Kerala
സിദ്ധാര്‍ഥിന്റെ മരണം: രേഖകള്‍ കേരളം സി ബി ഐക്കു കൈമാറി
സ്‌പെഷ്യല്‍ സെല്‍ ഡി വൈ എസ് പി. ശ്രീകാന്താണ് രേഖകള്‍ കൈമാറിയത്.

തിരുവനന്തപുരം | വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ കേരളം സി ബി ഐക്കു കൈമാറി. സ്‌പെഷ്യല്‍ സെല്‍ ഡി വൈ എസ് പി. ശ്രീകാന്താണ് രേഖകള്‍ കൈമാറിയത്.
അന്വേഷണം സി ബി ഐക്ക് കൈമാറുന്നതിലെ കാലതാമസത്തില്‍ മുഖ്യമന്ത്രി ഇന്നലെ വിശദീകരണം തേടിയിരുന്നു. ആഭ്യന്തര സെക്രട്ടറിയോടാണ് വിശദീകരണം തേടിയത്. പെര്‍ഫോമ റിപോര്‍ട്ട് വൈകിയത് എന്തുകൊണ്ടെന്ന് പരിശോധിക്കണമെന്നും വൈകിയെങ്കില്‍ അതിന് ഉത്തരവാദി ആരെന്ന് കണ്ടെത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
കേസില്‍ അന്വേഷണം വഴിമുട്ടിയ നിലയിലാണെന്ന് സിദ്ധാര്‍ഥിന്റെ പിതാവ് ജയപ്രകാശ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. നടപടി വൈകിയാല്‍ സമരം തുടങ്ങുമെന്നും ജയപ്രകാശ് പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇനി മുഖ്യമന്ത്രിയെ കാണില്ലെന്നും ഭരണപക്ഷത്തെ സമീപിക്കില്ലെന്നും ജയപ്രകാശ് വ്യക്തമാക്കി.
അന്വേഷണം സി ബി ഐക്ക് കൈമാറാന്‍ വിജ്ഞാപനം ഇറക്കിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും താന്‍ ചതിക്കപ്പെട്ടുവെന്ന തോന്നലുണ്ടെന്നും പ്രതിപക്ഷ നേതാവുമായുള്ള കൂടിക്കാഴ്ചക്കു ശേഷം അദ്ദേഹം പ്രതികരിച്ചു.