National
സിദ്ദീഖ് കാപ്പന് ജാമ്യം; ആറാഴ്ചകൾക്ക് ശേഷം കേരളത്തിലേക്ക് പോകാമെന്ന് സുപ്രീം കോടതി
യു പി സർക്കാർ ചുമത്തിയ യുഎപിഎ കേസിലാണ് ജാമ്യം
ന്യൂഡൽഹി | ഉത്തർപ്രദേശ് സർക്കാർ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. വരുന്ന ആറാഴ്ച്ച ഡൽഹിയിൽ കഴിയണമെന്നും അതിന് ശേഷം ആവശ്യമെങ്കിൽ കേരളത്തിലേക്ക് പോകാം എന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി. എല്ലാ ആഴ്‌ചയും പോലീസ് സ്‌റ്റേഷനിൽ ഹാജറായി ഹാജർ രേഖപ്പെടുത്തണമെന്നും സിദ്ദിഖ് കാപ്പന്റെ അഭിഭാഷകന്‍ എല്ലാ ദിവസവും ഹിയറിങ്ങിന് ഹാജരാവണമെന്നും നിർദേശമുണ്ട്. കാപ്പന്റെ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്നും ജാമ്യ ഉത്തരവിൽ പറയുന്നു.
സിദ്ദീഖ് കാപ്പനെ കേരളത്തിലേക്ക് പോകാൻ അനുവദിക്കരുത് എന്നാണ് യു പി സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഇത് പൂർണമായും കോടതി അംഗീകരിച്ചില്ല. ആറ് ആഴ്ചകൾക്ക് ശേഷം നാട്ടിലേക്ക് പോകാം എന്ന ഉപാധിയോടെ കോടതി ജാമ്യം അനുവദിക്കുകയായിരന്നു.
ഹാഥറസ് പെൺകുട്ടിക്ക് നീതി കിട്ടണം എന്നു പറയുന്നത് കുറ്റകൃത്യമാണോയെന്നും കാപ്പൻ സഞ്ചരിച്ച കാറിൽനിന്ന് കണ്ടെടുത്ത ലഘുലേഖകളിൽ അപകടകരമായ എന്താണുള്ളതെന്നും കോടതി ചോദിച്ചു. കാപ്പനെതിരെ കൂട്ടുപ്രതിയുടെ മൊഴിയുണ്ടെന്നായിരുന്നു യുപി സർക്കാർ വാദം. കൂട്ടുപ്രതിയുടെ മൊഴി തെളിവായി കണക്കാക്കാനാകില്ലെന്ന് വ്യക്തമാക്കി കോടതി ഇത് തള്ളി.
കേസിൽ വിചാരണ നടപടി ഉടൻ ആരംഭിക്കുമോ എന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന് ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ലെന്നും രണ്ടുമാസത്തിനകം തുടങ്ങാൻ ഞങ്ങൾ നടപടിയെടുക്കുന്നു എന്നുമായിരുന്നു ഉത്തർപ്രദേശ് സർക്കാറിന് വേണ്ടി ഹാജരായി അഭിഭാഷകൻ കോടതിയെ അറിയിച്ചത്.
ഹാഥ്റസിൽ കൂട്ടബലാത്സംഗത്തിനിരയായി ദളിത് യുവതി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാനായി പുറപ്പെട്ട സിദ്ദീഖ് കാപ്പനെ യാത്രാമധ്യേ യു പി പോലീസ് പിടികൂടുകയായിരുന്നു. ഡൽഹിക്ക് അടുത്ത് മഥുര ടോൾ പ്ലാസയിൽ വെച്ച് 2020 ഒക്ടോബറിലാണ് കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ശേഷം സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. പിന്നീട് അദ്ദേഹത്തിന് എതിരെ യുഎപിഎ ചുമത്തി. ഹാഥ്‌രസ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സമുദായ സംഘര്‍ഷത്തിനു ശ്രമിച്ചെന്നാണ് യുപി പൊലീസിന്റെ കേസ്.
കഴിഞ്ഞ വർഷം ഏപ്രിലിൽ സിദ്ദീഖ് കാപ്പന് കൊവിഡ് പിടികൂടി ആരോഗ്യ സ്ഥിതി മോശമായെങ്കിലും കാപ്പന് ശരിയായ ചികിത്സ നൽകാതിരുന്നത് വിവാദമങ്ങൾക്കിടയാക്കിയിരുന്നു. ജയിലിൽ താന്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നേരിടുന്നതെന്നും ആശുപത്രിയില്‍ തന്നെ ചങ്ങലക്കിട്ടിരിക്കുകയാണെന്നും കാപ്പന്‍ വിളിച്ചു പറഞ്ഞതായി ഭാര്യ വെളിപ്പെടുത്തിയതോടെയാണ് വിവരം പുറംലോകമറിയുന്നത്.
ആശുപത്രിയിൽ കുഴഞ്ഞുവീണ് താടിയെല്ല് പൊട്ടിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെടുകയും സിദ്ദീഖ് കാപ്പന് അടിയന്തര ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
തുടർന്ന് വിഷയത്തിൽ സുപ്രീം കോടതി യുപി സർക്കാറിനോട് റിപ്പോർട്ട് തേടി. കൊവിഡ് പോസിറ്റീവായിരിക്കെ കൊവിഡ് നെഗറ്റീവ് റിപ്പോർട്ടാണ് യു പി സർക്കാർ കോടതിയിൽ ഹാജരാക്കിയത്.
യു എ പി എ കേസിൽ മാത്രമാണ് കാപ്പന് നിലവിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. എൻഫോഴ്സ്മെന്റ് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രാകരമുള്ള കേസിൽ കൂടി ജാമ്യം ലഭിച്ചാൽ മാത്രമേ അദ്ദേഹത്തിന് ജയിലിൽ നിന്ന് പുറത്തിറങ്ങാനാകൂ.