articles
ജോലിസമയം വർധിപ്പിക്കണോ
സാമ്പത്തിക വളർച്ചയെന്നാൽ മൂലധനത്തിന്റെയും ലാഭത്തിന്റെയും അനിയന്ത്രിതമായ വളർച്ചയും അതിന്റെ അഭൂതപൂർണമായ കേന്ദ്രീകരണവുമാണെന്ന ധാരണ രൂഢമൂലമായിരിക്കുന്നു. ആ വളർച്ച നിർബാധം തുടരുന്നതിന് കൂടുതൽ കഠിനമായി അധ്വാനിക്കാൻ പണിയെടുക്കുന്നവർ തയ്യാറാകണമെന്നാണ് കോർപറേറ്റ് മുതലാളിത്തവും അവരുടെ താത്പര്യ സംരക്ഷകരായ ഭരണകൂടവും ആവശ്യപ്പെടുന്നത്.
അടിമ- ഉടമ സമ്പ്രദായത്തിലും മധ്യകാലഘട്ടത്തിലും ഫ്യൂഡലിസ്റ്റ് വ്യവസ്ഥിതിയിലും കൊളോണിയൽ കാലഘട്ടങ്ങളിലുമെല്ലാം അവകാശങ്ങൾ നിഷേധിക്കപ്പെട്ട പകലന്തിയോളം പണിയെടുക്കുന്ന ജനതയാണുണ്ടായിരുന്നത്. നമ്മുടെ നാട്ടിലെ ജന്മി- മാടമ്പി വർഗം പാവപ്പെട്ട കീഴ്ജാതിക്കാരായ തൊഴിലാളികളെ മൃഗതുല്യരായി കാണുകയും നിർബന്ധിച്ച് പണിയെടുപ്പിക്കുകയും ചെയ്തിരുന്നു. ഇവർക്ക് നിശ്ചിതമായ കൂലി സമ്പ്രദായം പോലും ഇല്ലായിരുന്നു. ഈ സ്ഥിതി ലോകത്തിലെ മറ്റു പല രാജ്യങ്ങളിലും ഈ കാലഘട്ടങ്ങളിൽ ഉണ്ടായിരുന്നു. ഇതിനെതിരെ നടന്ന ഐതിഹാസികമായ പോരാട്ടങ്ങൾ ലോക ചരിത്രത്തിന്റെ ഭാഗമാണ്. യൂറോപ്പിലെ വ്യവസായ വിപ്ലവവും ആ കാലഘട്ടത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളുമാണ് ജോലിസമയം നിശ്ചയിച്ചുകിട്ടുന്നതിനുള്ള പ്രക്ഷോഭണങ്ങൾ അലയടിച്ചുയരാൻ കാരണമായത്. എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിശ്രമം, എട്ട് മണിക്കൂർ വിനോദം എന്ന മുദ്രാവാക്യവുമായി അമേരിക്കയിലെ ചിക്കാഗോയിൽ തൊഴിലാളികൾ ഉയർത്തിയ രക്തരൂക്ഷിത പ്രക്ഷോഭം ആ കാലഘട്ടത്തിലെ പണിയെടുക്കുന്ന ജനകോടികളുടെയാകെ വികാരപ്രകടനം തന്നെയായിരുന്നു.
നിർഭാഗ്യവശാൽ ഒരു പരിധിവരെ ലോകം അംഗീകരിച്ച ഈ മഹത്തായ തത്ത്വത്തിന് നേരെയുള്ള കൊലവിളിയാണ് ഇന്ന് ലോകത്തെ വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്. ജോലിസമയം ഏതാണ്ട് ഇരട്ടിയായി ഉയർത്തണമെന്ന അഭിപ്രായമടക്കം ഈ കാലഘട്ടത്തിൽ ആദ്യം പുറത്തുവിട്ടത് ലോക കോർപറേറ്റ് മുതലാളിത്തത്തിന്റെ പുതിയ സാമ്രാട്ട് ഇലോൺ മസ്‌കും ചൈനയുടെ ജാക്ക് മായുമായിരുന്നു. ജോലിസമയം ഗണ്യമായി വർധിപ്പിക്കണമെന്ന ഇവരുടെ ആവശ്യമാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ വൻകിട കുത്തക മുതലാളികൾ ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യയിലെ കുത്തക വ്യവസായികളും ഭരണകൂടവും തൊഴിൽസമയം വർധിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ ഇതിനകം ശക്തമായി തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ്.
