Connect with us

karnataka

സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാം; ഗവര്‍ണറുടെ അനുമതി ഹൈക്കോടതി ശരിവച്ചു

അസാധാരണ സാഹചര്യത്തില്‍ ഗവര്‍ണര്‍ക്ക് സ്വന്തം നിലയില്‍ തീരുമാനമെടുക്കാമെന്നും അത്തരമൊരു സാഹചര്യം കര്‍ണാടകയില്‍ നിലനില്‍ക്കുന്നതായും ഹൈക്കോടതി

Published

|

Last Updated

ബെംഗളൂരു | തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ നല്‍കിയ അനുമതിക്കെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. സാധാരണ ഗവര്‍ണര്‍ മന്ത്രിസഭയുടെ തീരുമാനം അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. അസാധാരണ സാഹചര്യത്തില്‍ ഗവര്‍ണര്‍ക്ക് സ്വന്തം നിലയില്‍ തീരുമാനമെടുക്കാമെന്നും അത്തരമൊരു സാഹചര്യം കര്‍ണാടകയില്‍ നിലനില്‍ക്കുന്നതായും ഹൈക്കോടതി നിരീക്ഷിച്ചു.

മൈസൂരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ (മുഡ) ഭൂമി അനുവദിച്ചതില്‍ ക്രമക്കേട് നടത്തിയെന്ന കേസിലാണ് കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ ഗവര്‍ണര്‍ക്കെതിരെ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയത്.

ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് വിധി പറഞ്ഞത്.പ്രദീപ് കുമാര്‍, ടിജെ എബ്രഹാം, സ്നേഹമയി കൃഷ്ണ എന്നിവരുടെ ഹര്‍ജിയെ തുടര്‍ന്ന് സിദ്ധരാമയ്യയെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ട് പ്രോസിക്യൂഷന് അനുമതി നല്‍കിയിരുന്നു. 1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17, സെക്ഷന്‍ 218 പ്രകാരമാണ് ഗവര്‍ണര്‍ വിചാരണക്ക് അനുമതി നല്‍കിയത്.

താന്‍ പ്രതിയോ പങ്കാളിയോ അല്ലാത്ത ഭൂമി ഇടപാടില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹ്‌ലോട്ടിന്റെ നടപടി ചട്ടവിരുദ്ധമെന്ന് കാണിച്ചായിരുന്നു സിദ്ധരാമയ്യയുടെ ഹര്‍ജി.

സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാമെന്ന ഗവര്‍ണറുടെ ഉത്തരവ് വിവാദമായിരുന്നു. ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് സിദ്ധരാമയ്യ ആരോപിച്ചു. സിദ്ധരാമയ്യയുടെ ഭാര്യ ബി എം പാര്‍വതിക്ക് മൈസൂരുവില്‍ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇത് ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും ജൂലൈയില്‍ ലോകായുക്തയില്‍ എബ്രഹാം പരാതി നല്‍കിയിരുന്നു.

സിദ്ധരാമയ്യ, ഭാര്യ, മകന്‍ എസ് യതീന്ദ്ര, മുഡയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരുകളിലാണ് പരാതി നല്‍കിയത്. ഭൂമി കുംഭകോണത്തില്‍ സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും മുഡ, അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് മറ്റൊരു ആക്ടിവിസ്റ്റായ സ്‌നേഹമയി കൃഷ്ണയും ആരോപിച്ചിരുന്നു.തന്റെ ഭാര്യക്ക് ലഭിച്ച ഭൂമി 1998-ല്‍ സഹോദരന്‍ മല്ലികാര്‍ജുന സമ്മാനിച്ചതാണെന്ന് സിദ്ധരാമയ്യ അവകാശപ്പെട്ടിരുന്നു.

എന്നാല്‍ 2004-ല്‍ മല്ലികാര്‍ജുന ഇത് അനധികൃതമായി സ്വന്തമാക്കുകയും സര്‍ക്കാരിന്റെയും റവന്യൂ ഉദ്യോഗസ്ഥരുടെയും സഹായത്തോടെ വ്യാജരേഖ ചമച്ച് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തുവെന്ന് ആക്ടിവിസ്റ്റ് കൃഷ്ണ ആരോപിച്ചു.

---- facebook comment plugin here -----

Latest