Connect with us

Kerala

സിന്ധുവിന്റെ ആത്മഹത്യ; ജൂനിയര്‍ സൂപ്രണ്ട് അജിത കുമാരിയോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിക്കും

Published

|

Last Updated

വയനാട് | മാനന്തവാടി സബ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് സിന്ധു ആത്മഹത്യ ചെയ്ത് സംഭവത്തില്‍ ആരോപണ വിധേയയായ ജൂനിയര്‍ സൂപ്രണ്ട് അജിത കുമാരിയോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിക്കും. മോട്ടോര്‍ വാഹന വകുപ്പ് ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജോലി സംബന്ധമായി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഓഫീസിലെ ഉദ്യോസ്ഥരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് സിന്ധു ആത്മഹത്യ ചെയ്തെന്ന് സൂചന നല്‍കുന്ന കുറിപ്പുകള്‍ പോലീസ് കണ്ടെടുത്തിരുന്നു. സിന്ധുവിന്റെ മുറിയില്‍ നിന്ന് 20 പേജുള്ള ഡയറിയും ചില കുറിപ്പുകളുമാണ് കണ്ടെടുത്തത്. ഇതില്‍ മാനസിക പീഡനം നേരിട്ടതായുള്ള സൂചനയുണ്ട്. ഓഫീസില്‍ ഒറ്റപ്പെട്ടെന്നും ജോലി നഷ്ടപ്പെടുമെന്നും സിന്ധു ഡയറിയില്‍ കുറിച്ചിട്ടുണ്ട്. ചില സഹപ്രവര്‍ത്തകരുടെ പേരുകള്‍ ഡയറിയില്‍ രേഖപ്പേടുത്തിയിട്ടുമുണ്ട്. എന്നാല്‍ ഇത് തന്നെയാണ് ആത്മഹത്യാ കാരണമെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സിന്ധുവിന്റെ മുറിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത മൊബൈല്‍ ഫോണും ലാപ്ടോപ്പും വിശദമായി പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി. ഇന്നലെ രാവിലെയാണ്, മാനന്തവാടി സബ് ആര്‍ ടി ഒ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കായിരുന്ന സിന്ധുവിനെ എള്ളുമന്ദത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

 

Latest