Connect with us

Articles

ട്രംപിസത്തിന്റെ പാര്‍ശ്വഫലങ്ങള്‍

യു എസ് കടന്നു പോകുന്ന സാമ്പത്തിക പ്രതിസന്ധികള്‍, അന്താരാഷ്ട്ര ഒറ്റപ്പെടല്‍, കൊവിഡിന് ശേഷം താറുമാറായ ആരോഗ്യരംഗം, ബൈഡന്‍ തുടങ്ങിവെച്ച യുക്രൈന്‍ യുദ്ധം, ഫലസ്തീനിലെ വംശഹത്യ ഇവയെല്ലാം ചര്‍ച്ചയില്‍ നിന്ന് മായും. സ്വന്തം പാര്‍ട്ടിയിലെ കന്നി വോട്ടറാണ് വെടിവെച്ചത്. എന്നിട്ടും കുറ്റം കുടിയേറ്റക്കാര്‍ക്ക് ചാര്‍ത്തുന്നത് ഉന്നത റിപബ്ലിക്കന്‍ നേതാക്കളാണ്. അത് കണക്കു കൂട്ടിയുള്ള രാഷ്ട്രീയ പ്രയോഗമാണ്.

Published

|

Last Updated

2015ലാണ്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള പ്രൈമറികള്‍ നടക്കുന്ന സമയം. റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി പട്ടികയിലെ പലരില്‍ ഒരാളായിരുന്നു അന്ന് ഡൊണാള്‍ഡ് ജെ ട്രംപ് എന്ന കോടീശ്വരന്‍. അന്ന് അമേരിക്കന്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞ ഒരു ഹാഷ് ടാഗ് ലോകത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റി. യു എയിന്റ്നോ അമേരിക്കന്‍, ബ്രോ (ബ്രോ, താങ്കള്‍ അമേരിക്കക്കാരനല്ല) എന്നായിരുന്നു അത്. ട്രംപിനെ നോക്കിയാണ് അമേരിക്കയിലെ ബൗദ്ധിക സമൂഹവും ആക്ടിവിസ്റ്റുകളും ജനാധിപത്യവാദികളും ഈ ഹാഷ് ടാഗ് പങ്കുവെച്ചത്. മുസ്‌ലിം വിരുദ്ധതയുടെ വിഷം വമിക്കുന്ന വാക്കുകള്‍ ഒരു മറയുമില്ലാതെ പുറത്തേക്കൊഴുക്കിയപ്പോള്‍ ട്രംപിനെ തുറന്ന് കാണിക്കാന്‍ ഈ ഒരൊറ്റ വാചകം പര്യാപ്തമായിരുന്നു. ലക്ഷക്കണക്കിനാളുകള്‍ ഈ ഹാഷ്ടാഗിന് ചുവട്ടില്‍ അണിനിരന്നു. വംശീയതയും സ്ത്രീവിരുദ്ധതയും കുടിയേറ്റവിരുദ്ധതയും തീവ്രദേശീയതയും വാരി വിതറി അമേരിക്കന്‍ ചരിത്രത്തിലെന്നല്ല ആഗോളതലത്തില്‍ തന്നെ ഏറ്റവും മലിനമായ ഒരു പ്രചാരണ കാലത്തിനാണ് ട്രംപും കൂട്ടരും അന്ന് തുടക്കം കുറിച്ചത്. അക്കൂട്ടത്തില്‍ ട്രംപ് നടത്തിയ ഒരു പ്രയോഗമാണ് “യു എയിന്റ്നോ അമേരിക്കന്‍’ ഹാഷ് ടാഗിന് കാരണമായത്. ട്രംപ് പറഞ്ഞതിതാണ്: “മുസ്‌ലിംകള്‍ അമേരിക്കന്‍ സുരക്ഷിതത്വത്തിന് ഭീഷണിയാണ്. മുസ്‌ലിംകളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കരുത്. സന്ദര്‍ശനത്തിനെത്തുന്നവരെ വരെ വിലക്കണം. രാജ്യത്ത് മുസ്‌ലിംകളുടെ എണ്ണം കൂടുന്നത് അപകടകരമാണ്. ആളുകളെ മനസ്സിലാക്കാനുള്ള വിവേകമില്ലാത്തവരാണ് മുസ്‌ലിംകള്‍’. യോര്‍ക്ക് ടൗണിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലായിരുന്നു ഈ ആക്രോശം.
