Kerala
സില്‍വര്‍ലൈന്‍ പ്രതിഷേധം; മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കുന്നു
കൂടുതല്‍ കമാന്‍ഡോ സംഘങ്ങളെ ഉള്‍പ്പെടുത്തി സുരക്ഷാ സംഘത്തിന്റെ അംഗബലം കൂട്ടാനാണ് ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം
തിരുവനന്തപുരം | പൊതുപരിപാടികളില്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കൂടുതല്‍ കമാന്‍ഡോ സംഘങ്ങളെ ഉള്‍പ്പെടുത്തി സുരക്ഷാ സംഘത്തിന്റെ അംഗബലം കൂട്ടാനാണ് ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം. സില്‍വര്‍ലൈന്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് നേരത്തെ ക്ലിഫ് ഹൗസിന്റെ സുരക്ഷ ശക്തമാക്കിയിരുന്നു. സില്‍വര്‍ലൈനില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധങ്ങളുണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് മേധാവി ആഭ്യന്തരവകുപ്പിന് കൈമാറി.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതു പരിപാടികളിലും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാനാണ് തീരുമാനം.വേദിക്ക് സമീപത്തേക്ക് മുന്‍കൂട്ടി നിശ്ചയിച്ചവര്‍ക്ക് മാത്രമാകും പ്രവേശനമുണ്ടാവുക. മുന്‍പ് ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. സില്‍വര്‍ലൈനില്‍ മുഖ്യമന്ത്രിയെ വഴിയില്‍ തടയുന്നതുള്‍പ്പടെയുള്ള സമര മാര്‍ഗങ്ങളിലേക്ക് ചില സംഘടനകള്‍ നീങ്ങുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുമുണ്ട്. അടുത്തിടെ ക്ലിഫ്ഹൗസ് പരിസരത്ത് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കടന്നതും വലിയ സുരക്ഷാ വീഴ്ച്ചയായി. പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് പോലീസ് പിക്കറ്റിംഗ് ശക്തമാക്കി. സ്റ്റേറ്റ് ഇന്‍ഡ്രസിട്രില്‍ സെക്യൂരിറ്റി ഫോഴ്‌സിന് ക്ലീഫ് ഹൗസിന്റെ സുരക്ഷ ഉടന്‍ കൈമാറാനും ആലോചനയുണ്ട്.