Travelogue
കേപിലെ കൗതുകക്കാഴ്ചകൾ
തീരത്ത് നിന്നും കടലിലേക്ക് നോക്കിയാൽ അങ്ങകലെ ദൂരെയൊരു തുരുത്ത് കാണാം. റാബിറ്റ് ഐലൻഡ് എന്നാണ് അത് അറിയപ്പെടുന്നത്. നിറയെ തെങ്ങുകളും ചെറു വീടുകളുമുള്ള ഒരു കൊച്ചു ദ്വീപ്. വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയമേറിയ ഇടമാണിത്.
ഞങ്ങൾ താമസിക്കുന്ന ദാരിക റിസോർട്ടിന്റെ ചുറ്റുഭാഗവും വെളിച്ചം പൂർണമായി വന്നിട്ടില്ല. തലേന്ന് രാത്രി ഈ റിസോർട്ടിൽ റൂമെടുക്കുമ്പോൾ തന്നെ സമയം ഏറെ വൈകിയിരുന്നു. രണ്ടിലധികം ഹോട്ടലുകൾ നോക്കിയിട്ട് കൂട്ടത്തിൽ അൽപ്പം വൃത്തിയും സൗകര്യവുമുള്ളത് നോക്കി എടുത്തതാണ് ദാരിക റിസോർട്ട്. ഓരോ മുറികളും കോട്ടേജ് രൂപത്തിലാണ് പണിതിട്ടുള്ളത്. ഏത് അതിഥികൾക്കും സ്വന്തമായി മുറ്റവും സ്വകാര്യതയും സംരക്ഷിക്കാൻ പറ്റുന്ന രൂപത്തിലുള്ള നിർമിതിയാണ്.
കിഴക്കനേഷ്യൻ രാജ്യങ്ങളിൽ വലിയ പെരുന്നാളാണ്. ആ മനസ്സോട് കൂടിയാണ് നേരത്തെ ഉണർന്നത്. രാവിലെ ആറര മണിയാകുമ്പോഴേക്ക് തന്നെ ഒരുങ്ങിനിൽക്കാൻ സുനി ആവശ്യപ്പെട്ടിരുന്നു. ഞങ്ങൾ കുളിച്ചു പുതുവസ്ത്രമണിഞ്ഞു സുനിയെ കാത്തിരുന്നു. കൃത്യ സമയത്ത് തന്നെ ഞങ്ങളെ കൂട്ടി മസ്ജിദിലേക്ക് പോകാൻ അവൻ കാറെടുത്തുവന്നു. റിസോർട്ടിൽ നിന്നും അൽപ്പം മാത്രം യാത്ര ചെയ്തു ഒരു മസ്ജിദിലേക്ക് വാഹനം എത്തിച്ചേർന്നു. തകര കൊണ്ട് പണിത ഒരു ചെറിയ ആരാധനാലയം. നൂറിൽ താഴെ മാത്രം വിശ്വാസികൾ ഒരുമിച്ചു കൂടിയിട്ടുണ്ട്. ഏഴ് മണിക്ക് തന്നെ നിസ്‌കാരവും അനുബന്ധ കർമങ്ങളും ആരംഭിച്ചു. പെട്ടെന്ന് തീർന്നു. അറബി ഭാഷയിൽ തന്നെ പെരുന്നാൾ ഖുതുബയും പ്രാർഥനയും എല്ലാം നിർവഹിക്കപ്പെട്ടു.
ലോകത്ത് എല്ലായിടത്തും ആരാധനകളൊക്കെ അറബി ഭാഷയിൽ തന്നെയാണ് വിശ്വാസികൾ ചെയ്യുന്നത്. നിസ്‌കാരം കഴിഞ്ഞതിനു ശേഷം ആളുകൾ പരസ്പരം ആശ്ലേഷിക്കാനും ഹസ്തദാനം ചെയ്യാനും തുടങ്ങി. ഞങ്ങൾ ഇന്ത്യക്കാരെന്ന് അറിഞ്ഞപ്പോൾ അവർക്ക് ആവേശമായി. തങ്ങളുടെ കുഗ്രാമത്തിൽ ആയിരക്കണക്കിന് മൈലുകൾ താണ്ടി വന്നവരോട് അവർ ആഴത്തിലുള്ള സൗഹൃദവും സ്‌നേഹവും പങ്കു വെച്ചു. മസ്ജിദിനു പുറത്ത് നിസ്‌കാരം കഴിഞ്ഞുവരുന്ന പുരുഷന്മാരിൽ നിന്നും സമ്മാനം വാങ്ങാനും അഭിവാദ്യം അർപ്പിക്കാനും ഒരുപാട് കുട്ടികൾ സന്നിഹിതരായിരുന്നു. അവരെല്ലാം ഞങ്ങളോട് സംസാരിക്കാനും ഒരു ചെറുപുഞ്ചിരി നൽകാനും മത്സരിച്ചുകൊണ്ടിരുന്നു. അൽപ്പ സമയത്തിനകം എല്ലാവരും പിരിഞ്ഞു. ഇനിയാണ് യഥാർഥ പ്രശ്‌നം ഉദിക്കുന്നത്. നാട്ടിൽ വലിയ പെരുന്നാൾ കഴിഞ്ഞാലുള്ള സുഭിക്ഷമായ ഭക്ഷണവും ആഘോഷ പ്പൊലിവൊന്നും ഇവിടെ കാണുന്നില്ല. എന്റെ വിശപ്പിന്റെ വിളി അത്യുച്ചത്തിലായി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിലധികമായി ഖര രൂപത്തിലുള്ള വല്ല ഭക്ഷണവും വയറിനകത്തേക്ക് ചെന്നിട്ട്, അതിന്റെ ക്ഷീണം അലട്ടുന്നുണ്ട്. സുനി അവന്റെ വീട്ടിലേക്ക് ക്ഷണിച്ചു. ഞങ്ങൾ അവിടേക്ക് തിരിച്ചു.
