puthuppally byelection
പുതുപ്പള്ളിയിൽ നിശബ്ദ പ്രചാരണം തകൃതി; നാളെ ബൂത്തിലേക്ക്
വോട്ടെടുപ്പ് സാമഗ്രികൾ ഇന്ന് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യും.
കോട്ടയം | നിയമസഭാ ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പുതുപ്പള്ളിയിൽ നിശബ്ദ പ്രചാരണം തകൃതിയായി നടക്കുന്നു. 25 ദിവസം നീണ്ട പരസ്യ പ്രചാരണത്തിന് ഇന്നലെ വൈകിട്ട് ആറിന് കൊട്ടിക്കലാശത്തോടെ സമാപനമായിരുന്നു. നാളെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് സാമഗ്രികൾ ഇന്ന് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യും.
പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ മണ്ഡലത്തിലെ പ്രധാന കേന്ദ്രമായ പാമ്പാടിയാണ് മൂന്ന് മുന്നണികളും കൊട്ടിക്കലാശത്തിന് തിരഞ്ഞെടുത്തത്. എട്ട് പഞ്ചായത്ത് ആസ്ഥാനങ്ങളിലും കൊട്ടിക്കലാശം സംഘടിപ്പിച്ചെങ്കിലും പാമ്പാടിയിലായിരുന്നു പ്രധാന പരിപാടി. മൂന്ന് മുന്നണികളും തങ്ങളുടെ ശക്തി പ്രകടനവുമായി പാമ്പാടിയിൽ സംഗമിച്ചു. ആയിരക്കണക്കിന് പ്രവർത്തകരും അണിചേർന്നു. കൃത്യം ആറോടെ പോലീസ് ഇടപെട്ട് ഉച്ചഭാഷിണികൾ നിർത്തിവെപ്പിച്ചതോടെ കൊട്ടിക്കലാശത്തിന് അവസാനമായി.
യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും ഇടത് സ്ഥാനാർഥി ജെയ്ക് സി തോമസും എൻ ഡി എ സ്ഥാനാർഥി ലിജിൻ ലാലുമാണ് പ്രധാനമായും മത്സരരംഗത്തുള്ളത്. എ എ പി, സ്വതന്ത്ര സ്ഥാനാർഥികളും മത്സരിക്കുന്നുണ്ട്. പാമ്പാടിയിലെ കലാശക്കൊട്ടിൽ ചാണ്ടി ഉമ്മൻ പങ്കാളി ആയില്ല. നാലോടെ പാമ്പാടിയിലെത്തി അയർക്കുന്നത്തേക്ക് പോകുകയായിരുന്നു. പിതാവിന്റെ വിയോഗത്തെ തുടർന്ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിൽ പങ്കാളിയാകുന്നില്ല എന്ന് തീരുമാനമെടുക്കുകയായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്.