puthuppalli
പുതുപ്പള്ളിയില്‍ നിശ്ശബ്ദ പ്രചാരണം; അവസാന നിമിഷത്തെ സൈബര്‍ പോരിനെതിരെ ജാഗ്രത
അവസാന നിമിഷം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുന്ന സാമൂഹിക മാധ്യമ സന്ദേശങ്ങളെ ഇരു മുന്നണികളും ഭയപ്പെടുന്നുണ്ട്.
കോട്ടയം | ഉമ്മന്‍ചാണ്ടിയെന്ന കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി സുധീര്‍ഘമായ കാലം സുരക്ഷിത മണ്ഡലമായി കാത്തുസൂക്ഷിച്ച പുതുപ്പള്ളിയുടെ ഭാവി നിശ്ചയിക്കുന്ന ജനവിധിയിലേക്കു നീങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.
മൂന്നാഴ്ചയിലേറെ നീണ്ട പ്രചാരണത്തിനു ഞായറാഴ്ച വൈകീട്ടു കൊടിയിറങ്ങിയതോടെ ഇനി നിശ്ശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. ചൊവ്വാഴ്ച കാലത്ത് ജനം പോളിങ്ങ് ബൂത്തിലേക്ക് നീങ്ങും.
ചൊവ്വ രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഏഴ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാന്‍സ്ജെന്‍ഡറുകളും അടക്കം 1,76,417 വോട്ടര്‍മാരുണ്ട്. 957 പുതിയ വോട്ടര്‍മാരുണ്ട്. 182 പോളിങ് ബൂത്തിലും വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പോളിങ് അവസാനിക്കുന്നതുവരെ ബൂത്തുകളിലെ നടപടികള്‍ കലക്ടറേറ്റിലെ കണ്‍ട്രോള്‍റൂമില്‍ തത്സമയം കാണാം.
കോട്ടയം ബസേലിയസ് കോളജ് ഓഡിറ്റോറിയത്തില്‍ വെള്ളി രാവിലെ എട്ടുമുതലാണ് വോട്ടെണ്ണല്‍. മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി ഒരുക്കിയ സൗകര്യം പ്രയോജനപ്പെടുത്തി 2,491 പേര്‍ വീടുകളില്‍തന്നെ വോട്ടുചെയ്തു. ഇതില്‍ 2,152 പേര്‍ 80 വയസ്സിന് മുകളിലുള്ളവരും 339 പേര്‍ ഭിന്നശേഷിക്കാരുമാണ്.
ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്നുള്ള സഹതാപം ഒരു തരംഗമായി മണ്ഡലത്തില്‍ ആഞ്ഞുവീശുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. പ്രത്യക്ഷമായി അങ്ങനെയൊരു തരംഗം ദൃശ്യമായിരുന്നില്ലെന്നാണു വിലയിരുത്തപ്പെടുന്നത്. അടിത്തട്ടില്‍ ഒരു തരംഗം ഉണ്ടായിരുന്നെങ്കില്‍ അപ്രതീക്ഷിതമായ ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കാന്‍ കഴിയുമെന്നാണ് യു ഡി എഫ് ക്യാമ്പ് കരുതുന്നത്.
ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകള്‍ നിറഞ്ഞു നില്‍ക്കുന്നതായിരിക്കും പോളിങ്ങ് എന്നാണ് യു ഡി എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പറയുന്നത്.
എന്നാല്‍ തങ്ങള്‍ ഉയര്‍ത്തിയ വികസന മുദ്രാവാക്യം മണ്ഡലത്തില്‍ കത്തിപ്പിടിച്ചു എന്നാണു ഇടതുപക്ഷം കരുതുന്നത്. മണ്ഡലത്തില്‍ എവിടെയും വികസനം ചര്‍ച്ച ചെയ്യപ്പെട്ടത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് എല്‍ ഡി എഫ് കരുതുന്നത്. കേരള സര്‍ക്കാറിന്റെ വിലയിരുത്തലായിരിക്കും തിരഞ്ഞെടുപ്പു ഫലം എന്നാണ് പ്രചാരണം അവസാനിച്ച ശേഷം ഇടതു സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് പറയുന്നത്.
പ്രചാരണത്തില്‍ വിവിധ വിഷയങ്ങള്‍ ഉയര്‍ന്നു വന്നെങ്കിലും പുതുപ്പള്ളിയുടെ ഹൃദയത്തില്‍ എന്താണെന്നു വ്യക്തമായില്ല. പിതാവിനോടു തലമുറകള്‍ പുലര്‍ത്തിയ സ്‌നേഹ വായ്പ് മകനിലേക്കു പകരുമോ എന്നതാണ് അവസാന ഘട്ടത്തിലെ ചോദ്യം.
എന്നാല്‍, ഉമ്മന്‍ചാണ്ടി ആദ്യമായി ജയിച്ച പുതുപ്പള്ളി മണ്ഡലം പലഘട്ടത്തില്‍ രൂപമാറ്റം വരുത്തിയാണ് യു ഡു എഫിന്റെ സുരക്ഷിതമണ്ഡലമായി മാറിയതെന്നും എന്നിട്ടും മണ്ഡലത്തിലെ ഭൂരിപക്ഷം പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഇടതുപക്ഷത്തിനു വിജയം നേടാനായത് മണ്ഡലത്തിന്റെ മാറുന്ന സ്വഭാവമാണു വ്യക്തമാക്കുന്നത് എന്നതാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ.
