Editors Pick
പ്രഭാതത്തിൽ ആപ്പിൾ സിഡർ വിനഗർ കഴിക്കണോ?
ആപ്പിള്‍ സിഡര്‍ വിനഗറിന്റെ പരിമിതമായ ഉപയോഗം ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും നല്ല കൊളസ്‌ട്രോൾ വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്
ദഹനം, ഊർജ്ജം, ശരീരഭാരം കുറയ്ക്കൽ എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യ ഗുണങ്ങൾക്കായി പ്രഭാതത്തിൽ ആപ്പിൾ സിഡർ വിനഗർ ഉപയോഗിക്കുന്നത് ആളുകൾക്കിടയിൽ വർദ്ധിച്ചുവരികയാണ്. ഇത് സാലഡ് ഡ്രെസ്സിംഗുകൾ, മാരിനേഡുകൾ , വിനൈഗ്രെറ്റുകൾ, ഫുഡ് പ്രിസർവേറ്റീവുകൾ, ചട്ണികൾ എന്നിവയിൽ ആണ് സാധാരണയായി ഉപയോഗിക്കുന്നത്. ആപ്പിൾ ചതച്ച ശേഷം നീര് പിഴിഞ്ഞെടുത്താണ് ഇത് നിർമ്മിക്കുന്നത്. ആപ്പിൾ ജ്യൂസ് യീസ്റ്റ് ഉപയോഗിച്ച് പുളിപ്പിച്ച് ജ്യൂസിലെ പഞ്ചസാരയെ എത്തനോള്‍ ആക്കി മാറ്റുകയാണ് ചെയ്യുന്നത്.
ഇതിൽ അസറ്റിക് ആസിഡ് എന്ന ഘടകം അടങ്ങിയിട്ടുണ്ട്. അസറ്റിക് ആസിഡ് രക്തസമ്മർദ്ദം കുറയ്ക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നല്ല ഗുണമേന്മയുള്ള ഓർഗാനിക് ആപ്പിൾ സിഡെർ വിനെഗർ ഉപയോഗിക്കുന്നതാണ് നല്ലത്. ഇതിൽ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ബാക്ടീരിയകളും എൻസൈമുകളും പ്രോട്ടീനുകളും അടങ്ങിയിരിക്കുന്നു.
ആപ്പിള്‍ സിഡര്‍ വിനഗറിന്റെ പരിമിതമായ ഉപയോഗം ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും നല്ല കൊളസ്‌ട്രോൾ വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ബാക്ടീരിയ ഉൾപ്പെടെയുള്ള രോഗാണുക്കളെ ഇല്ലാതാക്കാൻ വിനാഗിരി സഹായിക്കും. ആളുകൾ പരമ്പരാഗതമായി നഖം ഫംഗസ്, പേൻ, അരിമ്പാറ, ചെവി അണുബാധ എന്നിവ ചികിത്സിക്കുന്നതിനും ഇത് ഉപയോഗിച്ച് വരുന്നു.
ടൈപ്പ് 2 പ്രമേഹം പല കാരണങ്ങളാൽ കൈകാര്യം ചെയ്യാൻ പ്രയാസമാണ്, അതിലൊന്നാണ് ഇൻസുലിൻ സംവേദനക്ഷമത. എല്ലാ ദിവസവും ആപ്പിൾ സിഡർ വിനാഗിരി അഥവാ എസിവി കുടിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത നിയന്ത്രിക്കുന്നതിലൂടെ ടൈപ്പ് 2 പ്രമേഹത്തിൽ നിന്നും നിങ്ങളെ രക്ഷിക്കുന്നു.
ആർത്തവമുള്ള സ്ത്രീകൾക്ക് ഉണ്ടാകുന്ന ഏറ്റവും സാധാരണമായ അസുഖങ്ങളിൽ ഒന്നാണ് പിസിഒഎസ് അഥവാ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം. പിസിഒഎസ് ഉള്ള സ്ത്രീകൾക്ക് സാധാരണയായി അസാധാരണമോ നീണ്ടുനിൽക്കുന്നതോ ആയ ആർത്തവ ദിനങ്ങളായിരിക്കും ഉണ്ടാവുക. വന്ധ്യത, പ്രമേഹം, അമിതവണ്ണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുമായി പിസിഒസി ബന്ധപ്പെട്ടിരിക്കുന്നു. സ്ഥിരമായി ആപ്പിൾ സിഡർ വിനഗർ കുടിക്കുന്നതിലൂടെ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും എന്നാണ് വിദഗ്ധർ പറയുന്നത്.
ഈ ഗുണങ്ങളെല്ലാം ആപ്പിൾ സിഡർ വിനഗറിന് ഉണ്ടെങ്കിലും സ്ഥിരമായി ഇത് അമിത അളവിൽ ഉപയോഗിക്കുന്നതും നേർപ്പിക്കാതെ ഉപയോഗിക്കുന്നതും പല്ലിന്റെ ഇനാമൽ ക്ഷയത്തിനും വയറിലെ പ്രശ്നങ്ങൾക്കുമടക്കം കാരണമായേക്കാം.