Travelogue
സിംഗപ്പൂരെന്ന സ്വപ്ന രാജ്യം
വിമാനം ലാൻഡ് ചെയ്യും മുമ്പേയുള്ള ആകാശ ദൃശ്യങ്ങൾക്ക് എന്ത് ഭംഗിയാണെന്നോ? ഹൃദ്യം. അത്യപൂർവം.അതും പ്രഭാതത്തോടടുത്ത സന്ദർഭം. ദീപാലംകൃതമായ കൊച്ചു കൊച്ചു ദ്വീപുകൾ. നിരനിരയായി നിർത്തിയിട്ടിരിക്കുന്ന കപ്പലുകൾ. അവയുടെ പുലർകാല കാഴ്ചകൾ ശരിക്കും വിസ്മയിപ്പിച്ചു.
പൊടുന്നനെ ആരംഭിക്കുന്നതല്ല ഒരു യാത്രയും. സുദീർഘമായ മുന്നൊരുക്കങ്ങൾ അതിന് ആവശ്യമുണ്ട്. പ്രത്യേകിച്ചും കൂടുതലാരും കടന്നു ചെല്ലാത്ത നാടുകളിലേക്ക് പോകുമ്പോൾ. മൂന്നു നാലു വർഷങ്ങൾക്ക് മുമ്പ് ഇതുപോലെ ഒരു യാത്രക്ക് തയ്യാറെടുപ്പുകൾ നടത്തിയിരുന്നു എങ്കിലും പല കാരണങ്ങളാൽ അത് നടന്നില്ല. അതുകൊണ്ട് തന്നെ ഇപ്രാവശ്യം ലക്ഷ്യം പൂവണിയിക്കണമെന്ന ആഗ്രഹത്തോടെയാണ് ആദ്യമേ കാര്യങ്ങൾ നീക്കിയത്. അത്തരം കൂടിയാലോചനങ്ങൾക്ക് ഇടയിലാണ് തായ്‌ലാൻഡും അച്ചെയുമെല്ലാം ഐറ്റിനറിയിൽ കടന്നുവന്നത്.
ഐറ്റിനറി അഥവാ യാത്രാക്രമം തയ്യാറാക്കുകയായിരുന്നു ആദ്യ കടമ്പ. ബാലിയും ബാങ്കോക്കുമൊക്കെയാണ് പൊതുവെ തായ്‌ലാൻഡ്- ഇന്തോനേഷ്യൻ സന്ദർശകരുടെ ലിസ്റ്റിൽ ഉണ്ടാവാറുള്ളത്. അവിടങ്ങളിലെ ഏതാനും മുസ്്ലിം ഗ്രാമങ്ങളും ഹലാൽ ടൂറിസം പദ്ധതികളും ചിലപ്പോൾ കൂട്ടത്തിൽ ഉൾപ്പെട്ടെന്ന് വരാം. ട്രാവൽ വ്ലോഗർമാരിൽ അധികവും ആ വഴികളിലൂടെയാണ് സഞ്ചരിച്ചിട്ടുള്ളത്. പിന്തുടരാവുന്ന മാർഗമാണോ അതെന്നതായിരുന്നു ആദ്യത്തെ വെല്ലുവിളി. അല്ലെങ്കിൽ പിന്നെ മറ്റു വഴികൾ തിരഞ്ഞെടുക്കണം. അതെങ്ങനെ സാധ്യമാകും? സാധ്യമായാൽ തന്നെ സുരക്ഷിത പാതയായിരിക്കുമോ അത് ? ആശങ്കകൾ പലവിധം മനസ്സിനെ അലട്ടി.
അതിനിടയിലാണ് ഇടിത്തീ പോലെ മറ്റൊരു വാർത്ത വന്നത്. മലേഷ്യയെയും സൗത്ത് തായ്‌ലാൻഡിനെയും അതിരൂക്ഷമായ പ്രളയം വിഴുങ്ങിയിരിക്കുന്നു. രണ്ട് പതിറ്റാണ്ടിനിടെ പ്രദേശം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ പ്രളയം. വാർത്താ ചാനലുകൾ മാറി മാറി നോക്കി. ഗ്രാമ നഗരങ്ങളെ വെള്ളം കീഴടക്കിയ ചിത്രങ്ങളാണ് അവ നിറയെ. വാട്‌സപ്പ് വേണ്ടത്ര പ്രചാരത്തിലില്ല സൗത്ത് തായ്‌ലാൻഡിൽ. പകരം ലൈൻ ആപ്പാണ് അവർ ഉപയോഗിക്കുന്നത്.അവിടെയുള്ള പലർക്കും ലൈനിലും മറ്റും സന്ദേശമയച്ചു. പ്രതികരണങ്ങളില്ല. എല്ലാവരും പ്രളയക്കെടുതിയിലാണ്. ലഭിച്ച പ്രതികരണങ്ങളാവട്ടെ പ്രതീക്ഷ നൽകുന്നതുമല്ല. മലേഷ്യയിലെ പല പരിചയക്കാരോടും ചോദിച്ചു. പോകേണ്ടെന്ന് മറുപടി. ആശ്വാസത്തിന് ഗൂഗ്ൾ മാപ്പ് ലൊക്കേഷനുകൾ പലയാവർത്തി പരിശോധിച്ചു. നിറയെ ചുവപ്പടയാളങ്ങൾ. എങ്ങും വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ! സാഹചര്യങ്ങൾ മുഴുവൻ പ്രതികൂലം.
