Connect with us

National

ക്യാപ്റ്റനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സിദ്ധു പക്ഷം; പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി

നേരത്തേയും പഞ്ചാബ് കോണ്‍ഗ്രസില്‍ ക്യാപ്റ്റന്‍- സിദ്ധു പക്ഷങ്ങള്‍ പോരടിച്ചിരുന്നു.

Published

|

Last Updated

അമൃത്സര്‍ | പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ മാറ്റണമെന്ന ആവശ്യം വീണ്ടും ഉയര്‍ന്നു. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജോത് സിദ്ധുവിനെതിരെ വിമര്‍ശമുന്നയിച്ചതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ ഈ ആവശ്യം ഉയര്‍ന്നത്. 23 കോണ്‍ഗ്രസ് എം എല്‍ എമാരാണ് ക്യാപ്റ്റന്റെ രാജി ആവശ്യപ്പെടുന്നത്.

ഇവരില്‍ മൂന്ന് മന്ത്രിമാരുമുണ്ട്. ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നാണ് ഇവരുടെ നിലപാട്. ക്യാപ്റ്റനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയില്ലെങ്കില്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്നും ഇക്കാര്യത്തില്‍ സോണിയാ ഗാന്ധിയെ കാണുമെന്നും സംസ്ഥാന മന്ത്രി തൃപ്ത് സിംഗ് ബജ്വ പറഞ്ഞു.

അതേസമയം, വിവാദത്തിന് തിരികൊളുത്തിയ സിദ്ധുവിന്റെ സഹായികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ക്യാപ്റ്റന്‍ പക്ഷത്തെ അഞ്ച് മന്ത്രിമാരും ഒരു എം എല്‍ എയും ആവശ്യപ്പെട്ടു. ഇത് രണ്ടാം തവണയാണ് ക്യാപ്റ്റനെ മാറ്റണമെന്ന ആവശ്യമുയരുന്നത്. നേരത്തേയും പഞ്ചാബ് കോണ്‍ഗ്രസില്‍ ക്യാപ്റ്റന്‍- സിദ്ധു പക്ഷങ്ങള്‍ പോരടിച്ചിരുന്നു.

Latest