National
ഏക സിവില്‍ കോഡ് ബില്‍ ഉത്തരാഖണ്ഡ് നിയമസഭയില്‍ അവതരിപ്പിച്ചു
ബില്ലിനോട് എതിര്‍പ്പില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
ഡെറാഡൂണ്‍| ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയാണ് കരട് ബില്‍ അവതരിപ്പിച്ചത്. ബില്ലിനോട് എതിര്‍പ്പില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. എന്നാല്‍ എംഎല്‍എമാരുടെ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ ബിജെപി പ്രതിപക്ഷ ശബ്ദത്തെ അടിച്ചമര്‍ത്തുന്ന രീതി അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എയും പ്രതിപക്ഷ നേതാവുമായ യശ്പാല്‍ ആര്യ പറഞ്ഞു.
ഏക സിവില്‍ കോഡ് നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്നത് 2022ലെ തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെയാണ് ഇതിനായി പ്രത്യേകം സമിതിയെ നിയോഗിച്ചത്.
ഏക സിവില്‍ കോഡ് നടപ്പാക്കാനായി രണ്ട് ദിവസത്തെ പ്രത്യേക നിയമസഭ സമ്മേളനമാണ് സര്‍ക്കാര്‍ വിളിച്ചിരിക്കുന്നത്. ബില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് അതിന്റെ വ്യവസ്ഥകള്‍ പഠിക്കാന്‍ സമയം നല്‍കിയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന് ബില്‍ പഠിക്കാന്‍ മതിയായ സമയം ഉറപ്പാക്കുമെന്ന് സ്പീക്കര്‍ ഉറപ്പു നല്‍കി.