Connect with us

punjab election

പഞ്ചാബ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായി സിദ്ദുവിനെ നിയമിച്ചു

അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നേരിടുക പി സി സി അധ്യക്ഷന്‍ നവജോത് സിംഗ് സിദ്ദുവിന്റെ നേതൃത്വത്തില്‍ തന്നെയായിരിക്കും എന്ന സൂചന നല്‍കി കോണ്‍ഗ്രസ്

Published

|

Last Updated

ചണ്ഡിഗഢ് | അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നേരിടുക പി സി സി അധ്യക്ഷന്‍ നവജോത് സിംഗ് സിദ്ദുവിന്റെ നേതൃത്വത്തില്‍ തന്നെയായിരിക്കും എന്ന സൂചന നല്‍കി കോണ്‍ഗ്രസ്. ഇതിന്റെ മുന്നോടിയായി പാര്‍ട്ടിയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായി സിദ്ദുവിനെ നിയമിച്ചു. സിദ്ദുവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് അമരീന്ദര്‍ സിംഗ് പാര്‍ട്ടി വിട്ടിരുന്നു. ഇതിന് പിന്നാലെ ചരണ്‍ജിത്ത് സിംഗ് ചന്നി മുഖ്യമന്ത്രിയായി എത്തിയിരുന്നു. ചന്നിയുടെ നേതൃത്വത്തിലായിരിക്കും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുക എന്നായിരുന്നു നേരത്തേ പ്രതീക്ഷിച്ചിരുന്നത്.

അടിയന്തര പ്രാധാന്യത്തോടെ 29 അംഗ ഇലക്ഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ എ ഐ സി സി പ്രസിഡന്റ് സോണിയാ ഗാന്ധി അനുമതി നല്‍കിയതായി സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു. ചരണ്‍ജിത്ത് സിംഗ് ചന്നി സമിതിയിലെ അംഗമാണ്. ഇതിന് പുറമേ സംസ്ഥാനത്ത് നിന്നുള്ള എല്ലാ രാജ്യസഭാ, ലോക്‌സഭാ എം പിമാരും സംസ്ഥാന നിയമസഭയിലെ മുഴുവന്‍ മന്ത്രിമാരും സമിതിയിലുണ്ട്.