Featured
മരുഭൂമിയിലെ മരുപ്പച്ചയായി സിർ ബനിയാസ്
17,000ത്തോളം വന്യജീവികൾ സ്വതന്ത്രമായി വിഹരിക്കുന്ന ദ്വീപിലൂടെ തുറന്ന വാഹനത്തിലുള്ള സഞ്ചാരം വ്യത്യസ്ത അനുഭൂതി സമ്മാനിക്കും.
അബുദബി | പ്രകൃതിദത്ത വന്യജീവി സങ്കേതമായ സർ ബനിയാസ് ഐലൻഡിലേക്ക് വിനോദസഞ്ചാരം പുനരാരംഭിച്ചു. കാലാവസ്ഥ അനുകൂലമായതോടെ ആരംഭിച്ച സീസൺ ഏപ്രിൽ വരെ തുടരും. ആഫ്രിക്കൻ സഫാരിയെ അനുസ്മരിപ്പിക്കുന്ന യാത്രാനുഭവം കുറഞ്ഞ ചെലവിൽ ലഭ്യമാകുമെന്നതാണ് പ്രത്യേകത. 17,000ത്തോളം വന്യജീവികൾ സ്വതന്ത്രമായി വിഹരിക്കുന്ന ദ്വീപിലൂടെ തുറന്ന വാഹനത്തിലുള്ള സഞ്ചാരം വ്യത്യസ്ത അനുഭൂതി സമ്മാനിക്കും. മലയാളി പങ്കാളിത്തമുള്ള ഹോളിഡേ പാണ്ടയാണ് സാധാരണക്കാർക്കും നയനമനോഹര കാഴ്ചകൾ ആസ്വദിക്കാൻ അവസരമൊരുക്കുന്നത്.
പ്രകൃതിയുടെ മാറ്റുരക്കാനാവാത്ത മനോഹാരിതയും ഒപ്പം കരവിരുതിലൂടെ ഉണ്ടാക്കിയ നിര്‍മിതിയുടെ ഭംഗിയും ആസ്വദിക്കാന്‍ അതി വിപുലമായ സജ്ജീകരണങ്ങളാണ് ഇവിടെയുള്ളത്. നേരത്തെ, സിര്‍ ബനിയാസ് യാത്ര കുറെക്കൂടി ലളിതമായിരുന്നു. എന്നാല്‍, പിന്നീട് മുന്‍കൂട്ടി ഹോട്ടല്‍ ബുക്ക് ചെയ്ത് പണമടക്കുന്നവര്‍ക്ക് വേണ്ടി മാത്രമായി യാത്ര നിജപ്പെടുത്തുകയാണുണ്ടായത്. അബുദബി ബതീന്‍ എയര്‍പോര്‍ട്ടില്‍ നിന്നും ചെറിയ വിമാനത്തിലുള്ള യാത്ര സൗകര്യം ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ബോട്ട് യാത്ര മാത്രമാണ് സിര്‍ ബനിയാസിലേക്കുള്ളത്.
രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങളോടെയാണ് സിര്‍ ബനിയാസിന്റെ ഉദ്ഭവവും വളര്‍ച്ചയും സാധ്യമായത്. മനോഹരമായ ഭൂപ്രകൃതിയും നിറയെ പുള്ളിമാനുകളും മുയലുകളും അപൂര്‍വ ജീവജാലങ്ങളുമുള്ള ഈ മനോഹര ദ്വീപ് ഇപ്പോൾ അന്താരാഷ്ട്ര സഞ്ചാരികളുടെ ശ്രദ്ധ കേന്ദ്രമാണ്. 4,000 വര്‍ഷം പഴക്കമുള്ള മനുഷ്യ സാന്നിധ്യം സിര്‍ ബനിയാസിനെ മേഖലയിലെ പൗരാണികതയുടെ ഉള്‍ത്തുടിപ്പാക്കി മാറ്റി. പ്രകൃതിയുടെ വരദാനമായ ഇവിടം പക്ഷി-മൃഗ സങ്കേതവും പരിപാലന കേന്ദ്രവും കൂടിയാണ്.
