Uae
സിര്‍ ബനിയാസ് ദ്വീപ് വിമാനത്താവളത്തിന് പുതിയ മുഖം
അബൂദബി തീരത്ത് നിന്ന് 250 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായി അല്‍ ദഫ്‌റ മേഖലയില്‍ സ്ഥിതി ചെയ്യുന്ന സിര്‍ ബനിയാസ് വിമാനത്താവളം ദ്വീപിലേക്കുള്ള പ്രാഥമിക കവാടമാണ്.

അബൂദബി | സിര്‍ ബനിയാസ് വിമാനത്താവളത്തിന്റെ സമഗ്ര നവീകരണ പദ്ധതി എമിറേറ്റിലെ അഞ്ച് വാണിജ്യ വിമാനത്താവളങ്ങളുടെ നടത്തിപ്പുകാരായ അബൂദബി എയര്‍പോര്‍ട്ട്സ് പൂര്‍ത്തിയാക്കി. അബൂദബി തീരത്ത് നിന്ന് 250 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായി അല്‍ ദഫ്‌റ മേഖലയില്‍ സ്ഥിതി ചെയ്യുന്ന സിര്‍ ബനിയാസ് വിമാനത്താവളം ദ്വീപിലേക്കുള്ള പ്രാഥമിക കവാടമാണ്. എയര്‍ഫീല്‍ഡിലുടനീളമുള്ള പ്രധാന മെച്ചപ്പെടുത്തലുകള്‍ ഉള്‍പ്പെടുന്നതാണ് നവീകരണ പദ്ധതി. റണ്‍വേ, ടാക്സിവേകള്‍, ആപ്രോണ്‍ നടപ്പാതകള്‍ എന്നിവ പൂര്‍ണമായും പുനര്‍നിര്‍മിച്ചു. രാത്രി പ്രവര്‍ത്തനത്തില്‍ ദൃശ്യപരതയും വര്‍ധിപ്പിക്കുന്നതിനായി വിമാനത്താവളത്തിന്റെ ലൈറ്റിംഗ് സംവിധാനങ്ങളും നവീകരിച്ചു.
എയര്‍ഫീല്‍ഡ് ഗ്രൗണ്ട് ലൈറ്റിംഗ് സംവിധാനം ഉയര്‍ന്ന പ്രകടനമുള്ള എല്‍ ഇ ഡി സാങ്കേതികവിദ്യയിലേക്ക് മാറ്റി. വിമാനത്താവളത്തിലെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങള്‍ അത്യാധുനിക സാങ്കേതികവിദ്യയിലേക്ക് നവീകരിച്ചിട്ടുണ്ട്. സുരക്ഷാ പ്രോട്ടോക്കോളുകള്‍, അടിയന്തര സാഹചര്യങ്ങളില്‍ മെച്ചപ്പെട്ട പ്രവേശനം, അടിയന്തര റോഡുകള്‍ നിര്‍മിക്കല്‍ എന്നിവയും ഇതിന്റെ ഭാഗമായി നടന്നു. കോഡ് 4 ഇ വിമാനങ്ങള്‍ക്ക് ആവശ്യമായ തരത്തില്‍ റണ്‍വേയുടെ വീതി കൂട്ടിയിട്ടുണ്ട്.
തടസ്സമില്ലാത്ത കണക്റ്റിവിറ്റിയും സുസ്ഥിര ടൂറിസത്തിനും സാമ്പത്തിക വളര്‍ച്ചക്കും വേണ്ടിയുള്ള കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തുന്നതാണ് നവീകരണമെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജി സി എ എ) ഡയറക്ടര്‍ ജനറല്‍ സൈഫ് മുഹമ്മദ് അല്‍ സുവൈദി പറഞ്ഞു. ഈ മെച്ചപ്പെടുത്തലുകള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കുക മാത്രമല്ല, പ്രധാന ഇക്കോ – ടൂറിസം കേന്ദ്രമെന്ന നിലയില്‍ അല്‍ ദഫ്ര മേഖലയുടെ വളര്‍ച്ചയെ പിന്തുണക്കുന്നതാണ്.