Kerala
സിദ്ധാർഥന്റെ മരണം:അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണര്‍
മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
തിരുവനന്തപുരം | പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഹൈക്കോടതി മുന്‍ ജഡ്ജി എ ഹരിപ്രസാദിനാണ് അന്വേഷണ ചുമതല. മുന്‍ വയനാട് ഡിവൈഎസ്പി വിജി കുഞ്ഞന്‍ അന്വേഷണത്തിന് സഹായിക്കും. മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. സിദ്ധാര്‍ഥിന്റെ മരണത്തില്‍ വിസിയുടെയും ഡീനിന്റെയും വീഴ്ചകളും അന്വേഷണ പരിധിയില്‍ വരും.
ബിവിഎസ്സി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ സിദ്ധാര്‍ഥനെ ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാലന്റൈന്‍സ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളജില്‍ വിദ്യാര്‍ഥികള്‍ക്കിടിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സിദ്ധാര്‍ഥന്‍ ക്രൂരമര്‍ദനത്തിനും ആള്‍ക്കൂട്ട വിചാരണക്കും വിധേയമായെന്നാണ് പരാതി.
സിബിഐ അന്വേഷണത്തില്‍ അന്തിമ തീരുമാനം വരും മുമ്പാണ് ചാന്‍സലറുടെ അധികാരമുപയോഗിച്ച് ഗവര്‍ണര്‍ അന്വേഷണ കമ്മീഷനെ നിലവില്‍ നിയോഗിച്ചിരിക്കുന്നത്.