Connect with us

Prathivaram

യിവു നഗരത്തിലെ കാഴ്ചകൾ

യിവു സിറ്റി വാസ്തവത്തിൽ ഒരു ഡിസ്പ്ലേ സെന്റർ ആണ്. ഫാക്ടികൾ നഗരത്തിന്റെ പല ഭാഗങ്ങളിലും നഗര പ്രാന്ത പ്രദേശങ്ങളിലും ആയി പരന്നു കിടക്കുന്നു. നാൽപ്പതിനായിരത്തിലധികം മുസ്്ലിംകൾ യിവു സിറ്റിയിൽ മാത്രം ഉണ്ട്. വിവിധ ഫാക്ടറികളും മുസ്‌ലിം ഉടമസ്ഥതയിൽ ഉണ്ട്. വിശ്വാസപരമായ കാര്യങ്ങളിൽ സൂക്ഷ്മമായ ശ്രദ്ധ പുലർത്തുന്നവരാണ് ചൈനയിലെ മുസ്‌ലിംകൾ. യിവു നഗരത്തിലെ പള്ളിയിലായിരുന്നു ജുമുഅ. മലബാറിലെ ഒരു പള്ളിയിൽ ജുമുഅക്ക് കൂടിയത് പോലുള്ള പ്രതീതിയായിരുന്നു. ശുദ്ധ അറബി ഭാഷയിലുള്ള ഖുതുബ. അറേബ്യൻ മാതൃകയിൽ കമനീയമായാണ് പള്ളി നിർമിച്ചിരിക്കുന്നത്.

Published

|

Last Updated

ദീർഘകാലമായുള്ള സ്വപ്നമായിരുന്നു ചൈനയിലേക്കൊരു യാത്ര. അതിന് പല കാരണങ്ങളുണ്ട്. പതിനാറ് വർഷമായി വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്ന ഗുജറാത്തിലെ, പല പരിചയക്കാരും ബിസിനസ് ചെയ്യുന്നത് ചൈനയിലാണ്. ഗുജറാത്തികൾ നൂറ്റാണ്ടുകളായി വിദേശങ്ങളിൽ വ്യവസായം ചെയ്യുന്നവരിൽ പേര് കേട്ടവരാണല്ലോ. പരിചയക്കാരനായ, അഹ്മദാബാദ് സിറ്റിയിൽ ജനിച്ചു, ഒരു പതിറ്റാണ്ടിലേറെയായി ചൈനയിൽ ബിസിനസ് ചെയ്യുന്ന സയ്യിദ് നവേദ് തിർമിസി ബാപ്പുവിന്റ ക്ഷണപ്രകാരമാണ് ചൈനയിലെത്തുന്നത്. മാത്രമല്ല, കഴിഞ്ഞ അന്പത് വർഷത്തെ ലോകത്തെ സാമ്പത്തിക, സാങ്കേതിക വളർച്ച എടുത്തു നോക്കുമ്പോൾ , അതിശയിപ്പിക്കുന്ന മുന്നേറ്റം നടത്തിയ രാഷ്ട്രമാണ് ചൈന. ശാരീരിക പ്രകൃതിയിൽ കുറിയവരായ ചൈനക്കാർ എങ്ങനെ ഈ വികാസം നേടിയെന്ന് അറിയാനുള്ള ത്വരയും ഉണ്ടായിരുന്നു.

