Kerala
സിദ്ധാര്‍ഥിന്റെ മരണം: വിസിയെ സസ്‌പെന്‍ഡ് ചെയ്ത ഗവര്‍ണറുടെ നടപടിയോട് യോജിക്കാനാകില്ലെന്ന് മന്ത്രി ചിഞ്ചുറാണി
അതേസമയം നടപടി സര്‍ക്കാര്‍ ഗവര്‍ണര്‍ പോരിന്റെ ഭാഗമാണെന്ന് കരുതുന്നില്ലെന്ന് മന്ത്രി പറഞ്ഞു
ആലപ്പുഴ | സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട് വിസിയെ സസ്‌പെന്റ് ചെയ്ത ഗവര്‍ണറുടെ നടപടിയോട് യോജിക്കാനാകില്ലെന്ന് മന്ത്രി ചിഞ്ചുറാണി. വിസിയെ സസ്‌പെന്‍ഡ് ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും ഗവര്‍ണറുടെ നടപടി സര്‍ക്കാരുമായി ആലോചിക്കാതെയായിരുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സിദ്ധാര്‍ഥിന്റെ മരണത്തില്‍ ചെയ്യേണ്ട നടപടികളെല്ലാം തന്നെ സര്‍വകലാശാല എടുത്ത് കഴിഞ്ഞു. പരാതി കിട്ടിയ 31 പേരില്‍ 19 പേര്‍ക്കെതിരെയും നടപടി ഉണ്ടായിട്ടുണ്ടെന്നും ഗവര്‍ണറുടെ നടപടി വകുപ്പ് തല അന്വേഷണം തുടരുന്നതിനിടയിലുമാണ് ഉണ്ടായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡീനെ മാറ്റാനുള്ള നിര്‍ദേശം നേരത്തെ നല്‍കി കഴിഞ്ഞിരുന്നെന്നും മരിച്ചതിനുശേഷം സിദ്ധാര്‍ഥിനെതിരെ പരാതി കൊടുത്തത് ശരിയായില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം സര്‍ക്കാര്‍ ഗവര്‍ണര്‍ പോരിന്റെ ഭാഗമാണ് നടപടിയെന്ന് കരുതുന്നില്ലെന്നും ചാന്‍സലര്‍ എന്ന നിലയില്‍ വെറ്ററിനറി സര്‍വകലാശാലയുടെ കാര്യത്തില്‍ ഗവര്‍ണറുടെ ഭാഗത്ത് നിന്നും നല്ല സഹകരമാണ് ഉണ്ടായിരുന്നതെന്നും മന്ത്രി പറഞ്ഞു.