Connect with us

Prathivaram

പതിതരുടെ പാട്ടുകാരൻ

ബാഹ്യതലത്തിൽ ലളിതമെന്നു തോന്നുമെങ്കിലും സൂക്ഷ്മ വായനയിൽ ലാറ്റിനമേരിക്കൻ സാമൂഹിക ജീവിതത്തിലെ സംഘർഷങ്ങളും വിഹ്വലതകളും വാൽക്കോട്ടിന്റെ പിൽക്കാല കവിതകളിലെല്ലാം സ്പന്ദിക്കുന്നത് കാണാം. വംശീയ സംഘർഷങ്ങൾ നിറഞ്ഞ കരീബിയൻ ചരിത്രത്തിന്റെ ഇരുളിമ പടർന്നവയാണ് അവയെല്ലാം.

Published

|

Last Updated

പതിതരുടെ ജീവിതദൈന്യങ്ങളെ എഴുത്തിന് ഇന്ധനമാക്കിയ ഡെറെക് വാൽക്കോട്ട് (Sir Derek Alton Walcott) കരീബിയയിലെ ഏറ്റവും ശ്രദ്ധേയനായ കവിയും നാടകകൃത്തുമായിരുന്നു. ഏഴ് പതിറ്റാണ്ട് നീണ്ട സാഹിത്യസപര്യയിലൂടെ ലാറ്റിനമേരിക്കയുടെ അക്ഷരലോകത്തെ അദ്ദേഹം സമ്പന്നവും വർണാഭവുമാക്കി. 2017 മാര്‍ച്ച് പതിനേഴിന് ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞ വാൽകോട്ട് 1992 ലെ നൊബേൽ സമ്മാന ജേതാവായിരുന്നു. വംശീയ സംഘർഷങ്ങളിൽ ശ്വാസംമുട്ടുന്ന ലാറ്റിനമേരിക്കയുടെ സാംസ്കാരിക പൈതൃകത്തിന്റെ ഉണ്മ തേടുന്ന നിരന്തര യാത്രകളെന്നാണ് വാൽക്കോട്ടിന്റെ കാവ്യജീവിതത്തെ സ്വീഡിഷ് അക്കാദമി വിശേഷിപ്പിച്ചത്.

1930 ജനുവരി 27ന് വെസ്റ്റിൻഡീസിലെ സെന്റ് ലൂസിയായിലെ കാസ്ട്രിസിൽ ജനിച്ച ഡെറക് വാൽക്കോട്ട് ഏറെക്കാലം പത്രപ്രവർത്തകനായും പിന്നീട് കോളജ് അധ്യാപകനായും സേവനമനുഷ്ഠിച്ചു. പ്രശസ്തമായ ട്രിനിഡാഡ് തിയറ്റർ വർക്ക് ഷോപ്പിന്റെ ശിൽപ്പികളിലൊരാളായിരുന്നു അദ്ദേഹം. പതിനാലാം വയസ്സിൽ ആദ്യ കവിത “1944′ പ്രസിദ്ധീകരിച്ചു. ഇരുപത് വയസ്സിനുള്ളിൽ രണ്ട് കവിതാ സമാഹാരങ്ങൾ – “25 പോയംസ്’ (1948), “എപിറ്റാഫ് ഫോർ ദി യംഗ്’ (1949) – കൂടി പുറത്തിറങ്ങിയതോടെ ഡെറെക് വാൽക്കോട്ട് കരീബിയയുടെ മുൻനിര കവികളിലൊരാൾ എന്ന ബഹുമതി നേടുകയുണ്ടായി. തുടർന്ന് അനേകം കാവ്യസമാഹാരങ്ങളിലൂടെ നൂറുകണക്കിന് മനോഹരമായ കവിതകളാണ് വാൽക്കോട്ടിന്റെ തൂലികയിൽനിന്നും പിറന്നുവീണത്. എ ഫാർ ക്രൈ ഫ്രം ആഫ്രിക്ക, ദി സ്റ്റാർ ആപ്പിൾ കിംഗ്ഡം, ഫോറസ്റ്റ് ഓഫ് യൂറോപ്, ഡാർക് ആഗസ്ത്, ലവ് ആഫ്റ്റർ ലവ്, എ സിറ്റീസ് ഡെത്ത് ബൈ ഫയർ, ഓമിറോസ് എന്നീ കവിതകൾ രാജ്യാന്തരതലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ടു. നാടകങ്ങളിൽ ഏറെ പ്രശസ്തം ബീഫ്, നോ ചിക്കൻ, ഡ്രീം ഓൺ മങ്കി മൗണ്ടൻ, ഡ്രംസ് ആൻഡ് കളേഴ്‌സ്, ഓ ബാബിലോൺ, റിമമ്പറൻസ്, വൈൻ ഓഫ് ദി കൺട്രി എന്നിവയാണ്. ഷേക്സ്പിയർ, എലിയറ്റ്, എസ്രാ പൗണ്ട് തുടങ്ങിയവരുടെ സ്വാധീനം ആദ്യകാല രചനകളിൽ പ്രകടമാണെങ്കിലും വൈകാതെ സ്വന്തമായൊരു കാവ്യശൈലി സൃഷ്ടിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഗ്രാമ്യഭാഷയുടെ നൈസർഗികമായ താളമാണ് വാൽക്കോട്ടിന്റെ ആഖ്യാനത്തിൽ മുന്നിട്ടുനിൽക്കുന്നത്. കരീബിയൻ ഫോക്‌ലോറിന്റെ വന്യസൗന്ദര്യത്തെ ഇത്രമേൽ ഉപയോഗപ്പെടുത്തിയ കവി വാൽക്കോട്ടിനെപ്പോലെ വേറെയില്ലെന്നു പറയാം.

