Connect with us

revoke sreeram's appointment

ശ്രീറാമിന്റെ ജില്ലാ കലക്ടര്‍ നിയമനം പുനഃപരിശോധിക്കണം

കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നീതിപൂര്‍വമായ നടപടിയുണ്ടാകുമെന്ന സര്‍ക്കാര്‍ വാഗ്ദാനത്തിന്റെ ലംഘനം കൂടിയാണിത്.

Published

|

Last Updated

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറാക്കിയതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്. 2019 ആഗസ്റ്റ് മൂന്നിന്, അന്ന് സര്‍വേ ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ചാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫുമായിരുന്ന കെ എം ബഷീര്‍ മരിച്ചത്. ഈ കേസില്‍ കൊലപാതകക്കുറ്റം ചുമത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണയെ നേരിടുന്ന ശ്രീറാമിനെ ജില്ലാ കലക്ടര്‍ പോലുള്ള ഉന്നത പദവിയില്‍ നിയമിച്ചതിലെ അനൗചിത്യം മാധ്യമ ലോകവും പൊതുസമൂഹവും മാത്രമല്ല, നിയമലോകവും ചോദ്യം ചെയ്യുന്നു. കളങ്കിതനായ, ബശീറിന്റെ കുടുംബത്തോട് മാപ്പ് പറയാന്‍ പോലും വിസമ്മതിക്കുന്ന ഒരു വ്യക്തിയെ ആലപ്പുഴയില്‍ പൊറുപ്പിക്കാനാകില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ജില്ലക്കാര്‍. പ്രതിഷേധം കൊടുമ്പിരിക്കൊള്ളുകയാണ് ജില്ലയില്‍. ഐ എ എസ് തലപ്പത്ത് രണ്ട് ദിവസം മുമ്പ് നടന്ന അഴിച്ചു പണിയിലാണ് ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കലക്ടറായി നിയമിക്കുന്നത്.

ഐ എ എസ് ലോബിയുടെ സ്വാധീനത്തില്‍ തുടക്കം മുതലേ ശ്രീറാമിനെ രക്ഷിക്കാനുള്ള നീക്കങ്ങളാണ് പോലീസ് നടത്തി വന്നത്. അപകട ശേഷം ഡ്രൈവിംഗ് സീറ്റില്‍ നിന്ന് ശ്രീറാം വെങ്കിട്ടരാമന്‍ പുറത്തേക്കിറങ്ങി ബഷീറിന്റെ മൃതദേഹം മാറ്റിക്കിടത്തിയെന്നും ആ സമയം ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പോലീസിന് മൊഴി നല്‍കിയതാണ്. എന്നാല്‍ മദ്യലഹരിയില്‍ വാഹനമോടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന നടത്താതെ സ്വകാര്യാശുപത്രിയില്‍ അഭയം തേടാന്‍ സൗകര്യമൊരുക്കുകയായിരുന്നു പോലീസ്. രക്തത്തില്‍ മദ്യത്തിന്റെ അംശം കാണപ്പെടുന്നത് ഒഴിവാക്കി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വഴിയൊരുക്കുകയായിരുന്നു ലക്ഷ്യം. പൂജപ്പുര ജയിലിലേക്ക് മാറ്റാനൊരുങ്ങിയ ശ്രീറാമിന് ദേഹാസ്വാസ്ഥ്യമുണ്ടെന്നു പറഞ്ഞ് തിരുവനന്തപുരം മെഡി. കോളജിലേക്ക് മാറ്റാന്‍ തീരുമാനിച്ചതും ഒടുവില്‍ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്യാതെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡീലക്‌സ് റൂമില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സുഖമായി കഴിയാന്‍ അവസരമൊരുക്കിയതും പോലീസും ഐ എ എസ് ലോബിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഗുരുതരമായ ഒരു കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടും ശ്രീറാമിനെ ഔദ്യോഗിക പദവിയില്‍ നിന്ന് നീക്കം ചെയ്യുന്നതടക്കമുള്ള നടപടികളും വൈകി. കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പിന്നീട് ശ്രീറാമിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും താമസിയാതെ ആരോഗ്യ വകുപ്പില്‍ കുടുംബക്ഷേമ വകുപ്പ് ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു. വകുപ്പുതല അന്വേഷണത്തില്‍ ക്ലീന്‍ ചിറ്റ് ലഭിച്ചെന്ന ന്യായീകരണത്തിലായിരുന്നു നിയമനം. സംഭവത്തിന്റെ തുടക്കം മുതലേ ശ്രീറാമിനെ രക്ഷിക്കാന്‍ കരുക്കള്‍ നീക്കിയ ഐ എ എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണ നാടകത്തില്‍ അയാള്‍ക്ക് ക്ലീന്‍ചിറ്റ് ലഭിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. നിലവില്‍ കലക്ടറാക്കി നിയമിച്ചതും ഐ എ എസ് അസ്സോസിയേഷന്റെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണെന്നാണ് വിവരം.

