silver line
സില്‍വര്‍ലൈന്‍: ജിയോ ടാഗ് സര്‍വേ നേരത്തേ ആയിക്കൂടായിരുന്നോയെന്ന് ഹൈക്കോടതി
ഇത്രയധികം കോലാഹലം വേണ്ടിയിരുന്നോയെന്നും കോടതി ചോദിച്ചു.
കൊച്ചി | അര്‍ധ അതിവേഗ റെയില്‍ പാതയായ സില്‍വര്‍ലൈനിന്റെ സാമൂഹികാഘാത പഠനം നടത്തുന്നതിനുള്ള സര്‍വേക്കല്ല് സ്ഥാപിക്കുന്നത് നിര്‍ത്തിവെച്ച റവന്യൂ വകുപ്പിന്റെ ഉത്തരവ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കല്ലുകള്‍ സ്ഥാപിക്കുന്നതിന് പകരം ജിയോ ടാഗ് സര്‍വേ നടത്തുമെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു. ജിയോ ടാഗ് നേരത്തേ ആയിക്കൂടായിരുന്നോയെന്നും ഇത്രയധികം കോലാഹലം വേണ്ടിയിരുന്നോയെന്നും കോടതി ചോദിച്ചു.
കൊച്ചി മെട്രോക്ക് വേണ്ടി ഭൂമിയേറ്റെടുക്കല്‍ നടത്തിയത് പോലെ ബഹളങ്ങളില്ലാതെ നടത്താമായിരുന്നില്ലേയെന്ന് കോടതി ചോദിച്ചു. കോലാഹലങ്ങളെ തുടര്‍ന്നാണ് ആദ്യം അനുകൂലമായിരുന്ന കേന്ദ്ര സര്‍ക്കാര്‍ പോലും പിന്നീട് സില്‍വര്‍ലൈനിന് എതിരായതെന്നും കോടതി നിരീക്ഷിച്ചു. സ്ഥാപിക്കാനായി കൊണ്ടുവന്ന സര്‍വേക്കല്ലുകള്‍ എവിടെയെന്നും കല്ലിടല്‍ എന്തിനെന്ന് സര്‍ക്കാര്‍ ഇതുവരെ കോടതിയില്‍ പറഞ്ഞിട്ടില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.