Kerala
സിദ്ധാര്‍ഥിന്റെ മരണം: അന്വേഷണത്തിന് സി ബി ഐ സംഘം കേരളത്തില്‍
ബന്ധുക്കളില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കും.
തിരുവനന്തപുരം | വയനാട്ടിലെ പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിനായി സി ബി ഐ സംഘം കേരളത്തിലെത്തി. സംഘം ബന്ധുക്കളില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കും.
സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ കേരളം സി ബി ഐക്കു കൈമാറിയിരുന്നു. സ്പെഷ്യല്‍ സെല്‍ ഡി വൈ എസ് പി. ശ്രീകാന്താണ് രേഖകള്‍ കൈമാറിയത്.
അന്വേഷണം സി ബി ഐക്ക് കൈമാറുന്നതിലെ കാലതാമസത്തില്‍ മുഖ്യമന്ത്രി അടുത്തിടെ വിശദീകരണം തേടിയിരുന്നു. ആഭ്യന്തര സെക്രട്ടറിയോടാണ് വിശദീകരണം തേടിയത്. പെര്‍ഫോമ റിപോര്‍ട്ട് വൈകിയത് എന്തുകൊണ്ടെന്ന് പരിശോധിക്കണമെന്നും വൈകിയെങ്കില്‍ അതിന് ഉത്തരവാദി ആരെന്ന് കണ്ടെത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് അടിയന്തരമായി രേഖകള്‍ കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് കൈമാറിയത്.
കേസില്‍ അന്വേഷണം വഴിമുട്ടിയ നിലയിലാണെന്ന് സിദ്ധാര്‍ഥിന്റെ പിതാവ് ജയപ്രകാശ് ആരോപിച്ചിരുന്നു. നടപടി വൈകിയാല്‍ സമരം തുടങ്ങുമെന്നും ജയപ്രകാശ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടല്‍. കേസുമായി ബന്ധപ്പെട്ട് ഇനി മുഖ്യമന്ത്രിയെ കാണില്ലെന്നും ഭരണപക്ഷത്തെ സമീപിക്കില്ലെന്നും ജയപ്രകാശ് വ്യക്തമാക്കി.
സിദ്ധാര്‍ഥിന്റെ മരണം സംബന്ധിച്ച കേസ് സി ബി ഐ ഏറ്റെടുക്കാന്‍ കേന്ദ്രം വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വൈകുന്ന ഓരോ നിമിഷവും അത് കേസിനെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.