തെളിയോളം
ഒഴിവാക്കാതെ വഴികാണിച്ചു കൂടെ?
ഒരാളെ തിരുത്തുമ്പോൾ നിങ്ങളുടെ വാക്കുകൾ പ്രകടിപ്പിക്കുന്നതുപോലെ തന്നെ ശബ്ദത്തിലും ശരീരഭാഷയിലും നിങ്ങളുടെ ഹൃദയത്തിന്റെ എല്ലാ വശങ്ങളും പ്രതിഫലിപ്പിക്കുന്നുണ്ട്. പോസിറ്റീവ് ആയ ഫലം പ്രതീക്ഷിച്ചു കൊണ്ട് മനസ്സിലാക്കലിന്റെയും ഉൾക്കൊള്ളലിന്റെയും ശൈലി ഉപയോഗിക്കുക.അവഗണിക്കുക,ഒഴിവാക്കുക പോലുള്ള പ്രതിരോധാത്മക ശരീരഭാഷ ഉപയോഗിക്കുന്നത് നല്ലതല്ല.

ശിഷ്യന്മാർക്കിടയിൽ ഒരു ബഹളം നടക്കുന്നത് കണ്ട ഗുരു എന്താണ് സംഭവിച്ചതെന്ന് അവരോട് ചോദിച്ചു. “അവൻ വീണ്ടും മോഷ്ടിച്ചു,’ ഒരു ശിഷ്യനെ ഗുരുവിന്റെ നേരെ തള്ളിയിട്ടു കൊണ്ട് മറ്റുള്ളവർ പറഞ്ഞു.”അവനോട് ക്ഷമിക്കൂ.’ എന്ന് ഗുരു പറഞ്ഞപ്പോൾ “ഒരിക്കലും പറ്റില്ല. നിങ്ങളുടെ ഉപദേശം കാരണം ഞങ്ങൾ അവനോട് പലതവണ ക്ഷമിച്ചു. ഇനി നിങ്ങൾ അവനെ പുറത്താക്കിയില്ലെങ്കിൽ, ഞങ്ങളെല്ലാം പോകും,’ എന്നായി ശിഷ്യന്മാർ. “നിങ്ങളെല്ലാവരും പോയാലും അവനെ പറഞ്ഞയക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല,’ എന്ന ഗുരുവിന്റെ അക്ഷോഭ്യമായ വാക്കുകൾ കേട്ട് കുറ്റകൃത്യം ചെയ്ത ആ ശിഷ്യൻ ഗുരുവിന്റെ കാൽക്കൽ വീണു കരഞ്ഞു.
ഒരു കുറ്റവാളിക്ക് ഏത് കടുത്ത ശിക്ഷയും നേരിടാനുള്ള ശക്തിയുണ്ട്, എന്നാൽ അപാരമായ കാരുണ്യത്തിനു മുന്നിൽ അവർ പരാജയപ്പെടും. ശിക്ഷകൾ പലപ്പോഴും ഒരു വ്യക്തിയെ കുറ്റം തുടരും വിധം ഉറച്ച മാനസിക നിലയിലാക്കിയേക്കാം. എന്നാൽ യുക്തിക്ക് അതീതമായ കാരുണ്യം അവനെ പിടിച്ചുലക്കാതിരിക്കില്ല. മനുഷ്യരുടെ തെറ്റുകളെ കൈകാര്യം ചെയ്യുമ്പോൾ ദൈവികമായ ഈ ഗുണം ഏറെ പ്രയോജനം ചെയ്യും. കുറ്റം ചെയ്തു എന്ന് കണ്ടെത്തിയ ഒരാളോട് കൂടുതൽ കൂടുതൽ കർക്കശമായി ഇടപെടുകയും അഭിമാനക്ഷതം വരുത്തും വിധം ദണ്ണിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ നൽകുന്ന ഓരോ ശിക്ഷയും കൈകാര്യം ചെയ്യാൻ അയാൾ കൂടുതൽ കൂടുതൽ പ്രാപ്തനാവുകയാണ് ചെയ്യുക.
അനുകമ്പയോടെയുള്ള ഇടപെടൽ അയാളുടെ ഉള്ളുരുക്കുകയും വന്നുപോയ തെറ്റിൽ നിന്ന് കുതിച്ചു കയറാൻ അയാളെ പ്രേരിപ്പിക്കുകയും ചെയ്യും.ആളുകളുടെ മനസ്സിൽ പരിവർത്തനം സംഭവിക്കാൻ സാവകാശം നൽകണം.തെങ്ങ് നടുന്ന ഒരാൾ നാലാമത്തെ ആഴ്ചക്ക് ശേഷം അതിൽ കായ്കൾ ഉണ്ടാകാത്തതിന്റെ പേരിൽ അത് വെട്ടിമാറ്റുകയില്ലല്ലോ. സാമൂഹിക മാറ്റത്തിന് പരിശ്രമിക്കുന്നവർ തനിക്ക് പരിവർത്തിപ്പിക്കാനുള്ളവർ എത്രത്തോളം ആന്തരിക ശേഷിയുള്ളവരാണെന്ന് നോക്കുകയും അവരിൽ ഉണ്ടാക്കേണ്ട മാറ്റം എങ്ങനെ ഫലപ്രാപ്തിയിലെത്തിക്കാമെന്നറിയുകയും വേണം.
ഏതൊരു തിരുത്തലും സൃഷ്ടിപരമായിരിക്കേണ്ടത് പ്രധാനമാണ്.സൗമ്യമായും സ്നേഹത്തോടെയും മൃദുവായ സ്വരത്തിലുമാണത് ചെയ്യേണ്ടത്. ഒരാളെ തിരുത്തുമ്പോൾ നിങ്ങളുടെ വാക്കുകൾ പ്രകടിപ്പിക്കുന്നതുപോലെ തന്നെ ശബ്ദത്തിലും ശരീരഭാഷയിലും നിങ്ങളുടെ ഹൃദയത്തിന്റെ എല്ലാ വശങ്ങളും പ്രതിഫലിപ്പിക്കുന്നുണ്ട്. പോസിറ്റീവ് ആയ ഫലം പ്രതീക്ഷിച്ചു കൊണ്ട് മനസ്സിലാക്കലിന്റെയും ഉൾക്കൊള്ളലിന്റെയും ശൈലി ഉപയോഗിക്കുക.അവഗണിക്കുക, ഒഴിവാക്കുക പോലുള്ള പ്രതിരോധാത്മക ശരീരഭാഷ ഉപയോഗിക്കുന്നത് നല്ലതല്ല.
ഉത്സാഹഭരിതമായ പെരുമാറ്റം നിലനിർത്തി നീരസം കാണിക്കുന്നതിനുപകരം ആ വ്യക്തി നിങ്ങളോട് നന്ദി പറയേണ്ട സാഹചര്യം ഉണ്ടാക്കുന്ന തിരുത്തലാണ് ഉചിതമായത്. സ്വരത്തിനും മൊത്തത്തിലുള്ള അവതരണത്തിനും സൃഷ്ടിപരവും നശീകരണസാധ്യതയുള്ളതുമായ ഫലങ്ങൾ ഉണ്ടാക്കാൻ കഴിയും.സ്വയം കണ്ടെത്താനുള്ള ചോദ്യങ്ങൾ അനുഭാവ പൂർവം ചോദിക്കുന്നത് മാറ്റത്തിലേക്ക് വേഗത്തിൽ പ്രവേശിക്കാൻ ആളുകളെ ശക്തരാക്കും.