Connect with us

Kerala

ദേശീയ ഗാനം തെറ്റിച്ചുപാടി; ഡിസിസി അധ്യക്ഷന്‍ പാലോട് രവിക്കെതിരെ പരാതി നല്‍കി ബിജെപി

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ദേശീയഗാനം തെറ്റിച്ചുപാടിയത്.

Published

|

Last Updated

തിരുവനന്തപുരം| കെപിസിസി നടത്തിയ സമരാഗ്‌നി സമാപന സമ്മേളന വേദിയില്‍ ദേശീയ ഗാനം തെറ്റിച്ചുപാടിയ ഡിസിസി അധ്യക്ഷന്‍ പാലോട് രവിക്കെതിരെ പരാതി നല്‍കി ബിജെപി. തിരുവനന്തപുരത്ത് ഇന്നലെ വൈകീട്ട് നടന്ന ചടങ്ങിലായിരുന്നു സംഭവം. സമ്മേളനത്തില്‍ നന്ദി പ്രസംഗം അവസാനിച്ചശേഷം പാലോട് രവി മൈക്കിനടുത്തെത്തി എല്ലാവരോടും എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെടുകയും ദേശീയഗാനം തെറ്റിച്ച് പാടുകയുമായിരുന്നു.

തെറ്റിയെന്ന് മനസ്സിലായതോടെ ടി സിദ്ദിഖ് എം.എല്‍.എ ഉടന്‍ തന്നെ ഇടപെട്ട് പാടല്ലേ എന്ന് പറഞ്ഞ് അദ്ദേഹത്തെ പിന്തിരിപ്പിക്കുകയായിരുന്നു. പാടുന്നതിനൊപ്പം പാലോട് രവി കൈ കൊട്ടുകയും ചെയ്തിട്ടുണ്ട്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ദേശീയഗാനം തെറ്റിച്ചുപാടിയത്. തുടര്‍ന്ന് ആലിപ്പറ്റ ജമീലയാണ് ദേശീയഗാനം ആലപിച്ചത്. ദേശീയഗാനം തെറ്റിച്ച് പാടുന്ന പാലോട് രവിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

 

 

 

Latest