ഡിസംബർ രണ്ടാം വാരത്തിൽ യാത്ര പുറപ്പെട്ടു. സിംഗപ്പൂർ വഴി ബോയിംഗ് വിമാനത്തിലായിരുന്നു യാത്ര. ചൈനയിലെ ഹാൻസോ എയർപോർട്ടിലാണ് ഇറങ്ങിയത്. എയർപോർട്ടിന് മുകളിൽ നിന്ന് വിൻഡോവിലൂടെ നോക്കുമ്പോൾ തന്നെ, വിസ്മയകരമായ ഒരു നഗരത്തിലേക്ക് പ്രവേശിക്കുന്ന അനുഭവമായിരുന്നു. കൂറ്റൻ കെട്ടിടങ്ങൾ, നീരാളിക്കൈകൾ പോലെ ഒരു സെന്ററിൽ നിന്ന് പല വശങ്ങളിലേക്ക് തിരിയുന്ന കമനീയ റോഡുകൾ, വിവിധ ഫാക്ടറികളുടേത് എന്ന് മനസ്സിലാക്കിപ്പിക്കുന്ന തരത്തിൽ സവിശേഷമായി നിർമിച്ച എടുപ്പുകൾ, ജലസേചനത്തിനായി കൃത്യമായ ദൂരം കണക്കാക്കി നിർമിച്ച കൃത്രിമ കനാലുകൾ, ഒഴിഞ്ഞ ഇടങ്ങളിലെ വിവിധ കൃഷികൾ… എല്ലാം ആകാശക്കാഴ്ചയിൽ ഒരു പ്രവിശാലമായ കമനീയ പരവതാനി കണക്കെ കാണാനായി.

എയർപോർട്ടിൽ ഇറങ്ങി. എല്ലാം ചടുലമായി നടന്നു. എയർപോർട്ടിലെ നിർദേശങ്ങൾ എല്ലാം തന്നെ ചൈനീസ് ഭാഷയിൽ. ലോകഭാഷ എന്ന നിലയിൽ ഇംഗ്ലീഷ് വ്യാപനം നേടാൻ ശ്രമിക്കുമ്പോഴേ, പരിമിതമായേ ആ ഭാഷ ചൈനയിൽ സ്വീകരിക്കപ്പെടുന്നുള്ളൂ. ഒരു ജനതയെ തനത് വ്യക്തിത്വവും സംസ്കാരവും ഉള്ളവരാക്കി മാറ്റുന്നതിൽ അവരുടെ മാതൃഭാഷക്ക് വലിയ പങ്കുണ്ടല്ലോ. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞു നടപ്പിലാക്കുന്ന ചൈനക്കാർ, പക്ഷേ, ആ ഭാഷയിലെ പിടികൾ ദൃഢമാക്കി തന്നെ ലോകത്തിലെ വൻശക്തികളിലൊന്നായി വളരുകയും ചെയ്തു. ഈ ഭാഷാ സ്വത്വ സംരക്ഷണത്തിന്റെയും സാംസ്‌കാരിക തനിമ സൂക്ഷിക്കുന്നതിന്റെയും ഭാഗമായിരിക്കും, ഇംഗ്ലീഷ് ഭാഷ പ്രധാന മാധ്യമമാക്കിയ ഫേസ്‌ബുക്ക്, വാട്സാപ്പ്, യുട്യൂബ് എന്നിവയൊന്നും അവിടെ ഉപയോഗിക്കുന്നില്ല. പകരം വി ചാറ്റ്, യുകു, വീബോ പോലുള്ള ചൈനീസ് നിർമിത ആപ്പുകളാണ്. ഗൂഗിൾ പേക്ക് പകരം അവർ ഉപയോഗിക്കുന്നത് ആലി ബാബാ പേ, വി ചാറ്റ് പേ എന്നിവയാണ്. ഇങ്ങനെ ഏതൊരു പടിഞ്ഞാറൻ കണ്ടുപിടിത്തത്തിനും പകരം വെക്കാനും മറ്റാരും എത്തിപ്പെടാത്ത മേഖലകളിൽ പ്രാഗത്ഭ്യം തെളിയിക്കാനും ചൈനക്കാർക്കുള്ള കഴിവ് അപാരമാണ്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹോൾ സെയിൽ മാർക്കറ്റുകളിലൊന്നാണ് യിവു നഗരം. ഓരോ ഏരിയയും ഓരോ തരം ഉത്പന്നങ്ങൾക്കായി നിശ്ചയിച്ചിരിക്കുന്നു. ഒന്നൊന്നായി ചുറ്റിക്കറങ്ങി കണ്ടുതുടങ്ങി. വിസ്മയകരമായ അനുഭവമായിരുന്നു അത്. ആഭരണങ്ങൾ, കളിപ്പാവകൾ, വസ്ത്രങ്ങൾ, റോബോട്ടുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവക്കെല്ലാം പ്രവിശാലമായ ഏക്കർ കണക്കിന് ഏരിയകൾ. എല്ലാം വിവരിച്ചിരിക്കുന്നത് ചൈനീസ് ഭാഷയിലാണ്. ബിസിനസ് ലോകത്തേക്ക് നീങ്ങുന്ന ഏതൊരു വിദ്യാർഥിയെയും ചൈനീസ് ഭാഷ പഠിപ്പിക്കേണ്ടത് അനിവാര്യമാണ് എന്ന് ഞാൻ ആ കാഴ്ചകളിൽ നിന്ന് മനസ്സിലാക്കി. നാട്ടിലെത്തിയ ഉടൻ രാജ്‌കോട്ടിലെ എന്റെ സ്ഥാപനമായ അലിട്ട് ഗ്ലോബൽ അക്കാദമിയിൽ ചൈനീസ് ഭാഷാ പഠനം തുടങ്ങാനും തീരുമാനിച്ചു. നിലവിൽ സ്പാനിഷ് ഭാഷ ഞങ്ങൾ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. ഓരോ യാത്രകളും നമ്മളുടെ വീക്ഷണങ്ങളിൽ കാതലായ മാറ്റങ്ങൾ ഉണ്ടാക്കും.

