Kerala
സിദ്ധാര്‍ത്ഥന്റെ മരണം;ഡീനിനും അസി.വാര്‍ഡനും സസ്‌പെന്‍ഷന്‍
കാരണം കാണിക്കല്‍ നോട്ടീസിന് ലഭിച്ച മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
കല്‍പ്പറ്റ | പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കോളജ് ഡീന്‍ ഡോ. എം കെ നാരായണനേയും ഹോസ്റ്റല്‍ അസി. വാര്‍ഡന്‍ ഡോ. കാന്തനാഥനേയും വൈസ് ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്തു. ഇരുവര്‍ക്കുമെതിരെ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് ലഭിച്ച മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ വിശദീകരണം നല്‍കണമെന്ന് കാണിച്ചാണ് വി സി ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിരുന്നത്. എല്ലാം നിയമപ്രകാരമാണ് ചെയ്തത് എന്നായിരുന്നു ഇരുവരും നോട്ടീസിന് നല്‍കിയ മറുപടി.
ഇന്നലെയാണ് ഇരുവര്‍ക്കും നോട്ടീസ് നല്‍കിയത്. ഹോസ്റ്റലിലും കാമ്പസിലും നടന്ന സംഭവങ്ങള്‍ എന്തുകൊണ്ട് അറിഞ്ഞില്ലെന്ന് വി സി നോട്ടീസില്‍ ആരാഞ്ഞിരുന്നു. കാമ്പസിനകത്ത് ആള്‍ക്കൂട്ട വിചാരണയും ക്രൂരമര്‍ദ്ദനം അരങ്ങേറുക, ഇത് ഒരു വിദ്യാര്‍ഥിയുടെ മരണത്തില്‍ കലാശിക്കുക ഇത്രയേറെ സംഭവങ്ങളുണ്ടായിട്ടും ഡീനും ട്യൂട്ടറും ഒന്നും അറിഞ്ഞിരുന്നില്ല എന്നത് അംഗീകരിക്കാനാകില്ലെന്നാണ് സര്‍വകലാശാലയുടെ നിലപാട്.