Connect with us

Kerala

ശ്രുതിയുടെ ജെന്‍സന് അന്ത്യയാത്ര

സഹോദരന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ബത്തേരി ആശുപത്രിയില്‍ വച്ച് മൃതദേഹം കണ്ടു

Published

|

Last Updated

കല്‍പ്പറ്റ | ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്ന ജെന്‍സന്റെ പോസ്റ്റുമോര്‍ട്ടശേഷം സഹോദരന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ബത്തേരി ആശുപത്രിയില്‍ വച്ച് ജെന്‍സന്റെ മൃതദേഹം കണ്ടു.

ശേഷം അമ്പലവയല്‍ ആണ്ടൂരിലേക്ക് കൊണ്ടുപോയ മൃതദേഹം ഇവിടെ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. നിരവധി പേരാണ് ഹാളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വൈകിട്ട് മൂന്നു മണിക്ക് ആണ്ടൂര്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം നടക്കുക. ജെന്‍സന്റേയും ശ്രുതിയുടേയും വിവാഹം നടക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് അപകടത്തില്‍ ജെന്‍സണ്‍ മരിക്കുന്നത്.

ഉരുള്‍പൊട്ടലില്‍ ശ്രുതിയുടെ അമ്മ സബിത, അച്ഛന്‍ ശിവണ്ണ, അനുജത്തി ശ്രേയ, അമ്മമ്മ എന്നിവര്‍ മരണപ്പെട്ടു. അച്ഛന്റെ രണ്ട് സഹോദരങ്ങള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഒമ്പതു പേരെ ദുരന്തത്തില്‍ നഷ്ടമായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ശ്രുതി. മേപ്പാടി പഞ്ചായത്തിലെ പത്താം വാര്‍ഡ് മുന്‍ മെമ്പര്‍ കൂടിയായിരുന്നു അമ്മ സബിത. കല്‍പ്പറ്റ എന്‍ എം എസ് എം ഗവ. കോളജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായിരുന്നു അനുജത്തി ശ്രേയ. ഉരുള്‍പൊട്ടലിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ അച്ഛനെയും അനിയത്തിയേയും തിരിച്ചറിഞ്ഞ് സംസ്‌കാര ചടങ്ങുകള്‍ നടത്താനായി. എന്നാല്‍ ഡി എന്‍ എ പരിശോധനയുടെ ഫലം വന്ന ശേഷമാണ് അമ്മയെ തിരിച്ചറിഞ്ഞത്.

രണ്ട് മത വിഭാഗങ്ങളില്‍ നിന്നുള്ള ശ്രുതിയും ജെന്‍സണും സ്‌കൂള്‍ കാലം മുതല്‍ സുഹൃത്തുക്കളാണ്. ആ പ്രണയമാണ് വിവാഹ നിശ്ചയത്തിലെത്തിയത്. ശ്രുതിയുടെ കല്യാണത്തിന് കരുതിയിരുന്ന 15 പവന്‍ സ്വര്‍ണ്ണവും നാല് ലക്ഷം രൂപയും വീടടക്കം ഉരുള്‍ കൊണ്ടുപോയി. ഈ ഡിസംബറില്‍ നടത്താനിരുന്ന വിവാഹം ശ്രുതിയുടെ ഉറ്റവര്‍ എല്ലാവരും ദുരന്തത്തില്‍ മരണപ്പെട്ടതിനാല്‍ നേരത്തെയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

 

 

Latest