നിരാശയുടെ കാർമേഘങ്ങൾ വട്ടമിട്ടു പറക്കുന്നു. ടിക്കറ്റാണെങ്കിലോ നേരത്തേ ബുക്ക് ചെയ്തതാണ്. കൊച്ചിയിൽ നിന്ന് തായ്‌ലാൻഡിലെ ഹാത്യായിലേക്ക്. ടിക്കറ്റ് ക്യാൻസൽ ചെയ്യാനായി അടുത്ത ശ്രമം. പക്ഷെ, അടച്ച തുകയുടെ നാലിലൊന്ന് പോലും തിരികെ കിട്ടില്ലത്രെ. ഇനി എന്തു ചെയ്യും? കാത്തു കാത്തിരുന്ന യാത്ര വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോകുമോ? ഒരു വശത്ത് പൂർത്തിയാകാത്ത ഐറ്റിനറി. മറുവശത്ത് പ്രകൃതി പരീക്ഷണങ്ങൾ. അവസാനം ഒരു തീരുമാനത്തിലെത്തി. ഹാത്യായ് ഇന്റർനാഷനൽ എയർപോർട്ടിന് സമീപത്തുള്ള ഏതെങ്കിലും ഹോട്ടലിൽ രണ്ട് ദിവസം തങ്ങാം. പറ്റുമെങ്കിൽ പുറത്തിറങ്ങി സന്ദർശനങ്ങൾ നിർവഹിച്ച് ഇന്തോനേഷ്യയിലേക്ക് യാത്ര തുടരാം.
കൊച്ചിയിൽ നിന്ന് സിംഗപ്പൂർ എയർലൈൻസിലാണ് യാത്ര.ഹാത്യായിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ ആദ്യം സിംഗപ്പൂരിലിറങ്ങണം.അവിടെ ആറ് മണിക്കൂർ കാത്തിരിപ്പുണ്ട്.
പ്രീമിയം ഫ്ലൈറ്റാണ്. കാല് നീട്ടിയിരിക്കാൻ മാത്രം വിശാലതയുണ്ട് സീറ്റുകൾക്കിടയിൽ. ഭക്ഷണവും ലഭ്യമാണ്. വെജിറ്റേറിയനും നോൺ വെജും.വെജാണ് വാങ്ങിയത്. സസ്യാഹാരമെന്ന നിലക്ക് അതാണല്ലോ വിശ്വസിച്ച് കഴിക്കാവുന്നത്. അഞ്ച് മണിക്കൂറിലധികം സമയമുള്ളതിനാലാണ് സിംഗപ്പൂർ എയർലൈൻസ് തന്നെ തിരഞ്ഞെടുത്തത്. ബഡ്ജറ്റ് ഫ്ലൈറ്റാണെങ്കിൽ ഇത്ര സൗകര്യം ഉണ്ടാകില്ല. ഭക്ഷണം ലഭിക്കുകയുമില്ല. സിംഗപ്പൂർ എയർലൈൻസിന് കീഴിലുള്ള സ്‌കൂട്ട് അത്തരം വിമാനക്കമ്പനിയാണ്. ടിക്കറ്റ് നിരക്കും നന്നേ കുറവ്. ഹ്രസ്വദൂര യാത്രകൾക്ക് സ്‌കൂട്ട് ആശ്രയിക്കാറുണ്ട്. ലഗേജ് പരിമിതമായേ പാടുള്ളൂ എന്ന നിബന്ധനയുണ്ട് ബഡ്ജറ്റ് ഫ്ലൈറ്റുകൾക്ക്. കൂടുതൽ കൊണ്ടുപോകണമെങ്കിൽ കൂടുതൽ ചാർജ് നൽകണം.
അത്യാധുനിക സംവിധാനങ്ങളുള്ള ലോകത്തെ പ്രധാന വിമാനത്താവളങ്ങളിൽ ഒന്നാണ് സിംഗപ്പൂരിലേത്. രണ്ട് മാസത്തിനിടെയുള്ള രണ്ടാം സന്ദർശനമെന്ന നിലയിൽ സിംഗപ്പൂർ ചങ്കി ഇന്റർനാഷനൽ എയർപോർട്ട് കൂടുതൽ മിഴിവോടെ കാണാൻ ഈ യാത്ര ഉപകരിക്കുമെന്ന് ഉറപ്പാണ്.
വിമാനം ലാൻഡ് ചെയ്യും മുമ്പേയുള്ള ആകാശ ദൃശ്യങ്ങൾക്ക് എന്ത് ഭംഗിയാണെന്നോ? ഹൃദ്യം. അത്യപൂർവം.അതും പ്രഭാതത്തോടടുത്ത സന്ദർഭം. ദീപാലംകൃതമായ കൊച്ചു കൊച്ചു ദ്വീപുകൾ. നിരനിരയായി നിർത്തിയിട്ടിരിക്കുന്ന കപ്പലുകൾ. അവയുടെ പുലർകാല കാഴ്ചകൾ ശരിക്കും വിസ്മയിപ്പിച്ചു. എയർപോർട്ടിനകം അത് വല്ലാത്തൊരു ലോകമാണ്. കാർപെറ്റ് വിരിച്ച നിലം. അകത്ത് അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കാൻ ട്രെയിനുകൾ. കൃത്രിമ വെള്ളച്ചാട്ടം, കാടുകൾ… അങ്ങനെയങ്ങനെ പലതും. ഒരു എയർപോർട്ട് എങ്ങനെയൊക്കെ അലങ്കരിക്കാം എന്നതിന് മികച്ച ഉദാഹരണം.