edava basheer
ഗായകൻ ഇടവ ബഷീർ അന്തരിച്ചു
ആഘോഷവേദിയിൽ പാടുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

ആലപ്പുഴ | വേദിയിൽ പാടുന്നതിനിടെ കുഴഞ്ഞുവീണ് ഗായകൻ ഇടവ ബഷീർ (78) അന്തരിച്ചു. ആലപ്പുഴ ബ്ലൂഡയമണ്ട്സ് ഓർക്കെസ്ട്രയുടെ സുവർണ ജൂബിലി ആഘോഷവേദിയിൽ പാടുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അൽപസമയത്തിനകം മരിച്ചു.
യേശുദാസിന്റെയും മുഹമ്മദ് റാഫിയുടെയും പാട്ടുകളിലൂടെ ബഷീർ ജനഹൃദയങ്ങൾ കീഴടക്കി. ഗാനമേളകൾ ജനകീയമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. എസ് ജാനകിക്കൊപ്പം ഗാനം ആലപിച്ചാണ് ചലച്ചിത്ര ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. തുടർന്നും സിനിമയിൽ അവസരങ്ങൾ വന്നെങ്കിലും ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന ഗാനമേളകളിൽ നിന്നും വിട്ടുനിൽക്കാനാകാത്തതിനാൽ അതൊക്കെ നിരസിക്കുകയായിരുന്നു. അഞ്ച് പതിറ്റാണ്ടു മുൻപു ഗാനമേളയ്‌ക്കായി കൊല്ലം സംഗീതാലയക്ക് രൂപം നൽകി.
തിരുവനന്തപുരം ജില്ലയിലെ ഇടവയിലാണ് ജനനം. പിതാവ് അബ്ദുൽ അസീസ്. എട്ടാം ക്ലാസ് വരെ ഇടവയിലായിരുന്നു പഠനം. പിന്നീട് കുടുംബം കൊല്ലത്തേക്ക് താമസം മാറ്റിയതിനാൽ പത്തുവരെ പട്ടത്താനം ക്രിസ്തുരാജ് സ്കൂളിൽ പഠിച്ചു. സ്വാതിതിരുനാൾ മ്യൂസിക് അക്കാദമിയിൽ നിന്ന് 1972ൽ ഗാനഭൂഷണം പാസായി.