രാവിലെ പത്ത് മണിക്ക് ഹോൾ സെയിൽ മാർക്കറ്റുകൾ തുറക്കും. വൈകുന്നേരം അഞ്ച് മണിക്ക് പൂട്ടുകയും ചെയ്യും. ചൈനക്കാർ നേരത്തെ കിടന്നുറങ്ങുന്ന ശീലമുള്ളവരാണ്. പത്ത് കി. മീ. അധികമുണ്ട് ഹോൾ സെയിൽ മാർക്കറ്റ്. അവ ഓരോ ക്യാബിനുകളായി തിരിച്ചിരിക്കുന്നു. എല്ലാ മാർക്കറ്റുകളിലും ഞങ്ങൾ കറങ്ങി. സയ്യിദ് നവേദിനു ഇവിടെ നിന്നെല്ലാം ആഫ്രിക്കയിലെ കോംഗോ, ടാൻസാനിയ തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം സാധനങ്ങൾ എടുത്ത് കയറ്റുമതി ചെയ്യുന്ന ബിസിനസാണ്. എല്ലാ ഏരിയകളും അദ്ദേഹത്തിന് സൂക്ഷ്മമായ വശമുണ്ടായിരുന്നു. നൂറുകണക്കിന് കണ്ടയ്നറുകൾ ഓരോ മാസവും അദ്ദേഹം കപ്പലിൽ അയക്കുന്നു. കടൽത്തീരത്തു നിന്ന് നൂറ്റി ഇരുപത് കി.മീ. മാത്രം അകലെയാണ് ഈ സ്ഥലമെന്നതിനാൽ കണ്ടയ്നറുകൾ അയക്കാനും ചെലവ് കുറവാണ്.

യിവു സിറ്റി വാസ്തവത്തിൽ ഒരു ഡിസ്പ്ലേ സെന്റർ ആണ്. ഫാക്ടറികൾ നഗരത്തിന്റെ പല ഭാഗങ്ങളിലും നഗര പ്രാന്ത പ്രദേശങ്ങളിലും ആയി പരന്നു കിടക്കുന്നു. വിശ്വാസപരമായ കാര്യങ്ങളിൽ സൂക്ഷ്മമായ ശ്രദ്ധ പുലർത്തുന്നവരാണ് ചൈനയിലെ മുസ്‌ലിംകൾ. യിവു നഗരത്തിലെ പള്ളിയിലാണ് ഞങ്ങൾ ജുമുഅക്ക് കൂടിയത്. മലബാറിലെ ഒരു പള്ളിയിൽ ജുമുഅക്ക് കൂടിയത് പോലുള്ള പ്രതീതിയായിരുന്നു. ശുദ്ധ അറബി ഭാഷയിലുള്ള ഖുതുബ. കൗതുകം നിറച്ചൊരു ഘടകം വെള്ളത്തിന്റെ ഉപയോഗത്തിൽ ചൈനക്കാർ കാണിക്കുന്ന മിതത്വമാണ്.

