Connect with us

Kerala

വിവാഹ സംഘത്തെ മര്‍ദിച്ച എസ് ഐക്ക് സ്ഥലം മാറ്റം

വിശദമായ റിപോര്‍ട്ട് ജില്ലാ പോലീസ് മേധാവി ഡി ഐ ജിക്ക് നല്‍കി

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ടയില്‍ വിവാഹ സത്കാര ചടങ്ങില്‍ പങ്കെടുത്തുമടങ്ങിയ ദളിതരെ മര്‍ദിച്ച സംഭവത്തില്‍ എസ് ഐക്ക് സ്ഥലം മാറ്റം. എസ് ഐ. എസ് ജിനുവിനെ ജില്ലാ പോലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്. ബാറില്‍ അടിയുണ്ടാക്കിയവരെ അന്വേഷിച്ചിറങ്ങിയ പോലീസ് ആളുമാറി മര്‍ദിക്കുകയായിരുന്നുവെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട്. സംഭവത്തില്‍ വിശദമായ റിപോര്‍ട്ട് ജില്ലാ പോലീസ് മേധാവി ഡി ഐ ജിക്ക് നല്‍കി.

ഇന്നലെ രാത്രി പതിനൊന്നരയോടെ അബാന്‍ ജംഗ്ഷനിലാണ് വിവാഹ സത്കാരം കഴിഞ്ഞ് മടങ്ങിയ ഏഴംഗസംഘ കുടുംബത്തെ എസ് ഐ. എസ് ജിനുവും സംഘവും ക്രൂരമായി മര്‍ദിച്ചത്. കൈക്കുഞ്ഞുമായി നില്‍ക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ അകാരണമായി പോലീസ് മര്‍ദിക്കുകയായിരുന്നു.

കൊല്ലത്ത് വിവാഹ സത്കാരത്തില്‍ പങ്കെടുത്ത് ട്രാവലറില്‍ മടങ്ങിയ സംഘത്തിന് നേരെയായിരുന്നു അതിക്രമം. എരുമേലി, മുണ്ടക്കയം ഭാഗത്ത് നിന്നുള്ള ഇരുപതോളം പേരാണ് ട്രാവലറില്‍ സഞ്ചരിച്ചിരുന്നത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മലയാലപ്പുഴ പുതുക്കുളം സ്വദേശിയെ കൂട്ടിക്കൊണ്ടുപോകാന്‍ ഭര്‍ത്താവ് എത്തി അബാന്‍ ജംഗ്ഷനില്‍ കാത്തുനിന്നിരുന്നു. ഇവരെ ഇറക്കി വിടാന്‍ വേണ്ടി വണ്ടി നിര്‍ത്തിയപ്പോള്‍ യുവതി അടക്കം അഞ്ച് പേര്‍ പുറത്തിറങ്ങി.

ഇവരില്‍ ചിലര്‍ റോഡരികില്‍ മൂത്രമൊഴിക്കുകയായിരുന്നു. ഇതിനിടെ പാഞ്ഞുവന്ന പോലീസ് വാഹനം നിര്‍ത്തി യാതൊരു പ്രകോപനവുമില്ലാതെ ലാത്തിച്ചാര്‍ജ് തുടങ്ങുകയായിരുന്നു. എസ് ഐ ജിനു മഫ്തിയിലായിരുന്നു. ഭര്‍ത്താവിനെയും കൂടെ വന്നവരെയും പോലീസ് മര്‍ദിക്കുന്നത് കണ്ട് ഭയന്നോടിയപ്പോള്‍ വീണാണ് സിത്താര (31) എന്ന യുവതിക്ക് പരുക്കേറ്റത്. ഭര്‍ത്താവ് ശ്രീജിത്തിന്റെ തലയ്ക്ക് ലാത്തിച്ചാര്‍ജില്‍ പൊട്ടലേറ്റു. സിജിന്‍ എന്ന യുവാവിനെ പോലീസ് ക്രൂരമായി മര്‍ദിച്ചു.

സംഭവത്തില്‍ എസ് സി- എസ് ടി കമ്മീഷന് പരാതി നല്‍കുമെന്ന് കുടുംബം പറഞ്ഞു.

Latest