മണ്ഡലത്തിലെ ഓരോ കുടുംബവുമായും വ്യക്തികളുമായും ഉമ്മന്‍ചാണ്ടിക്കു ബന്ധമുണ്ടായിരുന്നുവെന്നും ആ ബന്ധുത്വം യു ഡി എഫിന് അനുകൂലമാകുമെന്നും അവര്‍ കരുതുന്നു. ഉമ്മന്‍ചാണ്ടി നേരിട്ട വേട്ടയാടലുകള്‍ അവസാന നിമിഷവും ഓര്‍മിപ്പിക്കുകയാണ് ചാണ്ടി ഉമ്മന്‍.
പ്രചാരണത്തിന്റെ ആദ്യഘട്ടം മുതല്‍ വ്യക്തി അധിക്ഷേപങ്ങളും സൈബര്‍ ആക്രമണങ്ങളും പ്രത്യക്ഷപ്പെട്ടിരുന്നു. വികസന ചര്‍ച്ചക്കായി ചാണ്ടി ഉമ്മനെ ക്ഷണിച്ച ജെയ്്ക്കിനെ നാലാം കിട നേതാവ് എന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിശേഷിപ്പിച്ചതു മുതല്‍ പ്രചാരണത്തിന്റെ അവസാനം കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ മുഖ്യമന്ത്രിയെ ഒരു മൃഗത്തോട് ഉപമിച്ചു പ്രസംഗത്തിച്ചതു പോലെ അധിക്ഷേപത്തിന്റെ ഒരു നിര തന്നെ ഉണ്ടായി.
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരായി ഉയര്‍ന്നു വന്ന സാമ്പത്തിക ആരോപണങ്ങള്‍ മുഖ്യ ചര്‍ച്ചയായപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ എന്ന വണ്ണം ഇടതു പ്രൊഫൈലുകള്‍ അച്ചു ഉമ്മനെതിരായ പ്രചാരണങ്ങള്‍ തുടങ്ങി. സൈബര്‍ ആക്രമണത്തിനെതിരെ അച്ചു ഉമ്മന്‍ പോലീസില്‍ പരാതി നല്‍കി. ഇതിനു പിന്നാലെ ജെയ്കിന്റെ ഗര്‍ഭിണിയായ ഭാര്യ പ്രചാരണത്തിനിറങ്ങിയതിനെതിരായ സൈബര്‍ ആക്രമണവും പരാതിക്കിടയാക്കി.
ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളി മണ്ഡലത്തിലുള്ളവര്‍ ഏറ്റവും വലിയ യാത്രയയപ്പ് വ്യാഴാഴ്ച നല്‍കുമെന്നും അതിന്റെ ഇടിമുഴക്കം സെപ്റ്റംബര്‍ എട്ടിന് കേരളത്തിലുടനീളം കേള്‍ക്കാന്‍ കഴിയുമെന്നുമാണ് അച്ചു ഉമ്മന്‍ നിശ്ശബ്ദ പ്രചാരണ ദിവസം പ്രതികരിച്ചത്.
നിശ്ശബ്ദ പ്രചാരണത്തിന്റെ അവസാന നിമിഷങ്ങളില്‍ എന്തെല്ലാം രഹസ്യ കാമ്പയിനുകള്‍ രംഗം കീഴടക്കുമെന്ന ആശങ്ക ഇരു മുന്നണികള്‍ക്കുമുണ്ട്. അവസാന നിമിഷത്തെ ചില സംഭവ വികാസങ്ങള്‍ വരെ പോളിങ്ങിനെ സ്വീധീനിച്ചേക്കും.
അവസാന നിമിഷം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുന്ന സാമൂഹിക മാധ്യമ സന്ദേശങ്ങളെ ഇരു മുന്നണികളും ഭയപ്പെടുന്നുണ്ട്. നിശ്ശബ്ദ പ്രചാരണത്തിന്റെ ദിവസങ്ങളില്‍ സൈബര്‍ യുദ്ധത്തിനുള്ള സാധ്യതയേറുകയാണ്. വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളിലും സാമൂഹിക മാധ്യമങ്ങളിലും വ്യാജ സന്ദേശങ്ങള്‍ നിറയാനുള്ള സാധ്യതയെ മുന്നണികള്‍ ഭയക്കുന്നു.
ബി ജെ പി, എ എ പി സ്ഥാനാര്‍ഥികള്‍ പിടിക്കുന്ന വോട്ടുകള്‍ മണ്ഡലത്തില്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ പ്രധാനമായിരിക്കും.
മണ്ഡലത്തില്‍ വന്‍തോതില്‍ വോട്ടര്‍മാര്‍ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. പമാവധി പേരെ പോളിങ്ങ് ബൂത്തില്‍ എത്തിക്കുക എന്നതാണ് ഇരു മുന്നണികളുടേയും തന്ത്രം. വിദേശത്തുള്ളവരുടെ പേരില്‍ കള്ളവോട്ടുകള്‍ ചെയ്യാനുള്ള സാധ്യത ഇരു മുന്നണികളും ജാഗ്രയോടെയാണു കാണുന്നത്.