Connect with us

Kerala

സിദ്ധാര്‍ഥിന്റെ മരണം; കീഴടങ്ങിയ എസ്എഫ്‌ഐ നേതാക്കളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും 

കോളജ് യൂണിയന്‍ പ്രസിഡന്റ് കെ അരുണ്‍, എസ്എഫ്ഐ. യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍, മറ്റൊരു പ്രതി എന്നിവരാണ് രാത്രി കല്‍പ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങിയത്.

Published

|

Last Updated

കല്‍പ്പറ്റ |  വയനാട്  പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട്  ഒളിവിലായിരുന്ന എസ്എഫ്ഐ നേതാക്കള്‍ അടക്കം മൂന്നു പേര്‍ കീഴടങ്ങി. കോളജ് യൂണിയന്‍ പ്രസിഡന്റ് കെ അരുണ്‍, എസ്എഫ്ഐ. യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍, മറ്റൊരു പ്രതി എന്നിവരാണ് രാത്രി കല്‍പ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങിയത്.

പ്രതികളിലൊരാളായ പാലക്കാട് സ്വദേശി പട്ടാമ്പി ആമയൂര്‍ കോട്ടയില്‍ വീട്ടില്‍ കെ അഖിലിനെ (28) ബുധനാഴ്ച രാത്രി പാലക്കാട്ടുനിന്ന് പോലീസ് പിടികൂടിയിരുന്നു.  ബന്ധുവീട്ടില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്.  ഇതോടെ 18 പ്രതികളില്‍ 10 പേരും പോലീസിന്റെ പിടിയിലായി.
കീഴടങ്ങിയ പ്രതികളുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. സിദ്ധാര്‍ഥനെ മര്‍ദ്ദിച്ച സംഘത്തിലെ പ്രധാനിയായ കോളജ് യൂണിയന്‍ പ്രസിഡന്റ് അരുണ്‍ റാഗിങ് തടയാനുള്ള കോളജ് ആന്റി റാഗിങ് സെല്‍ അംഗം കൂടിയാണ്. പ്രതികള്‍ക്കു മേല്‍ ആത്മഹത്യാപ്രേരണ, റാഗിങ്, മര്‍ദ്ദനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഒളിവിലുള്ള എട്ടു പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

വയനാട് എസ്പിയാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. കല്‍പ്പറ്റ ഡിവൈഎസ്പിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ഒരു ഡിവൈഎസ്പിയെ കൂടി പ്രത്യേക സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.