Kerala
സിദ്ധാർഥന്റെ മരണം: സിബിഐ സംഘം വയനാട്ടിൽലെത്തി എസ്പിയുമായി കൂടിക്കാഴ്ച നടത്തി
കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവര ശേഖരണമാണ് ഉദ്യോഗസ്ഥര്‍ നടത്തിയത്.

കല്‍പ്പറ്റ | പൂക്കോട് വെറ്ററിനറി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം വയനാട്ടിലെത്തി. സിബിഐ എസ്പി ഉള്‍പ്പെടെയുള്ള നാലംഗ സംഘമാണ് വയനാട്ടിലെത്തിയത്. കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കിയതിതിനെ തുടര്‍ന്നാണ് സിബിഐ അന്വേഷണ സംഘം വയനാട്ടിലെത്തിയത്. അന്വേഷണ സംഘം വയനാട് എസ്പി ടി നാരായണനുമായി കൂടിക്കാഴ്ച നടത്തി.
ഒരു എസ്പിയും ഡിവൈഎസ്പിയും രണ്ട് ഇന്‍സ്‌പെക്ടര്‍മാരുമടങ്ങുന്നതാണ് അന്വേഷണസംഘമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവര ശേഖരണമാണ് ഉദ്യോഗസ്ഥര്‍ നടത്തിയത്. സിബിഐ സംഘം ഇന്നു തന്നെ സിദ്ധാര്‍ഥന്‍ മര്‍ദ്ദനമേറ്റ് മരിച്ച പൂക്കോട് വെറ്ററിനറി കോളജ് ഹോസ്റ്റലിലെത്തി പരിശോധന നടത്തിയേക്കും. വെള്ളിയാഴ്ചയാണ് സിദ്ധാര്‍ഥന്റെ മരണം സിബിഐ ഏറ്റെടുത്തത്.
സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപിച്ച് സംസ്ഥാന സര്‍ക്കാറിനെതിരെ ജയപ്രകാശ് രംഗത്തുവന്നിരുന്നു.