അന്നത്തെ പ്രസിഡന്റ്ബരാക് ഒബാമ മുതല്‍ റിപബ്ലിക്കന്‍ നേതാവ് ജെബ് ബുഷ് വരെയുള്ള സര്‍വരും ട്രംപിനെ ബുദ്ധിശൂന്യനെന്നും കിറുക്കനെന്നും പരദൂഷണക്കാരനെന്നും വിളിച്ചു. പ്രമുഖ അമേരിക്കന്‍ പത്രങ്ങളെല്ലാം ട്രംപിനെതിരെ എഡിറ്റോറിയലുകള്‍ എഴുതി. ഒരു കാര്യവുമുണ്ടായില്ല. ട്രംപിന്റേത് കിറുക്കല്ല, കൃത്യതയാര്‍ന്ന രാഷ്ട്രീയ നീക്കമായിരുന്നുവെന്ന് വഴിയേ വ്യക്തമായി. അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റായി. ഇപ്പോള്‍ ഒരിക്കല്‍കൂടി പ്രസിഡന്റ് പദത്തിലേക്ക് കുതിക്കാനായി റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിന് മത്സരിക്കുമ്പോള്‍ അമേരിക്ക ട്രംപിസത്തിന്റെ വഴിയേ ഏറെ മുന്നോട്ട് പോയിരിക്കുന്നു. ട്രംപിന്റെ മുഖത്ത് ചോര തെറിപ്പിച്ച് കടന്നുപോയ വെടിയുണ്ട ട്രംപിസത്തിന്റെ പാര്‍ശ്വഫലം തന്നെയാണ്. അമേരിക്കയില്‍ സംഭവിക്കുന്ന ഭീകരമായ മാറ്റത്തിന്റെ ആള്‍രൂപമാണ് തോമസ് മാത്യു ക്രൂക്‌സ് എന്ന ഇരുപതുകാരന്‍.
അവന്‍ ട്രംപിന്റെ സ്വന്തം റിപബ്ലിക്കന്‍ പാര്‍ട്ടിക്കാരനാണ്. ട്രംപിനോട് പ്രത്യേകിച്ച് രാഷ്ട്രീയ വിരോധമൊന്നും ഉണ്ടാകാനിടയില്ല. സാധാരണ പറയാറുള്ള “മാനസിക പ്രശ്‌ന’വും ക്രൂക്‌സിനില്ല. പിന്നെ കണ്ടെത്താറുള്ളത് തീവ്രവാദി ഗ്രൂപ്പുകളുമായുള്ള ബന്ധമാണ്. അതിനും തെളിവ് ലഭിച്ചിട്ടില്ല. പെന്‍സില്‍വാനിയയിലെ ബട്‌ലറില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് അങ്ങേയറ്റത്തെ സുരക്ഷ ഒരുക്കിയിരുന്നു. പങ്കെടുക്കാനെത്തിയവരെ അരിച്ചു പെറുക്കി പരിശോധിച്ചിരുന്നു. പഴ്‌സും ബേഗുമൊന്നും അനുവദിച്ചില്ല. സീക്രട്ട് സര്‍വീസും പോലീസും മറ്റ് സുരക്ഷാ സംവിധാനങ്ങളും സജ്ജമായിരുന്നു. തോക്കുധാരിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ചൂണ്ടിക്കാണിച്ചു കൊടുത്തിരുന്നുവെന്ന് ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞിട്ടുണ്ട്. 