പച്ചയായ കരീബിയൻ പൗരൻ എന്നാണ് വാൽക്കോട്ട് തന്നെത്തന്നെ വിശേഷിപ്പിക്കുന്നത്. വെസ്റ്റ് ഇന്ത്യൻ ജീവിതത്തിന്റെ ഗരിമയെയും ഗാംഭീര്യത്തേയും അദ്ദേഹം അത്രയേറെ സ്നേഹിച്ചു. ലാറ്റിനമേരിക്കയുടെ ഭാഷാവൈവിധ്യങ്ങളിൽ നിന്നും സ്വീകരിച്ച പദങ്ങളും ശൈലികളും സമഞ്ജസമായി കൂട്ടിച്ചേർത്തുകൊണ്ട് നൂതനമായ ഒരു സാഹിത്യഭാഷക്കുതന്നെ അദ്ദേഹം രൂപം നൽകി. കവിതയെ നിരന്തരം നവീകരിച്ചുകൊണ്ടിരുന്ന വാൽക്കോട്ട് ഒരു പുതിയ വെസ്റ്റ് ഇന്ത്യൻ രീതിശാസ്ത്രത്തെ അനുവാചകരിലെത്തിക്കുകയായിരുന്നു. ബാഹ്യതലത്തിൽ ലളിതമെന്നു തോന്നുമെങ്കിലും സൂക്ഷ്മ വായനയിൽ ലാറ്റിനമേരിക്കയുടെ സാമൂഹിക ജീവിതത്തിലെ സംഘർഷങ്ങളും വിഹ്വലതകളും വാൽക്കോട്ടിന്റെ പിൽക്കാല കവിതകളിലെല്ലാം സ്പന്ദിക്കുന്നത് കാണാം. വംശീയ സംഘർഷങ്ങൾ നിറഞ്ഞ കരീബിയൻ ചരിത്രത്തിന്റെ ഇരുളിമ പടർന്നവയാണ് അവയെല്ലാം. പല കാലങ്ങളിലായി കരീബിയയിലേക്കെത്തിക്കപ്പെട്ട കറുത്ത വർഗക്കാരുൾപ്പെടെയുള്ള പതിനായിരക്കണക്കിന് അടിമകളുടെ ദീനരോദനമാണ് അവയിൽനിന്നും ഉയർന്നു കേൾക്കുന്നത്. ഈ പതിത വർഗത്തിന്റെ തേങ്ങലുകളിൽനിന്നാണ് കരീബിയയുടെ യഥാർഥ ചരിത്രം തുടങ്ങുന്നതെന്ന് കവി വെളിപ്പെടുത്തുന്നു. കൊളോണിയൽ അധിനിവേശത്തിന്റെ തീക്ഷ്ണതയിൽ ഉറഞ്ഞുപോയ ഒരു നാടിന്റെ സംത്രാസങ്ങളാണ് യഥാർഥത്തിൽ വാൽക്കോട്ടിന്റെ കവിതകളിൽ തിളച്ചുമറിയുന്നത്. അതോടൊപ്പം മിക്ക കവിതകളിലും കടലിന്റെ തീവ്രസാന്നിധ്യം അനുവാചക മനസ്സിൽ പുതിയ ഒരനുഭവപ്രപഞ്ചം സൃഷ്ടിച്ചുകൊണ്ട് ഇരമ്പിയാർക്കുന്നതും കാണാം. കടൽ വെസ്റ്റ് ഇന്ത്യക്കാരുടെ ജീവിതത്തിന്റെ അവഗണിക്കാനാകാത്ത ഘടകവും അവരുടെ സ്വത്വബോധത്തിന്റെ ശക്തമായ അടയാളവുമത്രെ. അതിന്റെ ഇരമ്പൽ അവരുടെ പച്ചയായ ജീവിതത്തിന്റെതന്നെ ഇരമ്പലാണെന്നാണ് കവിയുടെ പക്ഷം.

അനിഷേധ്യമായ ജീവിതവീക്ഷണവും ഉന്നതമായ സാമൂഹിക ബോധവും കൊണ്ട് കരീബിയയുടെ അക്ഷരലോകത്ത് സവിശേഷ സ്ഥാനം അലങ്കരിക്കുന്നവയാണ് വൽക്കോട്ടിന്റെ കവിതകൾ. അതിശയകരമായ നൈസർഗികതയാണ് അവയുടെ ജീവൻ. ആ കവിതകളെക്കുറിച്ച് ശ്രദ്ധേയ പഠനങ്ങൾ നടത്തിയ വിശ്രുത നിരൂപകൻ ഹെർമോയിൻ ലീ പറയുന്നത് നോക്കൂ. “ഡെറക് വാൽക്കോട്ടിന്റെ കവിതകൾ അനശ്വരങ്ങളാണ്. അവ അദ്ദേഹത്തിന്റെ സമകാലികരും സുഹൃത്തുക്കളുമായ ഇയോസഫ് ബ്രോഡ് സ്‌കിയുടെതും ഹീനിയുടെതും പോലെ കാലത്തെ അതിജീവിക്കുകതന്നെ ചെയ്യും.’

Latest