Connect with us

National

സിൽവർ ലെെൻ പദ്ധതി സങ്കീർണം; തിരക്ക് കൂട്ടേണ്ടെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

പദ്ധതിക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ ചെലവ് വേണ്ടിവരും. കേരളം 65,000 കോടി രൂപയാണ് പദ്ധതി ചെലവായി കണക്കാക്കുന്നതെങ്കിലും പൂര്‍ത്തിയാകുന്നതോടെ ഇത് ഒരു ലക്ഷം കോടിയെങ്കിലും കടക്കുമെന്ന് മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | കേരള സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതി വളരെ സങ്കീര്‍ണമാണെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. പദ്ധതിക്ക് അനുമതി നല്‍കുന്ന കാര്യത്തില്‍ കേരളത്തിന്റെ താത്പര്യം അനുസരിച്ച് തീരുമാനമെടുക്കുമെന്നും പദ്ധതിക്കായി തിരക്ക് കൂട്ടേണ്ടതില്ലെന്നും അദ്ദേഹം രാജ്യസഭയില്‍ വ്യക്തമാക്കി. റെയില്‍വെ മന്ത്രാലയത്തിന്മേലുള്ള ബജറ്റ് ചര്‍ച്ചയില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് ബി.ജെ.പി, സി.പി.എം അംഗങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

പദ്ധതിക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ ചെലവ് വേണ്ടിവരും. കേരളം 65,000 കോടി രൂപയാണ് പദ്ധതി ചെലവായി കണക്കാക്കുന്നതെങ്കിലും പൂര്‍ത്തിയാകുന്നതോടെ ഇത് ഒരു ലക്ഷം കോടിയെങ്കിലും കടക്കും. സില്‍വര്‍ ലൈന്‍ റയില്‍പാതയില്‍ മറ്റു ട്രെയിനുകള്‍ ഓടിക്കാന്‍ സാധിക്കില്ല. സ്റ്റാന്‍ഡേര്‍ഡ് ഗേജിലാണ് നിര്‍മിക്കുകയെങ്കില്‍ ബ്രോഡ്‌ഗേജ് വണ്ടികള്‍ ഓടിക്കാന്‍ പറ്റില്ല. മറ്റു ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കൂടി ഉണ്ടെന്നും മന്ത്രി പറഞ്ഞു.

ശരിയായി ആലോചിച്ച ശേഷമേ പദ്ധതിയുമായി മുന്നോട്ട് പോകാവൂ എന്നാണ് കേരളത്തിലെ എല്ലാ കക്ഷികളോടുമുള്ള അഭ്യര്‍ഥനയെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന തീരുമാനം എന്താണെങ്കിലും അത് നീതിപൂര്‍വകവും കേരളത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതും ആകുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി വ്യക്തമാക്കി.

Latest