Connect with us

From the print

സിദ്ദരാമയ്യ: വിശാല രാഷ്ട്രീയത്തിന്റെ വക്താവ്, ഭരണ മികവിന്റെ ചരിത്രം

ജനതാദൾ- എസ് നേതാവായിരുന്ന സിദ്ധരാമയ്യ 2006ലാണ് കോൺഗ്രസ്സിലെത്തിയത്. മറ്റൊരു പാർട്ടിയിൽ നിന്ന് കോൺഗ്രസ്സിലെത്തിയ ശേഷം അഞ്ച് വർഷം കാലാവധി പൂർത്തിയാക്കുന്ന ഏക മുഖ്യമന്ത്രിയും സിദ്ധരാമയ്യയാണ്.

Published

|

Last Updated

ബെംഗളൂരു | അഴിമതിവിരുദ്ധ പ്രതിച്ഛായ, ഒ ബി സി, ന്യൂനപക്ഷ, ദളിത് സമൂഹങ്ങളെ കൂട്ടിയിണക്കാനുള്ള കഴിവ്, ദീർഘകാലത്തെ ഭരണ പരിചയം… കർണാടക മുഖ്യമന്ത്രിപദത്തിലേക്ക് ഒരിക്കൽ കൂടി നടന്നെത്താൻ സിദ്ധരാമയ്യയെ പ്രാപ്തനാക്കിയ ഘടകങ്ങൾ ഏറെയാണ്. കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്ത് കാലാവധി പൂർത്തിയാക്കിയ ഒരു നേതാവ്, തുടർച്ചയായല്ലെങ്കിൽ പോലും, അതേ സ്ഥാനത്ത് തിരിച്ചെത്തുന്നതിന്റെ റെക്കോർഡിന് ഉടമയാകുകയാണ് സിദ്ധരാമയ്യ.

വീണ്ടും കസേരയിൽ

ദേവരാജ് അരസിന് ശേഷം (1972- 80) കാലാവധി പൂർത്തിയാക്കി വീണ്ടും മുഖ്യമന്ത്രി പദവിയിലെത്തുന്ന ആദ്യ നേതാവാണ് 75കാരനായ സിദ്ധരാമയ്യ. രണ്ടാം തവണ രണ്ട് വർഷത്തിൽ താഴെ മാത്രമാണ് ദേവരാജ് അരസ് മുഖ്യമന്ത്രി പദവിയിലിരുന്നത്. 2013 മുതൽ 2018 വരെ കാലാവധി തീർത്തു ഭരിച്ചു സിദ്ധരാമയ്യ. അടുത്ത ഊഴത്തിൽ പാർട്ടിക്ക് ഭൂരിപക്ഷം കിട്ടിയില്ല. എന്നാൽ ഇപ്പോഴിതാ പാർട്ടി ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ വിജയം നേടിയപ്പോൾ അദ്ദേഹം അമരത്തെത്തുന്നു. ബി ജെ പി നേതാവ് ബി എസ് യെദ്യുരപ്പ നാല് തവണ മുഖ്യമന്ത്രിയായെങ്കിലും ഒരിക്കൽ പോലും കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.

ജനതാദൾ വിട്ട് “കൈ പിടിച്ചു’

ജനതാദൾ- എസ് നേതാവായിരുന്ന സിദ്ധരാമയ്യ 2006ലാണ് കോൺഗ്രസ്സിലെത്തിയത്. മറ്റൊരു പാർട്ടിയിൽ നിന്ന് കോൺഗ്രസ്സിലെത്തിയ ശേഷം അഞ്ച് വർഷം കാലാവധി പൂർത്തിയാക്കുന്ന ഏക മുഖ്യമന്ത്രിയും സിദ്ധരാമയ്യയാണ്. ഡി കെ ശിവകുമാറുമായുള്ള രാഷ്ട്രീയ വടംവലിയിൽ സിദ്ധരാമയ്യയെ വിജയിയായി പ്രഖ്യാപിക്കാൻ സോണിയാ ഗാന്ധിയടക്കമുള്ള ഉന്നത നേതാക്കളെ പ്രേരിപ്പിച്ചത് പാർട്ടി വൃത്തത്തിന് പുറത്തേക്ക് സ്വാധീനം വ്യാപിപ്പിക്കാനുള്ള സിദ്ധരാമയ്യയുടെ കഴിവ് തന്നെയാണ്. കുറുബ സമുദായക്കാരനായ അദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രിയാക്കുമ്പോൾ സാമുദായിക പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെടുകയെന്ന ലക്ഷ്യവും നേതൃത്വത്തിനുണ്ട്.

