Connect with us

Kerala

സിന്ധുവിന്റെ ആത്മഹത്യ; ഉദ്യോഗസ്ഥയോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ച് മന്ത്രി

Published

|

Last Updated

വയനാട് | മാനന്തവാടി സബ് ആര്‍ ടി ഓഫീസിലെ ഉദ്യോഗസ്ഥയോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ച് ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു. ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് സിന്ധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയയായ ജൂനിയര്‍ സൂപ്രണ്ട് അജിത കുമാരിക്കാണ് നിര്‍ദേശം നല്‍കിയത്. മോട്ടോര്‍ വാഹന വകുപ്പ് ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രാഥമിക അന്വേഷണത്തില്‍ ചില കുഴപ്പങ്ങള്‍ ഉള്ളതായാണ് മനസിലാക്കുന്നതെന്നും വിശദമായ അന്വേഷണത്തിന് ശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

അജിത കുമാരിയും സിന്ധുവും തമ്മില്‍ ജോലി സംബന്ധമായി തര്‍ക്കമുണ്ടായിരുന്നതായാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഓഫീസിലെ ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് സിന്ധു ആത്മഹത്യ ചെയ്‌തെന്ന് സൂചന നല്‍കുന്ന കുറിപ്പുകള്‍ പോലീസ് കണ്ടെടുത്തിരുന്നു. ഓഫീസില്‍ ഒറ്റപ്പെട്ടെന്നും ജോലി നഷ്ടപ്പെടുമെന്നും സിന്ധു ഡയറിയില്‍ കുറിച്ചിട്ടുണ്ട്. ചില സഹപ്രവര്‍ത്തകരുടെ പേരുകള്‍ ഡയറിയില്‍ രേഖപ്പേടുത്തിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസം രാവിലെയാണ് സിന്ധുവിനെ എള്ളുമന്ദത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

 

Latest