editorial
കുടിവെള്ളം മുട്ടിച്ച് മദ്യം ഒഴുക്കണോ?
ജനതാത്പര്യം മാനിച്ചായിരിക്കണം ജനകീയ ഭരണകൂടങ്ങൾ ഏതൊരു പദ്ധതിക്കും മുന്നിട്ടിറങ്ങേണ്ടത്. കേരളീയ സംസ്‌കാരത്തിനും ജനതാത്പര്യത്തിനും ഹാനികരമാണ് എലപ്പുള്ളി ബ്രൂവറി. ഈ സംരംഭത്തിൽ നിന്ന് സർക്കാർ പിന്തിരിയേണ്ടിയിരിക്കുന്നു.

പാലക്കാട് എലപ്പുള്ളി ബ്രൂവറി- ഡിസ്റ്റിലറി യൂനിറ്റിന് അനുമതി നൽകിയ സർക്കാർ നടപടിയിൽ കേരളീയ സമൂഹം കടുത്ത ആശങ്കയിലാണ്. സംസ്ഥാനത്തെ 74 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ബിയർ- വൈൻ പാർലറുകൾ സ്ഥാപിക്കാൻ അനുമതി നൽകിയതിന് പിന്നാലെ, എലപ്പുള്ളി ബ്രൂവറി കൂടി സ്ഥാപിതമാകുന്നതോടെ കേരളത്തിൽ മദ്യത്തിന്റെ ഒഴുക്ക് ശക്തിപ്പെടുകയും ജനജീവിതം കൂടുതൽ ദുസ്സഹമാകുകയും ചെയ്യുമെന്ന് ഭയപ്പെടുന്നു. മദ്യത്തിന്റെ ഒഴുക്കും ലഹരിയുടെ വ്യാപനവും കാരണം സംസ്ഥാനത്ത് ക്രമസമാധാനം ആകെ തകർന്ന അവസ്ഥയിലാണ്. അടിക്കടി റിപോർട്ട് ചെയ്യപ്പെടുന്ന നിഷ്ഠുര കൊലപാതങ്ങളുടെയും സ്ത്രീപീഡനത്തിന്റെയും റോഡപകടങ്ങളിലെ വൻവർധനയുടെയും പിന്നിലെ വില്ലൻ ലഹരിയാണെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയതാണ്.
മധ്യപ്രദേശിലെ ധാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യത്തെ വൻകിട സ്പിരിറ്റ്- മദ്യനിർമാണ കമ്പനിയായ ഓയാസിസ് ഡിസ്റ്റിലറീസ് ലിമിറ്റഡിനാണ് എലപ്പുള്ളിയിൽ കമ്പനി തുടങ്ങാൻ സർക്കാർ അനുമതി നൽകിയത്. ജലലഭ്യത, പരിസ്ഥിതി പ്രശ്‌നം, സുരക്ഷ എന്നിവ സംബന്ധിച്ച ജില്ലാ അധികൃതരുടെ റിപോർട്ടിന്റെ അടിസ്ഥാനത്തിൽ അപേക്ഷകന്റെ പ്രവൃത്തി പരിചയം, സാമ്പത്തിക ശേഷി എന്നിവ പരിഗണിച്ച് എക്‌സൈസ് കമ്മീഷണർ നൽകുന്ന ശിപാർശയിലായിരിക്കണം ബ്രൂവറി, ഡിസ്റ്റിലറികൾ അനുവദിക്കേണ്ടതെന്നാണ് ചട്ടം. എന്നാൽ ഈ വ്യവസ്ഥകളെല്ലാം ഒഴിവാക്കി എക്‌സൈസ് വകുപ്പ് നേരിട്ട് വിവരങ്ങൾ ശേഖരിച്ച് ഒയാസിസിന്റെ അപേക്ഷയിൽ അതിവേഗം അനുമതി നൽകുകയാണുണ്ടായത്.