ലോക്ദളിലൂടെ തുടക്കം

1948 ആഗസ്റ്റിൽ മൈസൂരു വരുണയിലെ സിദ്ധരാമനഹുണ്ടിയെന്ന ഗ്രാമത്തിൽ ദരിദ്ര കർഷക കുടുംബത്തിലാണ് സിദ്ധരാമയ്യയുടെ ജനനം. മൈസൂരുവിൽ ഉന്നതപഠനം. ഗ്രാമത്തിലെ ആദ്യ ബിരുദം നേടുന്ന വ്യക്തിയായി. നിയമ ബിരുദം നേടി മൈസൂരുവിൽ അഭിഭാഷകനായി ജോലി ചെയ്യുമ്പോൾ ഭാരതീയ ലോക്ദളിന്റെ പ്രവർത്തകനായി രാഷ്ട്രീയ ജീവിതം തുടങ്ങി. ഗംഭീര പ്രഭാഷകനായിരുന്നു സിദ്ധരാമയ്യ 1978ൽ മൈസൂരു താലൂക്ക് ബോർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ചാമുണ്ഡേശ്വരിയിൽ നിന്ന് വിജയിച്ചു. 1983ൽ ചാമുണ്ഡേശ്വരിയിൽ നിന്ന് നിയമസഭയിൽ. 1985ൽ ജനതാ പാർട്ടി ടിക്കറ്റിൽ ചാമുണ്ഡേശ്വരിയിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ രാമകൃഷ്ണ ഹെഗ്‌ഡെ മന്ത്രിസഭയിൽ മൃഗസംരക്ഷണ മന്ത്രിയായി. 1989ൽ കോൺഗ്രസ്സ് നേതാവ് എം രാജശേഖര മൂർത്തിയോട് പരാജയപ്പെട്ടു. 1992ൽ ജനതാദൾ ജനറൽ സെക്രട്ടറി. 1994ൽ വീണ്ടും നിയമസഭയിൽ എത്തിയ സിദ്ധരാമയ്യ ധനമന്ത്രിയായി. 1996ൽ ദേവെഗൗഡ പ്രധാനമന്ത്രിയായപ്പോൾ മുഖ്യമന്ത്രി സ്ഥാനം പ്രതീക്ഷിച്ചെങ്കിലും ഉപ മുഖ്യമന്ത്രി സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ജനതാദളിന്റെ പിളർപ്പിന് പിന്നാലെ ജെ ഡി എസ് സംസ്ഥാന പ്രസിഡന്റായി. 1999ലെ തിരഞ്ഞെടുപ്പിൽ പരാജയം.

2005 ആയപ്പോഴേക്കും ദേവെഗൗഡയോട് കലഹിച്ച് തുടങ്ങിയിരുന്നു. 2005 ആഗസ്റ്റ് മൂന്നിന് സിദ്ധരാമയ്യയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ ദൾ കത്ത് നൽകി. തുടർന്ന് അഹിന്ദ സമ്മേളനങ്ങളുമായി പര്യടനം ആരംഭിച്ച സിദ്ധരാമയ്യ 2005 ഡിസംബറിലെ ത്രിതല തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനു പിന്തുണ പ്രഖ്യാപിച്ചു. കോൺഗ്രസ്സ് വലിയ മുന്നേറ്റമുണ്ടാക്കി. 2006 സെപ്തംബറിൽ ബെംഗളൂരുവിൽ നടന്ന റാലിയിൽ സോണിയാ ഗാന്ധിയുടെ സാന്നിധ്യത്തിൽ സിദ്ധരാമയ്യ ഔദ്യോഗികമായി കോൺഗ്രസ്സിന്റെ ഭാഗമായി. എസ് സി, എസ് ടി, മുസ്‌ലിം, മറ്റ് പിന്നാക്കവിഭാഗങ്ങൾ എന്നിവയുടെ ഐക്യനിരയെന്ന അഹിന്ദ ഫോർമുലയുടെ പ്രയോക്താവെന്ന നിലയിൽ സിദ്ധരാമയ്യ കൂടുതൽ ശക്തനാകുകയായിരുന്നു. 2008ൽ പ്രതിപക്ഷ നേതാവായി.

