Connect with us

National

ഹിമാലയൻ വിജയം; സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു

രാത്രി 7.50ഓടെയാണ് ആദ്യ തൊഴിലാളിയെ പുറത്തേക്കെത്തിച്ചത്. പിന്നാലെ മറ്റു തൊഴിലാളികളെയും ഓരോരുത്തരെയായി പുറത്തെത്തിച്ചു.

Published

|

Last Updated

ഡെറാഡൂണ്‍| ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യം പൂർണ വിജയം. തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 41 തൊഴിലാളികളെയും 17 ദിവസം നീണ്ട ഹിമാലയൻ പ്രയത്നത്തിന് ഒടുവിൽ പുറത്തെത്തിച്ചു. എല്ലാവരും ആരോഗ്യവാന്മാരാണെന്ന് അധികൃതർ അറിയിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യമാണ് ഇതോടെ പൂർത്തിയാകുന്നത്.

രാത്രി 7.50ഓടെയാണ് ആദ്യ തൊഴിലാളിയെ പുറത്തേക്കെത്തിച്ചത്. പിന്നാലെ മറ്റു തൊഴിലാളികളെയും ഓരോരുത്തരെയായി പുറത്തെത്തിച്ചു. പുറത്ത് വന്ന തൊഴിലാളികളെ ആംബുലൻസുകളിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. രക്ഷപ്പെട്ട തൊഴിലാളികളുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി സംസാരിച്ചു. കേന്ദ്രമന്ത്രി വികെ സിങ്ങും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

പുറത്തെടുക്കുന്ന തൊഴിലാളികളെ ആശുപത്രികളിലെത്തിക്കാനുള്ള ആംബുലന്‍സുകള്‍ തുരങ്കമുഖത്ത് നേരത്തെ തന്നെ സജ്ജീകരിച്ചിുരന്നു.  41 ആംബുലൻസുകളും ഡോക്ടർമാരുടെ സംഘവും സ്ഥലത്ത് റെഡിയാണ്. തൊഴിലാളികളെ ആശുപത്രികളിൽ എത്തിക്കാൻ പ്രത്യേക ഇടനാഴി സജ്ജമാക്കിയിട്ടുണ്ട്.  അതുവഴി രക്ഷിച്ച തൊഴിലാളികളെ തുരങ്കത്തിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ചിൻയാലിസൗർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് വേഗത്തിൽ കൊണ്ടുപോകാൻ കഴിയും. പ്രാഥമിക ചികിത്സ നൽകുന്നതിന് സിൽക്യാരയിൽ തന്നെ താത്കാലിക ആശഉപത്രി സജ്ജീകരിച്ചിട്ടുണ്ട്.

ചിൻയാലിസൗർ വിമാനത്താവളത്തിൽ ചിനൂക്ക് ഹെലികോപ്റ്റർ വിന്യസിച്ചിട്ടുണ്ട്. ഏതെങ്കിലും തൊഴിലാളിയുടെ ആരോഗ്യനില വഷളായാൽ ഉടൻ ഹെലികോപ്റ്ററിൽ ഋഷികേശ് എയിംസിലേക്ക് അയക്കും.

വ്യോമമാര്‍ഗം എത്തിച്ച യന്ത്രങ്ങള്‍ ഉപയോഗിച്ച് തൊഴിലാളികള്‍ കുഴല്‍പാതക്കായി തുരന്നു തുടങ്ങിയയോടെയാണ് തിങ്കളാഴ്ച പുനരാരംഭിച്ച രക്ഷാദൗത്യത്തില്‍ വലിയ പുരോഗതിയുണ്ടായത്. തുരങ്കമിടിഞ്ഞുവീണ അവശിഷ്ടങ്ങള്‍ക്ക് അകത്തുകൂടി 32 ഇഞ്ച് വ്യാസത്തില്‍ 60 മീറ്ററിലേറെ കുഴല്‍പാത തീര്‍ക്കുന്ന പ്രവൃത്തി ഉച്ചക്ക് ഒന്നരയോടെ പൂർത്തിയായിരുന്നു. ഖനികളിൽ കുഴിയെടുക്കുന്ന റാറ്റ്ഹോൾ സംഘം നടത്തിയ തുരക്കലാണ് നിർണായകമായാത്.

പരിചയസമ്പന്നരായ 24 “റാറ്റ്-ഹോൾ മൈനിംഗ്” വിദഗ്ധരുടെ ഒരു സംഘം മാനുവൽ ഡ്രില്ലിംഗ് പ്രക്രിയയിൽ ഏർപ്പെടുകയും കുടുങ്ങിയ തൊഴിലാളികൾക്ക് നേരെ വഴി കുഴിച്ചെടുക്കുകയുമായിരുന്നു. 32 ഇഞ്ച് വ്യാസമുള്ള കുഴല്‍പാതക്കകത്ത് തൊഴിലാളികളെ കയറ്റി ചെറിയ പണിയായുധങ്ങള്‍ ഉപയോഗിച്ച് തുരപ്പിച്ചാണ് കുഴല്‍പാതയുടെ അവശേഷിക്കുന്ന ഭാഗം പൂര്‍ത്തിയാക്കിയത്.

നവംബർ 12ന് രാവിലെയാണ് നിർമ്മാണം പുരോഗമിക്കുന്ന സിൽക്യാര തുരങ്കത്തിൽ മണ്ണിടിച്ചിൽ ഉണ്ടായത്. രക്ഷാ പ്രവർത്തകർക്ക് മുന്നോട്ട് നീങ്ങാൻ ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ പാറകല്ലുകളും മണ്ണും വീണടിഞ്ഞ അവസ്ഥയിലായിരുന്നു തുരങ്കത്തിന്റെ ഉൾഭാഗം. ഇതിനുള്ളിലായാണ് കഴിഞ്ഞ 17 ദിവസങ്ങളായ് 41 തൊഴിലാളികൾ കുടുങ്ങിക്കിടന്നത്.

 

 

 

---- facebook comment plugin here -----

Latest