ഈ ലക്ഷ്യത്തിലാണ് രാജ്യത്തെ പുതിയ തൊഴിൽകോഡുകൾ സർക്കാർ പാസ്സാക്കിയെടുത്തിട്ടുള്ളതെന്ന കാര്യം പകൽപോലെ വ്യക്തമാണ്. കേന്ദ്രം പാസ്സാക്കിയ പുതിയ തൊഴിൽകോഡുകൾ തൊഴിലാളികളുടെയും ജനങ്ങളുടെയും ശക്തമായ എതിർപ്പുമൂലം ഇതുവരെ നടപ്പാക്കിത്തുടങ്ങിയിട്ടില്ല. എന്നാൽ ജോലിസമയം ഗണ്യമായി വർധിപ്പിച്ചുകൊണ്ടുള്ള ബില്ലുകൾ കേന്ദ്ര ഭരണകക്ഷിയുടെ നേതൃത്വത്തിലുള്ള പല സംസ്ഥാന സർക്കാറുകളും ഇതിനകം പാസ്സാക്കിയെടുത്തിട്ടുണ്ട്. ജോലിസമയം പ്രതിദിനം 12 മണിക്കൂർ ആക്കണമെന്നതടക്കമുള്ള നിർദേശമാണ് ഈ സംസ്ഥാന ബില്ലുകളിലുള്ളത്.
ഏറ്റവും ഒടുവിൽ, തൊഴിൽസമയം ആഴ്ചയിൽ 90 മണിക്കൂറായി വർധിപ്പിക്കണമെന്ന് ലാർസൺ ആൻഡ് ടൂബ്രോ (എൽ ആൻഡ് ടി) ചെയർമാൻ എസ് എൻ സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടിരിക്കുകയാണ്. തൊഴിൽസമയം ആഴ്ചയിൽ 70 മണിക്കൂറാക്കാൻ നിയമം കൊണ്ടുവരണമെന്ന് ഇൻഫോസിസ് തലവനായിരുന്ന എൻ ആർ നാരായണ മൂർത്തി ആവശ്യപ്പെട്ടിരുന്നു. ബി ജെ പി സർക്കാറിന്റെ ഒത്താശയോടെ ഇന്ത്യൻ തൊഴിലാളികളുടെ രക്തവും വിയർപ്പും പിഴിഞ്ഞെടുക്കാൻ കോർപറേറ്റ് തലവന്മാർ മത്സരിക്കുകയാണ്. നമ്മുടെ രാജ്യത്തെ സംഘടിത മേഖലയിലെ സ്ഥിരം തൊഴിലാളികൾ പോലും ചൈന, അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയ ഉത്പാദനക്ഷമത ഉയർന്ന തലങ്ങളിലെ തൊഴിലാളികളേക്കാൾ കൂടുതൽ സമയം പണിയെടുക്കുന്നവരാണ്. ജോലിസമയം വർധിപ്പിക്കുന്നത് തൊഴിലാളികളുടെ ആരോഗ്യത്തെയും സാമൂഹിക ജീവിതത്തെയും വിനാശകരമായി ബാധിക്കും. കൊള്ളലാഭം കൊയ്യാനായി തൊഴിൽസമയം വർധിപ്പിച്ചും ജോലിഭാരം അടിച്ചേൽപ്പിച്ചും ഇന്ത്യയിലെ തൊഴിലാളികളെ കൊടിയ ചൂഷണത്തിന് വിധേയരാക്കുകയാണ്. 2022ൽ 11,486 തൊഴിലാളികൾ ആത്മഹത്യ ചെയ്തുവെന്നാണ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോ റിപോർട്ട് ചെയ്തിരിക്കുന്നത്. അമിത ജോലിഭാരവും വിശ്രമരാഹിത്യവുമാണ് ഈ ദുരവസ്ഥക്ക് പ്രധാന കാരണം.
