National
സിദ്ദീഖ് കാപ്പനെ ജയിലിലടച്ചിട്ട് ഒരുവര്‍ഷം; ശക്തമായ പ്രതിഷേധമുയര്‍ത്തി മാധ്യമ പ്രവര്‍ത്തകര്‍
ന്യൂഡല്‍ഹി | കെട്ടിച്ചമച്ച കുറ്റങ്ങള്‍ ചുമത്തി മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ യു പി പോലീസ് അറസ്റ്റ് ചെയ്തിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു. യു പിയിലെ ഹത്രാസിലെ 20കാരിയായ ദളിത് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് കാപ്പനെ പോലീസ് അറസ്റ്റ് ചെയ്തതത്. തീവ്രവാദി സംഘടനകളുമായി ബന്ധമുണ്ടെന്നും ഹത്രാസില്‍ കലാപം നടത്താന്‍ എത്തിയതാണെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്. പിന്നീട് യു എ പി എയും ചുമത്തി. 5,000 പേജുള്ള കുറ്റപത്രമാണ് പോലീസ് കാപ്പനെതിരെ തയാറാക്കിയിട്ടുള്ളത്. കാപ്പന്റെ ലേഖനങ്ങള്‍ പ്രകോപനമുണ്ടാക്കുന്നതാണെന്നും കുറ്റപത്രത്തില്‍ ആരോപിച്ചിട്ടുണ്ട്.
കാപ്പന് ജാമ്യം ലഭിക്കുന്നതിനായുള്ള നിയമപ്പോരാട്ടം സുപ്രീം കോടതിയില്‍ തുടരുകയാണ്. കാപ്പനെതിരെ തെളിവുകള്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്നും ഒരു വര്‍ഷമായിട്ടും കുറ്റപത്രത്തിന്റെ അസല്‍ പകര്‍പ്പുകള്‍ നല്‍കിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറയുന്നു. ഒരു വര്‍ഷത്തെ ജയില്‍ വാസത്തിനിടെ മാതാവിനെ കാണാന്‍ ഒരു തവണ മാത്രമാണ് കാപ്പന് ഇടക്കാല ജാമ്യം അനുവദിച്ചത്. ഒരു തവണ ചികിത്സയ്ക്കായി ഡല്‍ഹിയില്‍ കൊണ്ടുവരികയും ചെയ്തു. ശാരീരാകാസ്വാസ്ഥ്യങ്ങള്‍ പൂര്‍ണമായി മാറുന്നതിന് മുമ്പാണ് അദ്ദേഹത്തെ വീണ്ടും ജയിലിലേക്ക് മാറ്റിയത്. കാപ്പന്റെ മോചനം ആവശ്യപ്പെട്ട് ഡല്‍ഹിയിലും കേരളത്തിലും മാധ്യമ സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ സംബന്ധിച്ചു.