പൈപ്പിലൂടെ കുറച്ചേ വെള്ളം വരൂ. അങ്ങനെയാണ് അവ സജ്ജീകരിച്ചിരിക്കുന്നത്. കുറഞ്ഞ വെള്ളം കൊണ്ട് അവർ വുളൂ ചെയ്യുന്നു. വിഭവ ധാരാളിത്തം ഉള്ളപ്പോഴും പ്രവാചക ചര്യ മുറുകെപ്പിടിക്കാൻ കാണിക്കുന്ന വാഞ്ഛയുടെ ഫലമാണ് അതെന്നു തോന്നി. ചൈനയിലെ ഓരോ മുസ്‌ലിം പള്ളിക്കും പോലീസ് സെക്യൂരിറ്റി ഉണ്ട്. ന്യൂസ് ലാൻഡിൽ പള്ളി ആക്രമിച്ച ശേഷം വന്നതാണ് അത്. വെള്ളിയാഴ്ചകളിൽ സെക്യൂരിറ്റി കൂടും. ആരാധനാലയങ്ങൾക്ക് സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമാണത്.
നാൽപ്പത്തിനായിരത്തിലധികം മുസ്്ലിംകൾ യിവു സിറ്റിയിൽ മാത്രം ഉണ്ട്. വിവിധ ഫാക്ടറികളും മുസ്‌ലിം ഉടമസ്ഥതയിൽ ഉണ്ട്. അതിനാൽ അറേബ്യൻ മാതൃകയിൽ കമനീയമായാണ് ഈ പള്ളി നിർമിച്ചിരിക്കുന്നത്.

ആറ് വരിയും എട്ട് വരിയും ഒക്കെയുള്ള റോഡുകളാണ്. മെട്രോ ലൈനുകളിലേക്കു തിരിയുന്ന ജംഗ്ഷൻ പോലുള്ള ഭാഗങ്ങളിൽ എല്ലാം ഒരേ വലിപ്പത്തിലും ഇനത്തിലും ഉള്ള കൂറ്റൻ മരങ്ങൾ കാണാം. അവ ചെടികൾ നട്ടു വലുതാക്കിയതല്ല എന്ന് സയ്യിദ് നവേദ് പറഞ്ഞു. മറിച്ചു, ഇങ്ങനെ സൗന്ദര്യവത്കരണ ലക്ഷ്യത്തോടെ കാടിന്റെ വിവിധ ഭാഗങ്ങളിൽ വളർത്തി വലുതാക്കി, അവ ശാസ്ത്രീയമായി പിഴുതെടുത്ത് കൊണ്ട് വന്നു സ്ഥാപിക്കുന്നതാണ്. ചൈനക്കാരുടെ ഓരോ രീതിയും നമ്മൾ ആലോചിക്കുന്നതിലും എത്രയോ അപ്പുറമാണ് എന്ന് തോന്നി. റോഡുകളിൽ എത്ര വാഹനങ്ങൾ ഉണ്ടെങ്കിലും പൊടി ശല്യം തീരെയില്ല. ഓരോ രാത്രിയും റോഡുകൾ കഴുകും. ഒരു എയർപോർട്ടിന്റെ അത്ര മനോഹരമായി സവിധാനിച്ചിരിക്കുന്നു ഓരോ മെട്രോ സ്റ്റേഷനും.
യിവു സിറ്റിയിൽ നിന്ന് ഗോംഗ്സേവിലേക്കായിരുന്നു തുടർന്നുള്ള യാത്ര.