120 യാര്‍ഡ് അകലെയുള്ള കെട്ടിടത്തിലേക്ക് ഇയാള്‍ കയറിപ്പോകുന്നത് കാണിച്ചു കൊടുത്തുവെന്നാണ് പറയുന്നത്. എന്നിട്ടുമെങ്ങനെ തോമസ് മാത്യു ക്രൂക്‌സിന് വെടിയുതിര്‍ക്കാനായി? അവന്റെ യഥാര്‍ഥ ലക്ഷ്യമെന്താണ്? ഉത്തരമില്ല. എന്തെങ്കിലും ചോദിച്ചറിയാമെന്ന് വെച്ചാല്‍ അതും നടക്കില്ല. പതിവുപോലെ അക്രമിയെ കൊന്നിരിക്കുന്നു. അമേരിക്കയുടെ കൊട്ടിഘോഷിച്ച സുരക്ഷാ സംവിധാനങ്ങള്‍ പരാജയമാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. ആഭ്യന്തര ഭീകരതയെന്നൊക്കെ പദപ്രയോഗം നടത്താമെന്നല്ലാതെ എന്തു സംഭവിച്ചുവെന്ന് വ്യക്തമായി പറയാന്‍ സാധിക്കാത്ത അന്വേഷണ ഏജന്‍സികള്‍ കൊണ്ട് എന്ത് ഫലം? മറ്റു നാടുകളില്‍ കുത്തിത്തിരിപ്പുണ്ടാക്കി ജനങ്ങളെ കൊന്നുതള്ളുന്ന അമേരിക്കക്ക് സ്വന്തം മണ്ണില്‍ സുരക്ഷയൊരുക്കാന്‍ ത്രാണിയില്ലെന്നതിന് ഇതിനേക്കാള്‍ വലിയ തെളിവ് ഇനിയെന്ത് വേണം.

ഏതായാലും തലനാരിഴക്ക് രക്ഷപ്പെട്ട ട്രംപ് അത് അവസരമാക്കി മാറ്റുകയാണ്. നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം കോണ്‍ക്രീറ്റിട്ട് ഉറപ്പിക്കാന്‍ ട്രംപിന് ഇത് അവസരമായിരിക്കുന്നു. മില്‍വൗകീയിലെ റിപബ്ലിക്കന്‍ കണ്‍വെന്‍ഷന്‍ വേദിയിലാണ് വധശ്രമത്തെ അതിജീവിച്ച ശേഷം ട്രംപ് ആദ്യമെത്തിയത്. മുറിഞ്ഞ ചെവിയില്‍ പ്ലാസ്റ്ററൊട്ടിച്ച്, കൂടുതല്‍ ഊര്‍ജസ്വലനായി. പുച്ഛവും അഹങ്കാരവും നിറഞ്ഞ അതേ ചിരി. ചലനങ്ങള്‍. ട്രംപിന്റെ അനുയായികള്‍ വിളിച്ചു പറഞ്ഞു: “ഫൈറ്റ് ഫൈറ്റ് ഫൈറ്റ്’… ട്രംപിനെ വേദിയിലേക്ക് ആനയിച്ച നോര്‍ത്ത് കരോലിനാ സെനറ്റര്‍ ടിം സ്‌കോട്ട് പറഞ്ഞു: “ശനിയാഴ്ച പെന്‍സില്‍വാനിയയില്‍ ഒരു പിശാച് റൈഫിളുമായെത്തി. എന്നാല്‍ ഒരു അമേരിക്കന്‍ സിംഹം അലറിക്കുതിച്ചു. പോരാട്ടമാണ് വഴി’. ഇതേ നിലയിലാണ് പ്രസംഗകരെല്ലാം ട്രംപിന് മേല്‍ അപദാനം ചൊരിഞ്ഞു കൊണ്ടിരുന്നത്. ട്രംപ് പ്രസംഗിച്ചില്ല. കൂടെയുള്ളവര്‍ ആവശ്യത്തിലേറെ പറഞ്ഞുവല്ലോ, അതുമതിയെന്ന് കരുതിക്കാണും. ഡോക്ടര്‍മാര്‍ നിഷ്‌കര്‍ഷിച്ചത് പാലിച്ചതുമാകാം.
ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എന്താണ് കാണാന്‍ പോകുന്നത് എന്നതിന്റെ സാന്പിള്‍ വെടിക്കെട്ടാണ് വിസ്‌കോന്‍സിലെ മില്‍വൗകീയില്‍ കണ്ടത്. യു എസ് കടന്നു പോകുന്ന സാമ്പത്തിക പ്രതിസന്ധികള്‍, അന്താരാഷ്ട്ര ഒറ്റപ്പെടല്‍, കൊവിഡിന് ശേഷം താറുമാറായ ആരോഗ്യരംഗം, ബൈഡന്‍ തുടങ്ങിവെച്ച യുക്രൈന്‍ യുദ്ധം, ഫലസ്തീനിലെ വംശഹത്യ ഇവയെല്ലാം ചര്‍ച്ചയില്‍ നിന്ന് മായും. സ്വന്തം പാര്‍ട്ടിയിലെ കന്നി വോട്ടറാണ് വെടിവെച്ചത്. എന്നിട്ടും കുറ്റം കുടിയേറ്റക്കാര്‍ക്ക് ചാര്‍ത്തുന്നത് ഉന്നത റിപബ്ലിക്കന്‍ നേതാക്കളാണ്. അത് കണക്കു കൂട്ടിയുള്ള രാഷ്ട്രീയ പ്രയോഗമാണ്. തീവ്രവലതുപക്ഷ ഗ്രൂപ്പുകള്‍ക്ക് ശക്തി പകര്‍ന്ന് എല്ലാ അതിദേശീയവാദികളുടെയും വോട്ട് പെട്ടിയിലാക്കാനുള്ള നീക്കമാണിത്. ഒന്നാമൂഴത്തില്‍ ട്രംപ് പയറ്റിയ അതേ തന്ത്രം. അക്രമികള്‍ക്കും തോക്കുധാരികള്‍ക്കും ഇതൊരു അവസരമാകും. വൈറ്റ് സൂപ്രമാസിസ്റ്റ് തീവ്ര ഗ്രൂപ്പുകള്‍ (വെള്ള വംശാഭിമാന ഭ്രാന്തന്‍മാര്‍) ഒന്നടങ്കം രംഗത്തിറങ്ങും. എല്ലാവരുടെ കൈയിലും തോക്കുണ്ടാകും. ഹാര്‍വാര്‍ഡ്, ബോസ്റ്റണ്‍ യൂനിവേഴ്‌സിറ്റികളിലെ അധ്യാപകനും എഴുത്തുകാരനുമായ ക്രിസ്റ്റഫര്‍ റോഡ്‌സ് അല്‍ ജസീറയിലെ കുറിപ്പില്‍ പറയുന്നത് വായിക്കാം: “ശനിയാഴ്ചത്തെ വെടിവെപ്പ് അമേരിക്കയെ സംബന്ധിച്ചിടത്തോളം വളരെ അപകടകരമായ സമയത്തിന്റെ തുടക്കമായിരിക്കും. 2021 ജനുവരി ആറിന് ക്യാപിറ്റോളില്‍ നടന്ന അക്രമം നാം കണ്ടതാണ്. രാഷ്ട്രീയ അക്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രൗഡ് ബോയ്‌സ് പോലുള്ള വലതുപക്ഷ സംഘടനകളുടെ പ്രവര്‍ത്തകര്‍ അവിടെയുണ്ടായിരുന്നു. കൂട്ട വെടിവെപ്പുകളും മറ്റ് ആക്രമണങ്ങളും നടത്തിയ ക്രിമിനലുകളും മതഭ്രാന്തന്മാരും ആ അഴിഞ്ഞാട്ടത്തിലുണ്ടായിരുന്നു. അമേരിക്കയെ കത്തിച്ചാമ്പലാക്കാനുള്ള ശേഷി ഈ ഗ്രൂപ്പുകള്‍ക്കുണ്ട്. രാഷ്ട്രീയ നേതാക്കള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ രാഷ്ട്രീയ ഏറ്റുമുട്ടലിന്റെ ഭീകര കാലത്തേക്ക് അമേരിക്ക എടുത്തെറിയപ്പെടും’.