അബുദബിയിൽനിന്ന് 300 കി.മീ അകലെ അൽദാനയിൽനിന്ന് ജങ്കാറിൽ (ഫെറി) 25 മിനിറ്റ് യാത്ര ചെയ്താൽ സർ ബനിയാസിലെത്താം. ദ്വീപിലേക്കുള്ള കടൽ യാത്രയും അതിമനോഹരം. സഞ്ചാരികളെ തുറന്ന വാഹനത്തിൽ ഇരുത്തി ദ്വീപിന്റെ വന്യതയിലേക്ക്. രണ്ടര മണിക്കൂർ നീളുന്ന സഫാരിയാണ് മുഖ്യ ആകർഷണം. കയാക്കിങ്, നീന്തൽ ഉൾപ്പെടെ ബീച്ച് വിനോദങ്ങൾക്കു പുറമെ കലാപരിപാടികളും ഭക്ഷണവുമുണ്ട്. ഒരു പകൽ മുഴുവൻ ഇവിടെ കഴിയാം. രാത്രി തങ്ങേണ്ടവർക്ക് അതിനുള്ള സൗകര്യവും ഇത്തവണയുണ്ടാകുമെന്ന് ഓപ്പറേഷൻ ഡയറക്ടർ രഞ്ജിത് ജോസഫ് പറഞ്ഞു.
84 ചതുരശ്ര കി.മീ. വലിപ്പമുള്ള ദ്വീപിൽ ചീറ്റ, മ്ലാവ്, ജിറാഫ്, കഴുതപ്പുലി, അറേബ്യൻ ഒറിക്സ്, മയിൽ തുടങ്ങി ആയിരക്കണക്കിനു മൃഗങ്ങൾ സ്വതന്ത്രമായി വിഹരിക്കുന്നത് അടുത്തു കാണാം. കണ്ടൽ കാടുകളും സ്വാഭാവിക തടാകങ്ങളും നിറഞ്ഞ ദ്വീപ് യുഎഇയിലെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറുകയാണ്. യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്വകാര്യ ദ്വീപായിരുന്ന സർ ബനിയാസ് 1977ലാണ് വികസിപ്പിച്ചത്. ഈ മരുപ്പച്ച 2005 മുതലാണ് സ്വകാര്യ വ്യക്തികൾക്കു തുറന്നുകൊടുത്തത്. കഴിഞ്ഞ വർഷം വരെ അനന്താര ഗ്രൂപ്പിന്റെ റിസോർട്ടിൽ താമസിക്കുന്നവർക്കു മാത്രമായിരുന്നു ദ്വീപിലേക്ക് പ്രവേശനമുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടിൽ സിറിയൻ ക്രൈസ്തവർ ദ്വീപിൽ താമസിച്ചിരുന്നുവെന്നതിന്റെ ശേഷിപ്പുകളും ഇവിടെയുണ്ട്.
അക്കാലത്തെ ആരാധനാലയത്തിന്റെ ഭാഗങ്ങൾ കണ്ടെത്തി യുഎഇ വൻ പ്രാധാന്യത്തോടെ സംരക്ഷിച്ചുവരുന്നു. ഇവിടുന്ന് ശേഖരിച്ച പുരാവസ്തുക്കൾ ലൂവ്റ് അബുദാബി മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. ദ്വീപിൽ വേട്ടയാടാനോ മലിനമാക്കാനോ പരിസ്ഥിതി നശിപ്പിക്കാനോ പാടില്ല. പക്ഷികൾ, മൃഗങ്ങൾ, ഉരഗങ്ങൾ എന്നിവയെ ശല്യപ്പെടുത്താത്ത വിധമായിരിക്കണം സഞ്ചാരം. ആഗോള വിനോദ സഞ്ചാരികളുമായി അബുദാബിയിൽ എത്തുന്ന കൂറ്റൻ കപ്പലുകളെ സ്വീകരിക്കാനുള്ള സൗകര്യവും സിർ ബനിയാസിലുണ്ട്.