അധികമായി ചേർത്ത മൊത്തം മൂല്യത്തിൽ വേതനവിഹിതം 1990- 1991ൽ 27.6 ശതമാനമായിരുന്നത് 2022- 2023ൽ 15.94 ശതമാനമായി ഇടിഞ്ഞു. ലാഭത്തിന്റെ വിഹിതം ഇക്കാലയളവിൽ 19.06 ശതമാനത്തിൽ നിന്ന് 51.92 ശതമാനമായി വർധിച്ചെന്നും വ്യവസായ മേഖലയെകുറിച്ചുള്ള വാർഷിക സർവേയിൽ വ്യക്തമാക്കുന്നു. ഇതിനുപുറമേ തൊഴിലില്ലായ്മയും വൻതോതിൽ പെരുകുകയാണ്. വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂനിയൻ ആവശ്യപ്പെടുന്ന പ്രകാരം പ്രതിദിന തൊഴിൽസമയം ഏഴ് മണിക്കൂറായി പ്രഖ്യാപിക്കണമെന്നും ആഴ്ചയിൽ പ്രവൃത്തി ദിവസം അഞ്ചാക്കണമെന്നും വ്യാപകമായ ആവശ്യം ഇതിനകം ഉയർന്നിട്ടുണ്ട്.
സാമ്പത്തിക വളർച്ചയെന്നാൽ മൂലധനത്തിന്റെയും ലാഭത്തിന്റെയും അനിയന്ത്രിതമായ വളർച്ചയും അതിന്റെ അഭൂതപൂർണമായ കേന്ദ്രീകരണവുമാണെന്ന ധാരണ രൂഢമൂലമായിരിക്കുന്നു. ആ വളർച്ച നിർബാധം തുടരുന്നതിന് കൂടുതൽ കഠിനമായി അധ്വാനിക്കാൻ പണിയെടുക്കുന്നവർ തയ്യാറാകണമെന്നാണ് കോർപറേറ്റ് മുതലാളിത്തവും അവരുടെ താത്പര്യ സംരക്ഷകരായ ഭരണകൂടവും ആവശ്യപ്പെടുന്നത്. ഉത്പാദനവും ലാഭവും വർധിപ്പിക്കുന്നതിന് കൂടുതൽ അധ്വാനശേഷി ആവശ്യമാണെന്ന വസ്തുത അംഗീകരിക്കലാണ് തൊഴിൽസമയം വർധിപ്പിക്കണമെന്ന തൊഴിലുടമകളുടെ ആവശ്യത്തിലൂടെ വ്യക്തമാകുന്നത്.
ലോകം അംഗീകരിച്ച എട്ട് മണിക്കൂർ തൊഴിൽ സമയത്തേക്കാൾ 22 മുതൽ 42 മണിക്കൂർ വരെ അധികം പണിയെടുക്കാൻ തൊഴിലാളി തയ്യാറാകണമെന്നാണ് കോർപറേറ്റ് തൊഴിലുടമകൾ ആവശ്യപ്പെടുന്നത്. അതിനായി പുതിയ തൊഴിൽ ശക്തിയെ വിന്യസിക്കുന്നതിനും അതിന് കൂലി നൽകുന്നതിനും പകരം തൊഴിൽ ചൂഷണം നിർദയം മനുഷ്യത്വരഹിതമായി തുടരാമെന്ന കോർപറേറ്റ് മുതലാളിത്ത വ്യാമോഹമാണ് സുബ്രഹ്മണ്യത്തിലൂടെയും നാരായണമൂർത്തിയിലൂടെയും പുറത്തുവരുന്നത്.
