silver line project
സില്‍വര്‍ലൈന്‍: സംവാദത്തില്‍ തീരുമാനം കെ റെയിലിന്റേത്- കോടിയേരി
കോണ്‍ഗ്രസുകാരും ബി ജെ പിക്കാരും തല്ലുകൊള്ളാന്‍ അവസരമുണ്ടാക്കരുത്
കണ്ണൂര്‍ | സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട സംവാദത്തിന്റെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് കെ റെയില്‍ അധികൃതരാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യങ്ങളെല്ലാം സര്‍ക്കാര്‍ കെ റെയില്‍ അധികൃതരെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. സ്വാഭാവികമായും നടപടിക്രമങ്ങളും ചര്‍ച്ചകളും തീരുമാനിക്കുന്നത് അവരാകുമെന്നും കോടിയേരി പറഞ്ഞു. സര്‍ക്കാര്‍ ക്ഷണിച്ചില്ലെന്ന അലോക് വര്‍മയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു കോടിയേരി.
എടക്കാട് കെ റെയില്‍ സര്‍വേക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ സി പി എമ്മിന് പങ്കില്ല. സി പി എമ്മുകാര്‍ ആരെയും തല്ലിയിട്ടില്ല. തല്ലുകൊള്ളാനുള്ള സാഹചര്യം കോണ്‍ഗ്രസുകാരും ബി ജെ പിക്കാരുമുണ്ടാക്കരുതെന്നും കോടിയേരി പറഞ്ഞു.
സര്‍വേ തടഞ്ഞ ആരേയും സി പി എമ്മുകാര്‍ തല്ലിയിട്ടില്ലെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും അറിയിച്ചു. മനുപ്പൂര്‍വം പ്രശ്‌നമുണ്ടാക്കാനെത്തിയവര്‍ക്ക് പിന്തിരിയേണ്ടി വന്നിട്ടുണ്ട്. നടാല്‍ ഭാഗത്ത് സര്‍വേ ശാന്തമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസുകാര്‍ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു. ഭൂമി പോകുന്ന ആര്‍ക്കും പരാതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.