Connect with us

National

സിക്കിം മിന്നല്‍ പ്രളയം; കാണാതായ സൈനികര്‍ക്കായി തിരച്ചില്‍ തുടരുന്നു

പ്രളയത്തില്‍ കുടുങ്ങിയ 2500ല്‍ അധികം ആളുകളെ ഇതുവരെ രക്ഷപ്പെടുത്തിയതായി സ്റ്റേറ്റ് ഡിസാസ്റ്റര്‍ കണ്‍ട്രോള്‍ റൂം അറിയിച്ചു.

Published

|

Last Updated

ഗാംഗ്‌ടോക്| സിക്കിമിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാണാതായ സൈനികര്‍ക്കായി ഇന്ത്യന്‍ ആര്‍മിയുടെ ത്രിശക്തി കോര്‍പ്സിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വടക്കന്‍ സിക്കിമിലെ സൗത്ത് ലൊനക് തടാകത്തില്‍ മേഘവിസ്‌ഫോടനമുണ്ടായതിനെ തുടര്‍ന്ന് ഒക്ടോബര്‍ മൂന്നിനാണ് മിന്നല്‍ പ്രളയമുണ്ടായത്. ഇതില്‍ കാണാതായ 23 ഉദ്യോഗസ്ഥരില്‍ ഒരാളെ ഒക്ടോബര്‍ എട്ടിന് ജീവനോടെ രക്ഷപ്പെടുത്തിയിരുന്നു. എട്ട് പേര്‍ മരണപ്പെട്ടു. വടക്കന്‍ സിക്കിമിലെ ലാചെന്‍, ലാചുങ്, താംഗു, ചുങ്താങ് എന്നിവിടങ്ങളില്‍ കുടുങ്ങിപ്പോയ 1700 വിനോദസഞ്ചാരികള്‍ക്കും സൈന്യം സഹായം നല്‍കുന്നുണ്ട്.

അതേസമയം സിക്കിമിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 77 ആയി. രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ സിക്കിമിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇതുവരെ 29 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സംസ്ഥാന ദുരിതാശ്വാസ കമ്മീഷണര്‍ അനില്‍രാജ് റായ് പറഞ്ഞു. ഒക്ടോബര്‍ മൂന്നിന് ഹിമ തടാകം പൊട്ടിത്തെറിച്ചതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. വെള്ളപ്പൊക്കമുണ്ടായി നാല് ദിവസത്തിന് ശേഷം ടീസ്റ്റ നദിയിലെ ജലനിരപ്പ് സാധാരണ നിലയിലേക്ക് തിരിച്ചെത്തിയെങ്കിലും, മിക്കയിടത്തും റോഡുകള്‍ക്കും പാലങ്ങള്‍ക്കും വ്യാപകമായ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഇത് മൂലം നിരവധി ആളുകളാണ് പലയിടത്തായി കുടുങ്ങിക്കിടക്കുന്നത്.

പ്രളയത്തില്‍ കുടുങ്ങിയ 2500ല്‍ അധികം ആളുകളെ ഇതുവരെ രക്ഷപ്പെടുത്തിയതായി സ്റ്റേറ്റ് ഡിസാസ്റ്റര്‍ കണ്‍ട്രോള്‍ റൂം അറിയിച്ചു. പ്രതികൂല കാലാവസ്ഥ കാരണം എയര്‍ലിഫ്റ്റ് രക്ഷാപ്രവര്‍ത്തനം വൈകുന്നതിനാല്‍, സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഏകദേശം മൂവായിരത്തോളം പേര്‍ ഇപ്പോഴും സുരക്ഷിത സ്ഥാനത്തേക്ക് മടങ്ങാന്‍ കാത്തിരിക്കുകയാണ്.

 

 

 

Latest