Kerala
മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ നാളെ ഉയര്‍ത്തും
പമ്പ, കക്കാട്ടാര്‍ തീരത്തുളളവരും മണിയാര്‍, വടശ്ശേരിക്കര, റാന്നി, പെരിനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണം.

പത്തനംതിട്ട | മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ നാളെ (വ്യാഴം) ഉയര്‍ത്തും. മണിയാര്‍ ബാരേജിലെ അഞ്ചാം നമ്പര്‍ ഷട്ടറിന്റെ ബോഗി വീലുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തിയതിന്റെ ഭാഗമായി ട്രയല്‍ റണ്‍ നടത്തുന്നതിനാണിത്. ഇപ്പോള്‍ നടക്കുന്ന അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കാനും കൂടിയാണ് ഷട്ടര്‍ ഉയര്‍ത്തുന്നത്.
മണിയാര്‍ സംഭരണിയിലെ ജലനിരപ്പ് ക്രസ്റ്റ് ലവല്‍ വരെ കുറയ്ക്കാനായി ബാരേജിന്റെ സ്പില്‍വേ ഷട്ടറുകള്‍ പൂര്‍ണതോതില്‍ ഉയര്‍ത്തി തുറന്നു വെയ്ക്കുന്നതിന് അനുമതി നല്‍കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷ്ണനാണ് ഉത്തരവായത്.
ഷട്ടറുകള്‍ ഉയര്‍ത്തുന്ന സാഹചര്യത്തില്‍ പമ്പ, കക്കാട്ടാര്‍ തീരത്തുളളവരും മണിയാര്‍, വടശ്ശേരിക്കര, റാന്നി, പെരിനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണം.