Connect with us

Articles

സാര്‍, രാജ്യം ഇതിലേറെ അര്‍ഹിച്ചിരുന്നു

തന്റെ നീതിന്യായ ദൗത്യത്തില്‍ പൂര്‍ണ സമര്‍പ്പണമുണ്ടായെന്ന് വിരമിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് ചന്ദ്രചൂഡ് രണ്ടാമന്‍ പറഞ്ഞിരുന്നു. അദ്ദേഹം സ്വയം സമര്‍പ്പിച്ചിട്ടുണ്ടായിരുന്നിരിക്കാം. പക്ഷേ അനിഷേധ്യമായ സ്ഖലിതങ്ങള്‍ അദ്ദേഹത്തിന് സംഭവിക്കുകയോ വരുത്തിവെക്കുകയോ ചെയ്തിട്ടുണ്ട്. ആ ജുഡീഷ്യല്‍ കരിയറില്‍ തിളങ്ങുന്ന നേട്ടങ്ങള്‍ മാത്രമല്ല സ്വയം തോല്‍ക്കലും ഉള്‍വലിയലുകളും കണ്ണടക്കലുകളുമെല്ലാം ഉണ്ടായിട്ടുണ്ട്.

Published

|

Last Updated

ashrafthd@gmail.com
ഇന്ത്യ കണ്ട പ്രഗത്ഭരായ ന്യായാധിപരില്‍ ഒരാളാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് വിരമിച്ച ഡി വൈ ചന്ദ്രചൂഡെന്ന പ്രസ്താവം അമിത പ്രശംസയാണെന്ന് കരുതേണ്ടതില്ല. വിവിധ നിയമവിജ്ഞാന ശാഖകളില്‍ അഗാധ പാണ്ഡിത്യമുള്ള അദ്ദേഹത്തിന് സങ്കീര്‍ണ നിയമപ്രശ്‌നങ്ങളെ സൂക്ഷ്മമായി വിലയിരുത്താനുള്ള പാടവമുണ്ടെന്നത് സുവിദിതമാണ്. ഭരണഘടന പാല്‍പ്പായസമാണ് ഡി വൈ ചന്ദ്രചൂഡിന്. വി ആര്‍ കൃഷ്ണയ്യരുടെ വിധികളെ ഓര്‍മിപ്പിക്കുന്ന വിധം ആംഗലേയത്തിലെ മനോഹര കവിതകളാണ് അദ്ദേഹത്തിന്റെ വിധികളില്‍ പലതും; വായനാക്ഷമതയുള്ളതും. പുതുകാല ഡിജിറ്റല്‍ സങ്കേതങ്ങളുടെ സാധ്യതകള്‍ ജുഡീഷ്യറിയില്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന നിശ്ചയദാര്‍ഢ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. സുപ്രീം കോടതി ഭരണഘടനാ ബഞ്ചുകളിലെ വിചാരണാ നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിന് മുന്‍കൈയെടുത്ത ഡി വൈ ചന്ദ്രചൂഡ് എല്ലാ ബഞ്ചുകളിലെയും പതിവ് വിചാരണാ നടപടികള്‍ ലൈവായെന്ന് ഉറപ്പുവരുത്തിയാണ് കഴിഞ്ഞ ദിവസം വിരമിച്ചത്. ഇങ്ങനെയൊക്കെ ആയതിനാലാകണം മുഖ്യ ന്യായാധിപനായ ഡി വൈ ചന്ദ്രചൂഡില്‍ ജനാധിപത്യ, മതനിരപേക്ഷ ഇന്ത്യ കൂടുതല്‍ പ്രതീക്ഷ വെച്ചു പുലര്‍ത്തിയത്. പുറമെ 2014ന് ശേഷം ഏറ്റവും കൂടുതല്‍ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലിരിക്കാന്‍ നിയോഗമുണ്ടായതും അദ്ദേഹത്തിന് തന്നെ, രണ്ട് വര്‍ഷവും ഒരു ദിവസവും. സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന വൈ വി ചന്ദ്രചൂഡിന്റെ പുത്രനാണ് ഇക്കഴിഞ്ഞ നവംബര്‍ പത്തിന് വിരമിച്ച ഡി വൈ ചന്ദ്രചൂഡ്. ഏഴ് വര്‍ഷവും നാല് മാസവുമാണ് പിതാവ് യശ്വന്ത് വിഷ്ണു ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായിരുന്നതെങ്കില്‍ മകന്‍ ഡോ. ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് അത്രയും കാലം സുപ്രീം കോടതിയില്‍ ജഡ്ജിയായി. 2016 മെയ് 13നാണ് ഡി വൈ ചന്ദ്രചൂഡ് സുപ്രീം കോടതി ന്യായാധിപനാകുന്നത്. ഏഴര വര്‍ഷങ്ങള്‍ക്കിടയില്‍ എഴുനൂറിലധികം വിധികള്‍ എഴുതിയതില്‍ രാജ്യത്തിന്റെ പതിനാറാമത് ചീഫ് ജസ്റ്റിസായിരുന്ന തന്റെ പിതാവിന്റെ തന്നെ വിധിയെ സുപ്രധാന നിയമ വ്യവഹാരത്തില്‍ തിരുത്തിയതും ഉള്‍പ്പെടുന്നു.
രാജ്യത്തിന്റെ ഭരണഘടനക്കും ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങള്‍ക്കും ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് വലിയ വെല്ലുവിളി നേരിട്ട ഒരു ദശാസന്ധിയില്‍ മുഖ്യ ന്യായാധിപനായിരുന്ന ഡി വൈ ചന്ദ്രചൂഡ് ഭരണഘടനാക്കൂറ് എത്രമാത്രം പ്രകടിപ്പിച്ചു എന്നതാണ് ഇന്ത്യയിലെ ഉത്തരവാദിത്വ ബോധമുള്ള പൗരന്മാരെ സംബന്ധിച്ച് പ്രധാന കാര്യം. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ നീതിക്കും ന്യായത്തിനുമൊപ്പം നില്‍ക്കാനും വെല്ലുവിളികളെ ഏറ്റെടുക്കാനും വിരമിച്ച ന്യായാധിപ പ്രമുഖന് കഴിഞ്ഞിരുന്നോ? ജുഡീഷ്യറിക്കും എക്‌സിക്യൂട്ടീവിനുമിടയില്‍ ഉണ്ടാകേണ്ടതും എന്നാല്‍ മുന്‍ മുഖ്യ ന്യായാധിപര്‍ ഭരണകൂടത്തിന് മുമ്പില്‍ കുറച്ചെങ്കിലും അടിയറവെച്ചതുമായ ബാലന്‍സിംഗ് പവര്‍ തിരിച്ചുപിടിക്കാനും നീതിന്യായ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാനും ഡി വൈ ചന്ദ്രചൂഡിന് കഴിഞ്ഞോ തുടങ്ങിയ ചോദ്യങ്ങള്‍ ഉത്തരം തേടുന്നുണ്ട്.

സാമൂഹിക നീതിയിലുറച്ച നിലപാട്
തുല്യതയെന്ന ഭരണഘടനാ ആശയത്തെയും അവകാശത്തെയും വിശാല വ്യാഖ്യാന പരിധിയില്‍ കൊണ്ടുവന്ന ഡി വൈ ചന്ദ്രചൂഡ് സാമൂഹിക നീതിക്ക് വേണ്ടി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഈയിടെ മാത്രം അദ്ദേഹം വിധി പറഞ്ഞ രണ്ട് കേസുകള്‍ അതിന് മികച്ച തെളിവുകളാണ്. ജാതികളില്‍ ഉപവര്‍ഗീകരണം അനുവദിച്ചതാണ് അതിലൊന്ന്. സംവരണാനുകൂല്യങ്ങള്‍ അതിന്റെ യഥാര്‍ഥ അവകാശികളിലേക്ക് എത്തുക വഴി രാജ്യത്തെ സംവരണ സംവിധാനം ലക്ഷ്യപ്രാപ്തിയിലെത്തണമെങ്കില്‍ ജാതികളില്‍ വീണ്ടും വര്‍ഗീകരണം നടത്തി സമൂഹത്തിലെ താഴെത്തട്ടിലുള്ള മനുഷ്യരിലേക്കെത്തണമെന്ന നിലപാട് ഇന്ത്യന്‍ മത, സാമൂഹിക ജീവിത യാഥാര്‍ഥ്യങ്ങളെ മനസ്സില്‍ കണ്ടുകൊണ്ടുള്ളത് തന്നെയാണ്. ജയിലുകളിലെ ക്രൂരമായ ജാതി വിവേചനങ്ങള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊണ്ടതും ആഴ്ചകള്‍ക്ക് മുമ്പാണ്.
നീതിന്യായ അനുകമ്പയോടെ ഒരു ദളിത് വിദ്യാര്‍ഥിയുടെ പ്രശ്‌നത്തില്‍ സമയോചിത ഇടപെടല്‍ മുഖ്യ ന്യായാധിപനായിരുന്ന ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായതും നാം കണ്ടതാണ്. ഫീസടക്കാന്‍ വൈകിയതിന്റെ പേരില്‍ ഐ ഐ ടി പ്രവേശനം നിഷേധിക്കപ്പെട്ട ദളിത് വിദ്യാര്‍ഥിക്ക് ഭരണഘടനയുടെ 142ാം അനുഛേദപ്രകാരം സുപ്രീം കോടതിക്ക് ലഭ്യമായ പ്രത്യേക അധികാരം ഉപയോഗപ്പെടുത്തിയാണ് അഡ്മിഷന്‍ സാധ്യമാക്കിയത്.
വിയോജിപ്പുകളുണ്ടെങ്കിലും ദീര്‍ഘ കാലമായി പരിഗണിക്കപ്പെടാതിരുന്ന പ്രധാന ഭരണഘടനാ കേസുകള്‍ ഡി വൈ ചന്ദ്രചൂഡ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന കാലത്ത് കേള്‍ക്കുകയും വിധി പുറപ്പെടുവിക്കുകയുമുണ്ടായ സന്തോഷം പങ്കുവെച്ചിരുന്നു പ്രമുഖ അഭിഭാഷകന്‍ കപില്‍ സിബല്‍. സുപ്രീം കോടതി ബാര്‍ അസ്സോസിയേഷന്‍ വിരമിക്കുന്ന മുഖ്യ ന്യായാധിപന് നല്‍കിയ യാത്രയയപ്പിലായിരുന്നു അത്. മുന്‍ മുഖ്യ ന്യായാധിപര്‍ തൊടാതിരുന്ന പ്രധാന ഭരണഘടനാ കേസുകളില്‍ ചിലത് വിചാരണ നടത്തി വിധി പുറപ്പെടുവിച്ചു ഡി വൈ ചന്ദ്രചൂഡ് തന്റെ മുഖ്യ ന്യായാധിപ പദവിക്കാലത്ത്. ജമ്മു കശ്മീരിന്റെ സവിശേഷ ഭരണഘടനാ പദവി റദ്ദാക്കിയതും ഇലക്ടറല്‍ ബോണ്ടും അതില്‍ പെട്ടതാണ്. അതേസമയം പൗരത്വ ഭേദഗതി നിയമം തൊട്ടില്ല.
മുഖ്യ ന്യായാധിപ പദവിയിലെ ചന്ദ്രചൂഡ് കാലത്ത് ഫെഡറല്‍ തത്ത്വങ്ങളെ അടിവരയിടുന്ന വിധികളുണ്ടായപ്പോള്‍ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ ഭരണഘടന എന്താണെന്ന് അല്‍പ്പം പരുഷമായി തന്നെ പഠിപ്പിക്കാനുള്ള നിയോഗവും അദ്ദേഹത്തിനുണ്ടായി. മാധ്യമ സ്വാതന്ത്ര്യത്തിന് വിലങ്ങണിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഫാക്ട് ചെക്ക് യൂനിറ്റ് കൊണ്ടുവന്നപ്പോള്‍ മുളയിലേ നുള്ളാനും സുപ്രീം കോടതി മറന്നില്ല.

