ശ്രദ്ധയോടെ നിര്‍വഹിക്കണം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നവരെ കര്‍ശനമായ ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കേണ്ടതാണ്. വിതരണം ചെയ്ത പൊടി സുരക്ഷിതമല്ലെന്നു കണ്ടാല്‍ തിരിച്ചെടുക്കുന്നതിലപ്പുറമുള്ള നിയമ നടപടികളൊന്നും സ്വീകരിക്കുന്നില്ല നിലവില്‍.

Latest