allegation against pk kunhalikkutty
ശുക്കൂര്‍ വധം: കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണത്തില്‍ ഉറച്ച് അഡ്വ.ടി പി ഹരീന്ദ്രന്‍
കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍ രാഷ്ട്രീയ കൊടുക്കല്‍ വാങ്ങലുകളുടെ ഭാഗമാണ്. ധാര്‍മികതയുണ്ടെങ്കില്‍ കുഞ്ഞാലിക്കുട്ടി സത്യം പറയണമെന്നും ഹരീന്ദ്രന്‍ പറഞ്ഞു.
കണ്ണൂര്‍ | അരിയില്‍ ശുക്കൂര്‍ വധക്കേസില്‍ കണ്ണൂരിലെ സി പി എം നേതാവ് പി ജയരാജനെ രക്ഷപ്പെടുത്താന്‍ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്ന ആരോപണത്തില്‍ ഉറച്ച് കോണ്‍ഗ്രസ് അനുഭാവിയായ ക്രിമിനല്‍ അഭിഭാഷകന്‍ ടി പി ഹരീന്ദ്രന്‍. കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍ രാഷ്ട്രീയ കൊടുക്കല്‍ വാങ്ങലുകളുടെ ഭാഗമാണ്. ധാര്‍മികതയുണ്ടെങ്കില്‍ കുഞ്ഞാലിക്കുട്ടി സത്യം പറയണമെന്നും ഹരീന്ദ്രന്‍ പറഞ്ഞു.
പി ജയരാജന്‍ എങ്ങനെ പ്രതിയല്ലാതായി മാറിയെന്നതാണ് കാതലായ ചോദ്യം. ഇക്കാര്യം കോണ്‍ഗ്രസ് നേതാവ് കെ സുധാകരനുമായി സംസാരിച്ചിരുന്നോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഓര്‍മയില്ലെന്നായിരുന്നു ഹരീന്ദ്രന്റെ മറുപടി.
അതേസമയം, ഹരീന്ദ്രനോട് നിയമോപദേശമോ അഭിപ്രായമോ തേടിയിട്ടില്ലെന്ന് അന്വേഷണ സംഘത്തലവനായ മുന്‍ ഡി വൈ എസ് പി. പി സുകുമാരന്‍ പ്രതികരിച്ചു. കേസിന്റെ ഒരു ഘട്ടത്തിലും കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പി ജയരാജനെതിരെ ശക്തമായ വകുപ്പുകൾ ചുമത്തി കേസെടുക്കേണ്ടതില്ലെന്ന് ശുക്കൂർ വധക്കേസ് അന്വേഷണ സംഘത്തലവനെ വിളിച്ച് കുഞ്ഞാലിക്കുട്ടി പറഞ്ഞതായാണ് അഡ്വ.ഹരീന്ദ്രൻ്റെ ആരോപണം. പോലീസ് ഉദ്യോഗസ്ഥനാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇത് ഗൌരവമേറിയതാണെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞെങ്കിലും പിന്നീട് തിരുത്തി.