Poem
നേരടയാളങ്ങൾ
പിറക്കാതെ പോയ ഓർമകളുടെ ഇന്നലെകൾ തിരഞ്ഞ് മൗനം മൂകമായൊഴുകുന്നു. അന്ധകാരക്കാഴ്ചകൾക്കുള്ളിൽ തിമിരം പിടിച്ച കണ്ണുകൾ ഏതോ വർണപ്പട്ടം തിരയുന്നു.

എത്ര ദീർഘമായെഴുതിയാലും
ഒടുവിൽ
ആറ്റിക്കുറുക്കിയൊരു വിരാമം;
ജീവിതം.
എത്ര ഹ്രസ്വമായൊഴുകിയാലും
ഒടുവിൽ
നീണ്ടുപരന്നൊരു അന്ധത;
മരണം.
ഹ്രസ്വവും ദീർഘവും
പാഴ്മണ്ണിലെ
മുള കരിഞ്ഞ വിത്തുകൾ.
ചില്ലകൾ തോറും
പടർന്നു കയറുന്ന കനികൾ.
വിശപ്പടക്കുവാനായൊന്നു
കൈനീട്ടുമ്പോൾ
ആകാശത്തേക്കവയുടെ
കൂടുമാറ്റം.
ഏതു പ്രളയത്തിലും
കൈത്താങ്ങായ് വന്നൊരു
പ്രതീക്ഷ
ഒരു കുഞ്ഞു കൈത്തോടായി
മൂക്കറ്റം മുക്കുന്നു.
നിലവിളി ശബ്ദം
തൊണ്ടയിൽ മൂടി
ഒരു കുഞ്ഞു കാറ്റുമാത്രം
ദിശതേടി
മുട്ടിലിഴഞ്ഞു നീങ്ങുന്നു.
പിറക്കാതെ പോയ
ഓർമകളുടെ
ഇന്നലെകൾ തിരഞ്ഞ്
മൗനം
മൂകമായൊഴുകുന്നു.
അന്ധകാരക്കാഴ്ചകൾക്കുള്ളിൽ
തിമിരം പിടിച്ച കണ്ണുകൾ
ഏതോ വർണപ്പട്ടം തിരയുന്നു.
ജനിമൃതിയുടെ
ലക്ഷ്യം തിരഞ്ഞൊരു പുഴ
മറവിയിലേക്ക്
തുഴഞ്ഞു മറയുന്നു.