Health
സിമ്പിളാണ്, പക്ഷേ പവർഫുളുമാണ്; എന്താണ് 6-6-6 വ്യായാമം?
ജിം സെഷനുകളിലോ യോഗ ക്ലാസുകളിലോ ഏർപ്പെടാൻ പാടുപെടുന്നവർക്ക്, 6-6-6 നടത്ത നിയമം ലളിതവും ഫലപ്രദവുമായ ഒരു പരിഹാരം വാഗ്ദാനം ചെയ്യുന്നു.
പുതിയ കാലത്തെ ജീവിതരീതിയിൽ ആരോഗ്യം നിലനിർത്താൻ വ്യായാമം നിർബന്ധമാണ്. ജിംനേഷ്യത്തിലോ യോഗയ്‌ക്കോ പോകുന്നവർ ഇന്ന് വർധിച്ചുവരികയും ചെയ്യുന്നു. എന്തെങ്കിലും വ്യായാമം ദിവസവും ചെയ്യുന്നത് അത്യന്താപേക്ഷിതമാണ്. എന്നാൽ എല്ലാവർക്കും ജിംനേഷ്യത്തിലോ യോഗയ്‌ക്കോ പോകുന്നത് സാധ്യവുമല്ല. സമയക്കുറവ്, സാമ്പത്തികച്ചെലവ് തുടങ്ങി പല പ്രശ്‌നങ്ങൾ അതിലുണ്ട്. ഇവർക്കായുള്ള ഒരു സിമ്പിൾ വ്യായാമമുറയാണ് ട്രിപ്പിൾ സിക്‌സ് നടത്തം (6‐6‐6 വാക്ക്).
ജിം സെഷനുകളിലോ യോഗ ക്ലാസുകളിലോ ഏർപ്പെടാൻ പാടുപെടുന്നവർക്ക്, 6-6-6 നടത്ത നിയമം ലളിതവും ഫലപ്രദവുമായ ഒരു പരിഹാരം വാഗ്ദാനം ചെയ്യുന്നു. നടത്തമാണ് ഇതിലെ വ്യായാമം. അതിന് ഫലപ്രദമായ ഒരു രീതി നൽകുകയാണ് 6‐6‐6 നടത്ത നിയമം.
രാവിലെ 6 മണിക്കോ വൈകിട്ട് 6 മണിക്കോ ആരംഭിക്കുന്ന നടത്തമാണ് ആദ്യപടി. നടത്തത്തിനുമുമ്പ് 6 മിനിറ്റ് വാംഅപ്പ്. തുടർന്ന് 60 മിനിറ്റ് നടത്തം. ഇതുകഴിഞ്ഞാൽ 6 മിനിറ്റ് കൂൾ-ഡൗൺ. സംഭവം ഇത്രയേ ഉള്ളൂ.
ഈ രീതി വ്യായാമത്തിന് കൃത്യത നൽകുന്ന എന്നതാണ് ആദ്യത്തെ പ്രത്യേകത. വ്യക്തികളെ അവരുടെ ഫിറ്റ്നസ് ദിനചര്യകളിൽ സ്ഥിരത നിലനിർത്താൻ ഇത് സഹായിക്കുന്നു. സമതുലിതമായ ഘടന ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും മാനസിക ക്ഷേമത്തെ പിന്തുണയ്ക്കുകയും ശാരീരിക പ്രവർത്തനങ്ങളെ ദൈനംദിന ജീവിതത്തിന്റെ സുസ്ഥിരമായ ഭാഗമാക്കുകയും ചെയ്യുന്നു.
6-6-6 നടത്ത നിയമം ഏതാണ്ട് എവിടെയും ചെയ്യാൻ കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത. സൗകര്യപ്രദവും പൊരുത്തപ്പെടാവുന്നതുമായ ഫിറ്റ്നസ് ആക്‌ടിവിറ്റി ഇതിലൂടെ സാധ്യമാക്കാം.