വാസ്തവത്തിൽ രാജ്യത്തിന്റെ പുരോഗതിയെയും സാമ്പത്തിക വളർച്ചയെയും തടസ്സപ്പെടുത്തുന്ന ഘടകങ്ങൾ എന്തൊക്കെയാണ്? നടപ്പുവർഷം രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കുറയുമെന്നാണ് ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസിന്റെ നിഗമനം. നാല് വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. സ്വകാര്യ നിക്ഷേപമേഖലയിലെ ഇടിവും ഉപഭോക്തൃ ഉത്പന്ന മേഖലയിലെ മാറ്റവുമാണ് ഇതിന് പ്രധാന കാരണം. വിപണിയിൽ ഉത്പന്നങ്ങൾ കെട്ടിക്കിടക്കുകയാണ്. വാങ്ങാൻ ജനങ്ങളുടെ കൈയിൽ പണമില്ല. കഴിഞ്ഞ അഞ്ച് വർഷം സ്വകാര്യമേഖലയിൽ പണിയെടുക്കുന്നവരുടെ യഥാർഥ വരുമാനത്തിൽ വർധന ഉണ്ടായിട്ടില്ലെന്ന് ആധികാരിക റിപോർട്ടുകൾ വ്യക്തമാക്കുന്നു. ശമ്പളത്തിൽ നാമമാത്രവർധന ഉണ്ടാകുമെങ്കിലും ഉയർന്ന വിലക്കയറ്റം കാരണം അതൊന്നും പ്രയോജനം ചെയ്യുന്നില്ല. തൊഴിൽരംഗം വ്യാപകമായി കരാർവത്കരിക്കപ്പെട്ടതോടെ ജീവനക്കാർ അത്യാവശ്യ ചെലവുകൾ മാത്രമാണ് നിർവഹിക്കുന്നത്.
രൂക്ഷമാകുന്ന തൊഴിലില്ലായ്മയും കൂടിയായതോടെ വിപണി സജീവമാകുന്നില്ല. നോട്ട് നിരോധനവും അശാസ്ത്രീയ ജി എസ് ടി വരുത്തിയ ആഘാതങ്ങളും വിട്ടുമാറിയിട്ടില്ല.
ജോലി ചെയ്യുന്ന മണിക്കൂറുകളിലല്ല, ഗുണനിലവാരത്തിലാണ് കാര്യമെന്ന് പറയുന്ന ചില വ്യവസായികളുമുണ്ട്. ജോലിചെയ്യുന്ന മണിക്കൂറുകൾ വർധിപ്പിക്കാതെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് വേണ്ടത് എന്ന് ആനന്ദ് മഹീന്ദ്ര പറയുന്നു. കഴിയുമെങ്കിൽ ഞാറാഴ്ചയും ജോലി ചെയ്യണമെന്നും ഭാര്യയെ നോക്കി എത്രനേരമാണ് ഇരിക്കാൻ കഴിയുകയെന്നുമുള്ള എസ് എൻ സുബ്രഹ്മണ്യത്തിന്റെ അഭിപ്രായങ്ങൾ വ്യാപകമായ ചർച്ച ഉയർത്തിയിട്ടുണ്ട്.
സ്‌നേഹമയിയായ ഭാര്യയെ നോക്കിയിരിക്കാൻ തനിക്ക് ഇഷ്ടമാണെന്ന് വ്യവസായി ആനന്ദ് മഹീന്ദ്ര ഇതിന് മറുപടി നൽകുന്നു. ഞാറാഴ്ചകളിൽ ഭാര്യയെ നോക്കിയിരിക്കാൻ താനും ഇഷ്ടപ്പെടുന്നതായി വ്യവസായി അഡാർ പുണെവാലെയും വ്യക്തമാക്കിയിട്ടുണ്ട്. ജോലിയും കുടുംബവും തുല്യപരിഗണനയിൽ കൊണ്ടുപോയില്ലെങ്കിൽ പങ്കാളികൾ നമ്മെ വിട്ടുപോകുമെന്ന് വ്യവസായി ഗൗതം അദാനിയും വ്യക്തമാക്കി. ജോലിയും കുടുംബവും ഓരോരുത്തരുടെയും വ്യക്തിപരമായ തിരഞ്ഞെടുക്കലാണ്. ഒരിക്കലും ഒരാളുടെ തീരുമാനം മറ്റൊരാളിൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് അദാനി പറയുന്നു.