പൊതുജനങ്ങളുമായി നേരിട്ടിടപഴകുകയും സംവദിക്കുകയും ചെയ്യേണ്ടതില്ലാത്ത ഒരു തസ്തികയാണ് രണ്ട് വര്‍ഷത്തോളമായി ശ്രീറാം വെങ്കിട്ടരാമന്‍ ജോലി ചെയ്ത കുടുംബക്ഷേമ വകുപ്പ് ജോയിന്റ് സെക്രട്ടറി പദവി. ജില്ലാ കലക്ടര്‍ പദവി വ്യത്യസ്തമാണ്. സദാ ജനങ്ങളുമായി ഇടപഴകുകയും പൊതുസമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ അനുഭാവപൂര്‍വം ഇടപെടുകയും ചെയ്യേണ്ട നിര്‍ണായക പദവി. മാത്രമല്ല, ജില്ലാ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരം കൂടി നിക്ഷിപ്തമാണ് കലക്ടര്‍ പദവിയില്‍. ബന്ധപ്പെട്ട മജിസ്‌ട്രേറ്റിന്റെ അഭാവത്തില്‍ കുറ്റകൃത്യ കേസുകളിലെ പ്രതികളെ ഏഴ് ദിവസം വരെ റിമാന്‍ഡ് ചെയ്യാനുള്ള അധികാരം കലക്ടര്‍ക്കുണ്ട്. ഇത്തരമൊരു തസ്തികയില്‍ ഗുരുതര ആരോപണ വിധേയനായ ഒരാളെ നിയമിച്ചതിലെ സാംഗത്യം മനസ്സിലാക്കാന്‍ പ്രയാസമുണ്ട്.

കൊലപാതക കേസില്‍ ഒന്നാം പ്രതിയായ ഒരു വ്യക്തി, നിരപരാധിയാണെങ്കില്‍ തന്നെ കോടതിയില്‍ നിന്ന് അത് തെളിയുന്നതു വരെ സര്‍വീസില്‍ നിന്ന് പുറത്തു നിര്‍ത്തുന്നതാണ് നീതി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ശ്രീറാമിനെ തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകനായി നിയമിച്ചിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രതിഷേധം ഉയര്‍ന്നതോടെ അയാളെ തിരിച്ചുവിളിക്കുകയുണ്ടായി. തിര. കമ്മീഷന്‍ കാണിച്ച ആ ഔചിത്യബോധം പോലും കാണിച്ചില്ല സംസ്ഥാന സര്‍ക്കാര്‍. കേസിന്റെ പേരില്‍ ഒരു ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് അധിക നാള്‍ മാറ്റിനിര്‍ത്താനാകില്ലെന്നാണ് സസ്‌പെന്‍ഷന്‍ കാലാവധിക്കു ശേഷം ശ്രീറാമിനു പുനര്‍നിയമനം നല്‍കുമ്പോള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞിരുന്ന ന്യായീകരണം. എന്നാല്‍ മജിസ്‌ട്രേറ്റിന്റെ അധികാരമുള്ള കലക്ടര്‍ തസ്തിക നല്‍കണോ വേണ്ടയോ എന്നത് സര്‍ക്കാറിന്റെ നയപരമായ തീരുമാനമാണ്. അതൊഴിവാക്കാമായിരുന്നതേയുള്ളൂ. ജില്ലാ കലക്ടര്‍ പദവിയിലിരിക്കുന്നയാള്‍ക്ക് കേസിലെ സാക്ഷികളെ സ്വാധീനിക്കാനാകുമെന്നതിനാല്‍ കേസ് അട്ടിമറിക്കാന്‍ കൂടി ഇതിടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സിറാജ് മാനേജ്‌മെന്റിന്റെയും പത്രപ്രവര്‍ത്തക യൂനിയന്റെയും ശക്തമായ ഇടപെടലിനെ തുടര്‍ന്ന് അമിതവേഗത, മദ്യപിച്ചുള്ള ഡ്രൈവിംഗ്, തെളിവു നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞ ഫെബ്രുവരിയില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതാണ് പോലീസ്. എങ്കിലും വിവിധ തടസ്സവാദങ്ങള്‍ ഉന്നയിച്ച് കോടതി നടപടികള്‍ നീട്ടിക്കൊണ്ടുപോകുകയാണ് ശ്രീറാം വെങ്കിട്ടരാമന്‍. കോടതി പലതവണ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും പലവിധ ഒഴിവുകള്‍ പറഞ്ഞ് ഒഴിഞ്ഞുമാറി. ഇത്തരമൊരു വ്യക്തിയെ ജില്ലാ കലക്ടര്‍ പദവിയില്‍ നിയമിച്ചത് ജനങ്ങളോടും നിയമ വ്യവസ്ഥയോടും നീതിസംവിധാനത്തോടുമുള്ള വെല്ലുവിളിയാണ്. ബശീറിനോടും കുടുംബത്തോടും നീതിക്കു വേണ്ടി ശബ്ദമുയര്‍ത്തുന്ന സമൂഹത്തോടുമല്ല, കുറ്റവാളിയും കളങ്കിതനുമായ ശ്രീറാമിനോടാണ് സര്‍ക്കാറിന് കൂറും പ്രതിബദ്ധതയുമെന്നാണ് ഇത് വിരല്‍ ചൂണ്ടുന്നത്. കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നീതിപൂര്‍വമായ നടപടിയുണ്ടാകുമെന്ന സര്‍ക്കാര്‍ വാഗ്ദാനത്തിന്റെ ലംഘനം കൂടിയാണിത്.

---- facebook comment plugin here -----

Latest