സുനി യാക്കൂബിന്റെ വീടും അവരുടെ അയൽപക്കത്തുള്ള വീടുകളുമെല്ലാം നിർമിച്ചത് ഒരു പ്രത്യേക രീതിയിലാണ്. വീതിയുള്ള മരത്തിന്റെ കാലുകൾ നാട്ടിയിട്ട് അതിന്റെ മുകളിൽ ഒരു പ്ലാറ്റ്‌ഫോം നിർമിച്ച് അതാണ് വീടായി ഉപയോഗിക്കുന്നത്. പൂഴിമണലിന്റെ സാനിധ്യവും കടലിന്റെ ആക്രമണവും പരിഗണിച്ചാകും ചിലപ്പോൾ ഇങ്ങനെ നിർമിച്ചതെന്ന് അനുമാനിച്ചു. വെള്ളത്തിന്റെ ടാങ്കിനും മറ്റു അനുബന്ധ വസ്തുക്കൾക്കുമെല്ലാം ഇത്തരത്തിലുള്ള മറ്റൊരു പ്ലാറ്റ്‌ഫോം നിർമിക്കേണ്ടതുണ്ട്. സുനിയുടെ മാതാവ് വൈവിധ്യമാർന്ന ഭക്ഷണം വിളമ്പിയിരുന്നു. പക്ഷേ, ഒരു ചെറു ഭാഗം പോലും എനിക്ക് കഴിക്കാൻ സാധിക്കുന്നില്ല. വലിയ ധർമസങ്കടത്തിലായി ഞാൻ. വിശപ്പിനേക്കാൾ ഉപരി ആ ആതിഥേയരോട് കാണിക്കുന്ന മര്യാദ കേടായിരുന്നു മനസ്സിൽ നിറയെ. ആർകിടെക്ട് ദർവേഷ് ഉള്ളത് കൊണ്ട് അൽപ്പമെങ്കിലും ആ മര്യാദ കേടിന്റെ ആഴം കുറച്ചു. പെരുന്നാൾ സുദിനം അൽപ്പ നേരം ആ ഉമ്മയോടൊപ്പം ചെലവഴിച്ചതിനു ശേഷം ഞങ്ങൾ കേപ് പ്രവിശ്യയുടെ കടൽത്തീരത്തേക്ക് യാത്രയായി. വല്ല കടകളിലും കയറി ഭക്ഷണ സാധങ്ങൾ വാങ്ങിക്കണമെന്നതായിരുന്നു ലക്ഷ്യം. യാത്രക്കിടയിൽ കേപ് പ്രവിശ്യയുടെ പ്രധാന വരുമാന സ്രോതസ്സായ ഞണ്ടിന്റെ വലിയ രൂപം കടലിൽ സ്ഥാപിച്ചത് കാണാൻ കഴിഞ്ഞു. മത്സ്യബന്ധനവും അതിന്റെ ഉപകരണങ്ങളുടെ കച്ചവടവുമാണ് കേപിന്റെ പ്രധാന വരുമാനം. അതുകൊണ്ടായിരിക്കാം ഞണ്ടിന്റെ രൂപം കടലിൽ ഒരു സ്മാരകമായി സ്ഥാപിച്ചത്. തീരത്ത് നിന്നും കടലിലേക്ക് നോക്കിയാൽ അങ്ങകലെ ദൂരെയൊരു തുരുത്ത് കാണാം. റാബിറ്റ് ഐലൻഡ് എന്നാണ് അത് അറിയപ്പെടുന്നത്. നിറയെ തെങ്ങുകളും ചെറു വീടുകളുമുള്ള ഒരു കൊച്ചു ദ്വീപ്. വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയമേറിയ ഇടമാണിത്.
ഞങ്ങൾ കേപിന്റെ സ്മാരകവും റാബിറ്റ് ഐലൻഡും ഒരുപോലെ ദൃശ്യം ലഭിക്കുന്ന ഒരിടത്തിൽ ഇറങ്ങിയപ്പോൾ മോട്ടോർ സൈക്കിളിൽ ദുരിയാൻ പഴം വിൽക്കാൻ പോകുന്ന ഒരു സ്ത്രീ ഞങ്ങൾക്കരികിലേക്ക് വന്നു. അവൾ പല വിധേനയും പഴം വാങ്ങാൻ വേണ്ടി ആവശ്യപ്പെട്ടുകൊണ്ടിരുന്നു.
കംബോഡിയയിൽ ദുരിയാൻ പഴത്തിനു മലേഷ്യയിലുള്ളതിനേക്കാൾ വില കുറവാണ്. മുന്നിൽ സുഭിക്ഷമായ ഭക്ഷണമുണ്ടായിട്ടും നാവിനു താങ്ങാൻ കഴിയാത്ത രുചിയായതിനാൽ ഉപേക്ഷിക്കേണ്ടിവരുന്ന അവസ്ഥ ദൗർഭാഗ്യകരം തന്നെയാണ്. രുചികളുടെ കാര്യം എത്ര അത്ഭുതകരമാണ്. ചെറിയ ഒരു കാര്യത്തിൽ പോലും സർവശക്തന്റെ സൃഷ്ടിവൈഭവം നമ്മെ അമ്പരപ്പിക്കുന്നതിനൊപ്പം മനുഷ്യന്റെ നിസ്സാരതയും നമുക്ക് ബോധ്യപ്പെടും. അവിടുന്ന് വീണ്ടും യാത്രയായി.