സ്വഹാബിയായ സഅദു ബിൻ അബീ വഖാസ് (റ)വിന്റെ ഖബർ അവിടെയാണ് ഉള്ളത്. മരങ്ങൾ നിറഞ്ഞൊരു പ്രദേശത്ത് അതീവ ശാന്തത തോന്നിക്കുന്ന ഇടത്തിലാണ്‌ സഅദ് ബിൻ അബീ വഖാസ്(റ)വിന്റെ മഖ്‌ബറ ഉള്ളത്. നബി (സ്വ)യുടെ കാലത്ത് തന്നെ ഇസ്‌ലാം എത്തിയിട്ടുണ്ട് ചൈനയിൽ. അതിനു പ്രഥമമായി നേതൃത്വം നൽകിയവരാണ് സഅദ് (റ). അതുകൊണ്ടുതന്നെ ഏറെ ആദരവോടെയാണ് ചൈനയിലെ മുസ്‌ലിംകൾ ഈ ദർഗയെ കാണുന്നത്. മനോഹരമായ ഒരു ഗാർഡനാണ് ഇതിനു ചുറ്റും അവർ സജ്ജീകരിച്ചിരിക്കുന്നത്. പൗരാണിക ചൈനീസ് വാസ്തുവിദ്യാ രീതിയിലാണ് സഅദ്(റ)വിന്റെ ദർഗയിലേക്കുള്ള പ്രധാന കവാടം പണിതിട്ടുള്ളത്. റൗളത്തു അബീ വഖാസ് എന്ന് അറബിയിലും ചൈനീസ് ലിപിയിലും ദർഗക്ക് പുറത്ത് എഴുതി വെച്ചിരിക്കുന്നു. പച്ച നിറമുള്ള കെട്ടിടത്തിൽ മലബാറിലെ ദർഗകൾ പോലെത്തന്നെ നന്നായി ഉയർത്തി കെട്ടി നിർമിച്ച മഖ്‌ബറ.

വിശുദ്ധ ഖുർആനിലെ പല വചനങ്ങളും ചുമരിൽ എഴുതിയിരിക്കുന്നു. അപാരമായ ശാന്തത അനുഭവിക്കാൻ കഴിയുന്ന സ്ഥലമാണിത്. മുസ്‌ലിംകൾക്ക് പുറമെ മറ്റു വിശ്വാസികളും സന്ദർശനത്തിന് വരാറുണ്ടെങ്കിലും ദർഗയിൽ കയറാറുള്ളത് മുസ്‌ലിംകൾ മാത്രമാണ്. പിന്നീട് പോഷൻ നഗരത്തിലെത്തി. അവിടെയാണ് ലോകത്തിലെ ഏറ്റവും പ്രധനപ്പെട്ട ടൈൽ, ഫർണിച്ചർ മാർക്കറ്റുകളുള്ളത്. നമ്മെ അമ്പരപ്പിക്കുന്ന ഡിസൈനിലും സാങ്കേതിക തികവിലും നിർമിച്ച ആ ഫർണിച്ചർ ലോകം ഒരു മാജിക്കൽ ഭൂമികയിൽ എത്തിച്ച പ്രതീതി ഉണ്ടാക്കി.

എല്ലായിടങ്ങളിലും ഹലാൽ ഫുഡ് ലഭ്യമാകുന്ന ഹോട്ടലുകൾ ഉണ്ടായിരുന്നു. അവിടെങ്ങളിൽ രുചികരമായ അറേബ്യൻ ഭക്ഷണ ഇനങ്ങൾ ലഭ്യമായിരുന്നു. ഭക്ഷണത്തിലെ വൃത്തിയും വിഭവങ്ങൾ എത്തിക്കുന്ന രീതിയും എല്ലാം എടുത്തു പറയേണ്ടതാണ്. ഇതെല്ലാം കണ്ടു തിരികെ ഞങ്ങൾ യിവു നഗരത്തിലേക്ക് തന്നെ മടങ്ങി. ജീവിതത്തിൽ നടത്തിയ യാത്രകളിൽ പ്രധനപ്പെട്ട ഒന്നായിരുന്നു ഈ ചൈനീസ് യാത്ര. ഒരാഴ്ച കഴിഞ്ഞു മടങ്ങുമ്പോൾ മനസ്സാകെ നവീകരിക്കപ്പെട്ട അവസ്ഥയിലായിരുന്നു.
.

Latest