ക്രിസ്റ്റഫര്‍ സൂചിപ്പിച്ച ക്യാപിറ്റോള്‍ ആക്രമണം ട്രംപ് തോറ്റപ്പോഴാണ് അരങ്ങേറിയത്. തോല്‍വി അംഗീകരിക്കാന്‍ അയാള്‍ കൂട്ടാക്കിയില്ല. അണികളെ ഇളക്കി വിട്ടു. ഇന്നും ആ തിരഞ്ഞെടുപ്പ് അംഗീകരിക്കാന്‍ ട്രംപ് തയ്യാറായിട്ടില്ല. ക്യാപിറ്റോള്‍ വയലന്‍സ് കേസില്‍ ട്രംപ് വിചാരണ നേരിടുകയാണ്. കളി മാറുന്നത് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയുമായ ജോ ബൈഡന്‍ തിരിച്ചറിയുന്നുണ്ടെന്ന് തോന്നുന്നു. വെടിവെപ്പിനെ ശക്തമായി അപലപിച്ച അദ്ദേഹം അമേരിക്കയെ അക്രമികള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ചു. സത്യത്തില്‍ ഈ വെടിവെപ്പ് പൊടുന്നനെ സംഭവിക്കുന്ന ഒന്നല്ല. കാലങ്ങളായി അമേരിക്കന്‍ ഭരണാധികാരികള്‍ വിതറിയ ഭയവും വിദ്വേഷവും തിരിച്ചടിക്കുകയാണ്.

വേള്‍ഡ് ട്രേഡ് സെന്റര്‍ പതനത്തിന് ശേഷം അധിനിവേശ ആക്രമണങ്ങള്‍ വ്യാപിപ്പിച്ചതിന്റെ ആത്യന്തിക ഫലം അമേരിക്കന്‍ സാമൂഹിക ജീവിതത്തിലാകെ നിഗ്രഹ ത്വര വര്‍ധിച്ചുവെന്നതാണ്. സ്‌കൂളുകളിലും കോളജുകളിലും കൂട്ടക്കുരുതികള്‍ നിത്യസംഭവമായി മാറി. വ്യക്തിപരമായി വിദൂര ശത്രുത പോലുമില്ലാത്തവരെയാണ് യുവാക്കള്‍ തോക്കിനിരയാക്കുന്നത്. ഒരു കാരണവും കണ്ടെത്താനാകാതെ ഇത്തരം കൂട്ടക്കൊലകള്‍ ഒടുങ്ങുകയാണ്. രാഷ്ട്രത്തിന്റെ ആക്രമണ ത്വര പൗരന്‍മാരിലേക്ക് പടരുന്ന അനിവാര്യമായ പ്രതിഭാസമാണ് ഈ ഒറ്റയാള്‍ ആക്രമണങ്ങള്‍. മേധാവിത്വത്തിനായി രാഷ്ട്രം നടത്തുന്ന കുരുതികള്‍ പ്രസിഡന്റ് മാറിയതുകൊണ്ടോ ഭരണകക്ഷി മാറിയതുകൊണ്ടോ മാറുന്നില്ല. എല്ലാവര്‍ക്കും തോക്കുണ്ട് അമേരിക്കയില്‍. സിവിലിയന്‍മാരുടെ ആയുധ ഉപഭോഗം നിയന്ത്രിക്കണമെന്ന് ബൈഡന് അഭിപ്രായമുണ്ട്. പക്ഷേ, ട്രംപ് പറയുന്നത് അതിന്റെ ആവശ്യമില്ലെന്നാണ്. എന്തിനാണ് മാന്യമായി ലൈസന്‍സ് വാങ്ങിക്കുന്ന തോക്കുടമകളെ അപമാനിക്കുന്നതെന്ന് ട്രംപ് ചോദിക്കുന്നു. സയണിസ്റ്റ് ലോബി കഴിഞ്ഞാല്‍ അമേരിക്കയിലെ ഏറ്റവും ശക്തമായ ലോബി നാഷനല്‍ റൈഫിള്‍ അസ്സോസിയേഷനാണ്. അവര്‍ പറയുന്നിടത്ത് നില്‍ക്കും എല്ലാ നയങ്ങളും.