ഖാർഗെയോടും ജയിച്ചു

2013ൽ മുഖ്യമന്ത്രിപദത്തിൽ സിദ്ധരാമയ്യ എത്തുമ്പോഴും പാർട്ടിയിൽ കടുത്ത വടംവലി നടന്നിരുന്നു. അന്ന് ഡി കെ ശിവകുമാറിന്റെ സ്ഥാനത്ത് മല്ലികാർജുൻ ഖാർഗെയായിരുന്നു. കൂടുതൽ എം എൽ എമാരുടെ പിന്തുണ ഉറപ്പിക്കാൻ സിദ്ധരാമയ്യക്ക് സാധിച്ചതോടെ നേതൃത്വത്തിന് മുന്നിൽ മറ്റു വഴികളില്ലായിരുന്നു. അന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാധ്യത കൽപ്പിച്ചിരുന്ന ജി പരമേശ്വര പരാജയപ്പെടുക കൂടി ചെയ്തത് വഴി എളുപ്പമാക്കി. 2018ൽ ബി ജെ പിയെ അകറ്റി നിർത്താൻ ജെ ഡി എസുമായി കോൺഗ്രസ്സ് കൈകോർക്കുകയായിരുന്നു. കുമാരസ്വാമിക്ക് മുഖ്യമന്ത്രിയായേ തീരുവെന്ന പിടിവാശിക്ക് മുന്പിൽ സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി പദവി മോഹം ഉപേക്ഷിക്കേണ്ടിവന്നു. ഒരു വർഷമാകുന്പോഴേക്കും ഓപറേഷൻ താമരയെന്ന കുതിരക്കച്ചവടത്തിലൂടെ ബി ജെ പി അധികാരം പിടിക്കുകയും യെദ്യുരപ്പ മുഖ്യമന്ത്രിയാകുകയും ചെയ്തപ്പോൾ ശക്തനായ പ്രതിപക്ഷ നേതാവായി സിദ്ധരാമയ്യ. ഒടുവിൽ ബസവരാജ് ബൊമ്മൈയെ ഇറക്കി യെദ്യുരപ്പയെ ഒതുക്കേണ്ടി വന്നു ബി ജെ പിക്ക്. 2008ൽ രൂപവത്കരിച്ചത് മുതൽ രണ്ട് തവണ പ്രതിനിധാനം ചെയ്ത വരുണയുടെ എം എൽ എയായാണ് സിദ്ധരാമയ്യ വീണ്ടും നിയമസഭയിൽ എത്തുന്നത്.

അഹിന്ദ രാഷ്ട്രീയം

ഇത്തവണ വർഗീയ വിദ്വേഷത്തിന്റെ അവസാന അമ്പും പുറത്തെടുത്തിട്ടും ബി ജെ പിക്ക് അടിയറവ് പറയേണ്ടി വന്നതിൽ സിദ്ധരാമയ്യയുടെ അഹിന്ദ രാഷ്ട്രീയമുണ്ട്. 2013ൽ അദ്ദേഹം നടപ്പാക്കിയ ദാരിദ്ര്യ നിർമാർജന പദ്ധതികളാണ് കോൺഗ്രസ്സിന് ബി ജെ പി സർക്കാറിന്റെ അഴിമതി തുറന്നു കാണിക്കാനുള്ള ത്രാണി നൽകിയത്. അങ്ങനെ ഡി കെ ശിവകുമാറെന്ന കരുത്തനും ഊർജസ്വലനും പോരാളിയുമായ നേതാവിന് മുന്നിൽ ഭരണ മികവിന്റെ ചരിത്രം ഉയർത്തിക്കാട്ടി സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുകയാണ്. ഉപമുഖ്യമന്ത്രി സ്ഥാനം കൊണ്ട് ഡി കെ ശിവകുമാർ പൂർണ തൃപ്തനാകുകയും പാർട്ടിക്കകത്ത് ഐക്യം ഊട്ടിയുറപ്പിക്കുകയും ചെയ്താൽ ദീർഘകാലത്തേക്ക് ഊർജം പകരുന്ന ഭരണ നേട്ടങ്ങൾ സാധ്യമാക്കാൻ സിദ്ധരാമയ്യക്ക് സാധിക്കും.