ആഴ്ചയിൽ 55 മണിക്കൂറിൽ കൂടുതൽ പണിയെടുക്കുന്നവർക്ക് പക്ഷാഘാതം, ഹൃദയാഘാതം എന്നിവക്ക് സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനാ റിപോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പണിയെടുത്ത് തളർന്നവർക്ക് കാര്യക്ഷമത ഉറപ്പാക്കാൻ കഴിയില്ലെന്നതാണ് ശരി. വിശ്രമവും വിനോദവും അനിവാര്യമാണ്. വിശ്രമമില്ലായ്മ ഗുണത്തെക്കാളേറെ ദേഷമായിരിക്കും തൊഴിലാളിക്കും വ്യവസായത്തിനും ഉണ്ടാക്കുക.
എല്ലുമുറിയെ പണിയെടുത്ത് ഉപജീവനം കഴിക്കുന്ന സാധാരണക്കാരായ പാവപ്പെട്ട തൊഴിലാളിവർഗത്തിന്റെ ശക്തി ലോകത്തൊട്ടാകെ ക്ഷയിക്കുകയാണെന്നതിന്റെ തെളിവാണ് ഇക്കൂട്ടർക്കെതിരായുള്ള പുതിയ കടന്നാക്രമണങ്ങൾ. യൂറോപ്പിലും ഏഷ്യയിലും അമേരിക്കൻ ഭൂഖണ്ഡത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും അവകാശങ്ങൾ നേടിയെടുക്കുന്നതിനായി തൊഴിലാളികൾ നടത്തുന്ന യോജിച്ച പ്രക്ഷോഭങ്ങളെ വിസ്മരിച്ചുകൊണ്ടല്ല ഇതുപറയുന്നത്. ഇടതുപക്ഷവിരുദ്ധരും തീവ്ര വലതുപക്ഷക്കാരും വിവിധ രാജ്യങ്ങളിൽ ഇന്ന് അധികാരത്തിലാണ്. തൊഴിലാളി വർഗത്തിന്റെ വികാരം ഇക്കൂട്ടർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. അതിന്റെ ദുരന്തഫലം തന്നെയാണ് തൊഴിൽസമയം ഗണ്യമായി വർധിപ്പിക്കാൻ നമ്മുടെ രാജ്യത്തടക്കം നടക്കുന്ന കരുതിക്കൂട്ടിയുള്ള നീക്കങ്ങൾ.
തൊഴിൽസമയം നീതീകരണമില്ലാതെ വർധിപ്പിക്കാനും തൊഴിലാളികളുടെ വേതനവും ആനുകൂല്യങ്ങളും വെട്ടിക്കുറക്കാനുമുള്ള കരുനീക്കങ്ങൾ വിവിധ രാജ്യങ്ങളിൽ നടക്കുകയാണ്. അതുകൊണ്ട് തന്നെ തൊഴിലാളിവിരുദ്ധവും ജനവിരുദ്ധവുമായ ഈ നടപടികൾക്കെതിരായി തൊഴിലാളികളാകെ ബോധപൂർവം മുന്നോട്ട് പോകേണ്ടതായിട്ടുണ്ട്. ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന തൊഴിലാളി വർഗം ഇന്ത്യയിലാണുള്ളത്. പുതിയ കരുനീക്കങ്ങൾക്കെതിരെ ഇന്ത്യൻ തൊഴിലാളികൾ തികഞ്ഞ ജാഗ്രത പാലിക്കേണ്ട സമയമാണിത്.