കമ്പനി പ്രവർത്തനത്തിന് ആവശ്യമായ ജലം ഭൂമിയിൽ നിന്ന് ഊറ്റിയെടുക്കുമ്പോൾ ജനങ്ങളുടെ കുടിവെള്ളത്തെ ബാധിക്കും. അഞ്ച് ഏക്കർ സ്ഥലത്ത് മഴവെള്ള സംഭരണ കേന്ദ്രം സ്ഥാപിച്ച് അതിന്റെ സഹായത്താലാണ് കമ്പനി പ്രവർത്തിക്കുകയെന്നാണ് ഒയാസിസ് അവകാശപ്പെടുന്നതെങ്കിലും പ്രവർത്തനം തുടങ്ങിക്കഴിയുമ്പോൾ ഈ വ്യവസ്ഥയെല്ലാം മറന്ന് കമ്പനി ഭൂമിയിൽ നിന്ന് ജലം ഊറ്റിത്തുടങ്ങും. മഴക്കുഴികളിൽ നിന്നുള്ള വെള്ളം തികഞ്ഞില്ലെങ്കിൽ വാട്ടർ അതോറിറ്റിയുടെ അനുമതിയോടെ മലമ്പുഴ ഡാമിൽ നിന്ന് വെള്ളമെടുക്കുമെന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എലപ്പുള്ളി പഞ്ചായത്ത് സാരഥികൾ അഭിപ്രായപ്പെട്ടതു പോലെ ഇതിനു പുറമെ കുഴൽക്കിണർ കുഴിച്ച് ഭൂഗർഭ ജലം ഊറ്റിയെടുക്കുകയും ചെയ്യും.
ബ്രൂവറി നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുമെന്നത് പ്രതിപക്ഷത്തിന്റെ അടിസ്ഥാനരഹിതമായ ഒരാരോപണമല്ല. ഇടതുമുന്നണി ഘടകകക്ഷിയായ സി പി ഐയുടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും ജനങ്ങളുടെ കുടിവെള്ളത്തെ ബാധിക്കുന്ന ഒരു പദ്ധതിയെയും സി പി ഐ പിന്തുണക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പൊതുവെ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പാലക്കാട് ജില്ലയിൽ ജലലഭ്യത ഏറ്റവും കുറഞ്ഞ പ്രദേശമാണ് കമ്പനി സ്ഥാപിതമാകുന്ന എലപ്പുള്ളി. പതിനായിരത്തിലധികം പേർ താമസിക്കുന്ന എലപ്പുള്ളിയിൽ ഇതിനകം കുഴിച്ച അഞ്ഞൂറിലധികം കുഴൽക്കിണറുകളിൽ നാനൂറിൽ താഴെ കിണറുകളിൽ മാത്രമേ നിലവിൽ വെള്ളം ലഭിക്കുന്നുള്ളൂ. ഇത്തരമൊരു പ്രദേശത്ത് ജലമൂറ്റുന്ന ഒരു കമ്പനി പ്രവർത്തിച്ചു തുടങ്ങിയാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും. പാലക്കാട് ജില്ലയിൽ നേരത്തേ ചിറ്റൂർ ഷുഗേഴ്‌സ്, മലബാർ ഡിസ്റ്റിലറീസ് എന്നീ രണ്ട് സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് പ്രവർത്തനാനുമതി ലഭിച്ചതാണ്. ആവശ്യത്തിന് ജലം ലഭിക്കാത്തതാണ് പ്രസ്തുത കമ്പനികൾ പ്രവർത്തനം തുടങ്ങാതിരിക്കാൻ കാരണമെന്നതും ശ്രദ്ധേയമാണ്.
ബ്രൂവറി വിവാദം ചൂടുപിടിക്കുമ്പോൾ രണ്ട് പതിറ്റാണ്ട് മുമ്പ് നടന്ന പ്ലാച്ചിമട സമരം ഒാർമയിലെത്തുക സ്വാഭാവികം. ആഗോളശ്രദ്ധ പിടിച്ചുപറ്റിയ ഈ അവകാശ സമരവും കുടിവെള്ളത്തെ ചൊല്ലിയായിരുന്നു. നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച കൊക്കോകോള കമ്പനിക്കെതിരെ സി കെ ജാനുവിന്റെ നേതൃത്വത്തിൽ ആദിവാസികൾ തുടക്കം കുറിക്കുകയും പിന്നീട് മുഖ്യധാരാ പാർട്ടികൾ പിന്തുണക്കുകയും ചെയ്ത ആ പ്രക്ഷോഭത്തെ തുടർന്ന് 2000ത്തിൽ പ്രവർത്തനമാരംഭിച്ച, ലോകമെമ്പാടും 900ത്തിലധികം ഫാക്ടറി ഔട്ട്‌ലെറ്റുകളുള്ള ആഗോള ഭീമൻ കമ്പനിക്ക് 2004 മാർച്ചിൽ പ്ലാച്ചിമടയിലെ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നു. വി എസ് അച്യുതാനന്ദനുൾപ്പെടെ സി പി എം നേതാക്കളും അന്ന് പ്ലാച്ചിമട സമരത്തെ പിന്തുണച്ചിരുന്നു. ഓയാസിസിന്റെ നിർദിഷ്ട ബ്രൂവറി- ഡിസ്റ്റിലറി കമ്പനി സ്ഥാപിതമായാൽ എലപ്പുള്ളിയിലും പ്ലാച്ചിമട മോഡൽ ജനകീയ സമരം ഉയർന്നുവരാനുള്ള സാധ്യത അധികൃതർ മുൻകൂട്ടി കാണേണ്ടതുണ്ട്.
കമ്പനി വന്നാൽ അത് സംസ്ഥാനത്തെ കർഷകർക്കും തൊഴിൽരഹിതർക്കും ഉപകാരപ്രദമായിരിക്കുമെന്നാണ് സർക്കാർ വാദം. ഉപയോഗശൂന്യമായ അരി, വെജിറ്റബിൾ വേസ്റ്റ്, മരച്ചീനി, ഗോതമ്പ്, ചോളം, സ്വീറ്റ് പൊട്ടാറ്റോ തുടങ്ങിയ കാർഷികോത്പന്നങ്ങൾ ഉപയോഗിച്ചാണത്രെ ബ്രൂവറിയിൽ സ്പിരിറ്റ് നിർമിക്കുക. 600 പേർക്ക് നേരിട്ടും 2,000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കി. 200 പ്രദേശവാസികൾക്ക് തൊഴിൽ നൽകുമെന്ന് കമ്പനി അധികൃതരും അവകാശപ്പെടുന്നുണ്ട്. കമ്പനി സ്ഥാപിക്കുന്ന എലപ്പുള്ളിയിലുള്ളവർക്കായിരിക്കും തൊഴിലിന്റെ കാര്യത്തിൽ മുൻഗണനയെന്നും കമ്പനി പറയുന്നു. ഇത് പ്രാദേശികമായ എതിർപ്പ് മറികടക്കാനുള്ള തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്. ഈ അവകാശവാദങ്ങളത്രയും യാഥാർഥ്യമായാൽ തന്നെയും പ്രദേശത്തുകാരുടെ കുടിവെള്ളം മുട്ടിച്ച് സംസ്ഥാനത്ത് മദ്യമൊഴുക്കാൻ അവസരമൊരുക്കുന്നതിന്റെ പ്രത്യാഘാതം കണ്ടില്ലെന്ന് നടിക്കാനാകുമോ?
ജനതാത്പര്യം മാനിച്ചായിരിക്കണം ജനകീയ ഭരണകൂടങ്ങൾ ഏതൊരു പദ്ധതിക്കും മുന്നിട്ടിറങ്ങേണ്ടത്. കേരളീയ സംസ്‌കാരത്തിനും ജനതാത്പര്യത്തിനും ഹാനികരമാണ് എലപ്പുള്ളി ബ്രൂവറി. ഈ സംരംഭത്തിൽ നിന്ന് സർക്കാർ പിന്തിരിയേണ്ടിയിരിക്കുന്നു.