അമേരിക്കയില്‍ നടക്കുന്ന വെടിവെപ്പുകള്‍ ചരിത്രത്തിന്റെ പകരംവീട്ടല്‍ കൂടിയാണ്. അഫ്ഗാനിലും ഇറാഖിലും ലിബിയയിലുമൊക്കെ എന്താണ് അമേരിക്ക നേടിയത്. സദ്ദാം ഹുസൈന്റെയും ഉസാമാ ബിന്‍ ലാദന്റെയും മുഅമ്മര്‍ ഗദ്ദാഫിയുടെയും മയ്യിത്തുകള്‍. അതിനപ്പുറമൊന്നുമില്ല. ആ ആക്രമണങ്ങള്‍ അമേരിക്കയുടെ സുരക്ഷിതത്വം ഒരു കണിക പോലും ഉയര്‍ത്തിയിട്ടില്ല. താറുമാറാക്കപ്പെട്ട രാജ്യങ്ങളും അമേരിക്കയും ഒരു പോലെ അരക്ഷിതമായി മാറി. അമേരിക്ക ഉപേക്ഷിച്ചു പോയ ഇറാഖ് പിന്നീട് സ്വാസ്ഥ്യത്തിലേക്ക് മടങ്ങിയതേയില്ല. അധിനിവേശം തകര്‍ത്തെറിഞ്ഞ അഫ്ഗാന് വികസനത്തിലേക്ക് വളരാന്‍ എത്ര കാലം കഴിയണം? ഗദ്ദാഫിയൊഴിഞ്ഞ ലിബിയ സ്വകാര്യ സേനകളുടെ പിടിയിലാണ്. എണ്ണസമ്പത്ത് മുഴുവന്‍ അവര്‍ തോന്നിയ വിലക്ക് തോന്നിയവര്‍ക്ക് വില്‍ക്കുന്നു. ഭരണകൂടമേ ഇല്ല അവിടെ. ഈ രാജ്യങ്ങളെയെല്ലാം നിതാന്തമായി തകര്‍ത്തെറിഞ്ഞതിന്റെ ഉത്തരവാദിത്വം അമേരിക്ക എപ്പോഴെങ്കിലും ഏറ്റുപറഞ്ഞിട്ടുണ്ടോ? ഫലസ്തീനിലെ കുഞ്ഞുങ്ങളെ കൊന്നുതീര്‍ക്കാന്‍ ഇസ്‌റാഈല്‍ ഉപയോഗിക്കുന്ന ആയുധവും പണവും അമേരിക്കയുടേതല്ലേ? അതുകൊണ്ട് അമേരിക്കന്‍ കൗമാരം തോക്കുമായിറങ്ങും. തന്റെ ടൂള്‍ ബോക്‌സ് ഉപയോഗിച്ച് ഒരു കുട്ടി ഉണ്ടാക്കിയ ക്ലോക്ക് ക്ലാസ്സില്‍ കൊണ്ടുവന്നാല്‍ അധ്യാപികക്ക് ബോംബാണെന്ന് തോന്നും. ബാഗിലോ കീശയിലോ തോക്കില്ലാതെ ഒരാള്‍ക്കും പുറത്തിറങ്ങാനാകില്ല. അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്നവരെ എത്ര പരിശോധിച്ചാലും അധികാരികള്‍ക്ക് മതിവരില്ല. മുസ്‌ലിം പേരാണെങ്കില്‍ പ്രത്യേകിച്ച്. കറുത്ത തൊലിയുള്ള മുഴുവന്‍ പേരും കൊള്ളക്കാരാണെന്ന് അവര്‍ക്ക് തോന്നും. അത്രമേല്‍ അരക്ഷിതമാണ് അമേരിക്ക. വെടിയൊച്ചകള്‍ നിലക്കാത്ത അമേരിക്ക.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest