Connect with us

Kerala

ദുരിതാശ്വാസ നിധിയില്‍ ശ്രീറാമിന്റെ നിയമനം: സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക വിമര്‍ശം

നടപടി പ്രതിഷേധാര്‍ഹം; നിയമവിരുദ്ധ പ്രവൃത്തിക്ക് തുല്യം ചാര്‍ത്തലാകും: കേരള മുസ്്ലിം ജമാഅത്ത്

Published

|

Last Updated

തിരുവനന്തപുരം | കെ എം ബഷീറിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച പരാതി പരിഹാര സെല്ലിന്റെ ചുമതല നല്‍കിയതിനെതിരെ വ്യാപക വിമര്‍ശം. നരഹത്യാ കേസില്‍ ഒന്നാം പ്രതിയായി കുറ്റം ചുമത്തപ്പെട്ട ശ്രീറാമിനെ, കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിന് ഇരയായവര്‍ക്കുള്ള ദുരിതാശ്വാസനിധിയുടെ പ്രധാന ചുമതല നല്‍കിയതിനെതിരെയാണ് സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ വിമര്‍ശം ശക്തമായത്.

കൊലപാതകക്കേസിലെ പ്രതിക്ക് ചുമതല നല്‍കുന്നത് ദുരിതാശ്വാസ നിധിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നാണ് വിമര്‍ശം. ശ്രീറാമിന് കഴിഞ്ഞ ദിവസമാണ് ധനവകുപ്പ് രൂപവത്കരിച്ച പരാതി പരിഹാര സെല്ലിന്റെ ചുമതല നല്‍കിയത്.

സര്‍ക്കാര്‍ തീരുമാനത്തെ രൂക്ഷമായി എതിര്‍ത്ത് സി പി എം അനുകൂലികളായ സാമൂഹിക പ്രവര്‍ത്തകര്‍ ഉൾപ്പെടെ രംഗത്തെത്തിയിട്ടുണ്ട്. ശ്രീറാമിന് ചുമതല നല്‍കിയ വാര്‍ത്ത വന്നപ്പോള്‍ മുതല്‍ നവമാധ്യമങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തുന്ന പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ഇന്നലെ കോണ്‍ഗ്രസ്സ് നേതാവ് വി ടി ബല്‍റാമും വിമര്‍ശമുന്നയിച്ച് രംഗത്തെത്തി. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും പല കാരണങ്ങള്‍ കൊണ്ട് സ്ഥിരം വിവാദനായകനായ, ഒരുപാടാളുകള്‍ക്കിടയില്‍ വിശ്വാസ്യത നഷ്ടപ്പെട്ട ഉദ്യോഗസ്ഥന് ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട ഒരു പ്രധാന ചുമതല നല്‍കിയത് ഉചിതമാണോ എന്ന് മുഖ്യമന്ത്രി വിലയിരുത്തണമെന്ന് വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

2022ല്‍ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചപ്പോഴും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ആദ്യം മൗനം പാലിച്ച സര്‍ക്കാര്‍ പിന്നീട് സുന്നി സംഘടനകളുടേയും മാധ്യമ പ്രവര്‍ത്തകരുടെയും പ്രതിഷേധം ശക്തമായതോടെ കലക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി സിവില്‍ സപ്ലൈസ് മാനേജരായി നിയമിക്കുകയായിരുന്നു. പിന്നീട് കഴിഞ്ഞ മാസം ഐ എ എസ് തലപ്പത്ത് അഴിച്ചുപണി നടത്തിയപ്പോഴാണ് ശ്രീറാമിനെ ധനവകുപ്പ് ജോയിന്റ് സെക്രട്ടറിയായി നിയമിച്ചത്. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും പരിഹരിക്കുന്നതിന് ശ്രീറാമിന്റെ ചുമതലയില്‍ പരാതി പരിഹാര സെല്ലിന് രൂപം നല്‍കി ധനവകുപ്പ് ഉത്തരവിറക്കിയത്.

കെ എം ബഷീർ കേസില്‍ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കാന്‍ ഈ മാസം 16ന് ഹാജരാകാന്‍ ശ്രീറാമിനോട് തിരുവനന്തപുരം ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവായിട്ടുണ്ട്. തനിക്കെതിരായ പോലീസ് കുറ്റപത്രം അടിസ്ഥാനരഹിതമാണെന്ന ശ്രീറാമിന്റെ വാദം തള്ളിയാണ് കഴിഞ്ഞ മാസം 18ന് കേസ് പരിഗണിച്ചപ്പോള്‍ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടത്. പ്രതി കൃത്യം ചെയ്തതായി അനുമാനിക്കാവുന്ന വായ്മൊഴിയാലും രേഖാമൂലവുമുള്ള വസ്തുതാ തെളിവുകള്‍ കേസ് റെക്കോര്‍ഡില്‍ കാണുന്നുവെന്നും കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുകയും ചെയ്തു. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ പി അനില്‍കുമാര്‍ മുമ്പാാകെയാണ് കേസ് പരിഗണിക്കുന്നത്. 2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍ അമിതമായി മദ്യപിച്ച് വാഹനം ഇടിച്ച് കെ എം ബഷീറിനെ കൊലപ്പെടുത്തിയത്.

നടപടി പ്രതിഷേധാര്‍ഹം; നിയമവിരുദ്ധ പ്രവൃത്തിക്ക് തുല്യം ചാര്‍ത്തലാകും: കേരള മുസ്്ലിം ജമാഅത്ത്

ജനങ്ങള്‍ വിശ്വസിച്ച് സംഭാവന നല്‍കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പരാതി പരിഹാര സെല്ലിന്റെ തലപ്പത്ത് കളങ്കിതനായ ഉദ്യോഗസ്ഥനെ നിയമിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി.

മദ്യപിച്ച് അമിതവേഗത്തില്‍ വാഹനമോടിച്ച് സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. സംഭവം നടന്ന ദിവസം മുതല്‍ നിയമത്തിന് തെല്ലും വിലകൽപ്പിക്കാതെ വഴുതിമാറുകയാണ് അദ്ദേഹം. പലതവണ നോട്ടീസ് അയച്ചിട്ടും ദുര്‍ബലമായ ഒഴികഴിവുകള്‍ പറഞ്ഞ് കോടതിയില്‍ ഹാജരാകാതെ മാറിനടക്കുകയാണ്. സുപ്രീം കോടതി വരെ പോയി നരഹത്യാ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഉദ്യോഗസ്ഥനാണ് ശ്രീറാം.

മനുഷ്യ ജീവനും നിയമ സംവിധാനത്തിനും വിലകൽപ്പിക്കാത്തയാളെ ദുരിതാശ്വാസ നിധിയുടെ തലപ്പത്ത് കൊണ്ടുവരുന്നത് ജനങ്ങള്‍ക്ക് സി എം ഡി ആര്‍ എഫിനോടുള്ള മതിപ്പ് കുറയാനിടയാക്കും.
ജനം വിശ്വസിച്ചേല്‍പ്പിക്കുന്ന പണം അര്‍ഹര്‍ക്ക് ലഭ്യമാക്കാന്‍ മുന്നില്‍ നിര്‍ത്താന്‍ പറ്റിയ ഉദ്യോഗസ്ഥനല്ല ശ്രീറാം. ദുരന്തത്തില്‍ സകലതും നഷ്ടപ്പെട്ട മനുഷ്യരുടെ പുനരധിവാസം വേഗപ്പെടുത്താന്‍ വേണ്ടിയാണ് ജനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നത്. യുവമാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയതില്‍ തെല്ലും മനസ്താപമില്ലാതെ നിയമത്തെ വെല്ലുവിളിച്ച് നടക്കുന്നയാളെ മനുഷ്യരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തുന്നത് അയാളുടെ നിയമവിരുദ്ധ പ്രവൃത്തിക്ക് തുല്യം ചാര്‍ത്തലായി മാറും. തീരുമാനം പിന്‍വലിച്ച് കഴിവും മികച്ച സര്‍വീസുമുള്ള ഉദ്യോഗസ്ഥനെ തത്്സ്ഥാനത്ത് നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സയ്യിദ് ഇബ്്റാഹീം ഖലീൽ ബുഖാരി, പേരോട് അബ്ദുർറഹ്്മാൻ സഖാഫി, വണ്ടൂർ അബ്ദുർറഹ്്മാൻ ഫൈസി, മാരായമംഗലം അബ്ദുർറഹ്്മാൻ ഫൈസി, എൻ അലി അബ്ദുല്ല, സി പി സൈതലവി, മജീദ് കക്കാട്, സുലൈമാൻ സഖാഫി മാളിയേക്കൽ, മുസ്തഫ കോഡൂർ യോഗത്തിൽ പങ്കെടുത്തു.