പൊതുനയം മുട്ടാപ്പോക്ക് തന്നെ
കേന്ദ്ര സര്‍ക്കാറിന് രാഷ്ട്രീയമായി പ്രത്യക്ഷ പ്രതിസന്ധിയുണ്ടാക്കുന്ന നിയമ വ്യവഹാരങ്ങളില്‍ ഭരണകൂടത്തെ പിണക്കാതിരിക്കാന്‍ ശ്രമിച്ചു മുഖ്യ ന്യായാധിപനായിരുന്ന ഡി വൈ ചന്ദ്രചൂഡെന്ന് പറഞ്ഞു തരുന്നുണ്ട് അത്തരം നിയമ വ്യവഹാരങ്ങള്‍. ഒന്നിലേറെ കേസുകളിലാണ് ഭരണകൂട നടപടി നിയമവിരുദ്ധമാണെന്ന് വിധിപറഞ്ഞതിനൊടുവില്‍ ഹരജിക്കാര്‍ക്ക് അനുകൂലമായ പരിഹാരമുണ്ടാക്കാതിരുന്നത്. അവിടെ വിധികള്‍ ഏട്ടിലെ പശുവായപ്പോള്‍ വിധിപ്പകര്‍പ്പിലെ ജീവനില്ലാത്ത അക്ഷരങ്ങള്‍ കേവല ധര്‍മോപദേശമായി മാറുന്നതാണ് രാജ്യം കണ്ടത്. മഹാരാഷ്ട്രയിലെ ശിവസേന തര്‍ക്കത്തില്‍ ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി വലിയ വിമര്‍ശനങ്ങളേറ്റുവാങ്ങിയിരുന്നു. ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തെ ഔദ്യോഗിക ശിവസേനയായി അംഗീകരിച്ച മഹാരാഷ്ട്ര സ്പീക്കറുടെ നടപടിയും വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള ഗവര്‍ണറുടെ തീരുമാനവും ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു വിധി. എങ്കില്‍ പിന്നെ ഉദ്ദവ് താക്കറെയുടെ മുഖ്യമന്ത്രി പദവി പുനഃസ്ഥാപിക്കലായിരുന്നു പരിഹാരം. അതിന് സുപ്രീം കോടതി വിസമ്മതിച്ചു. ചൂണ്ടിക്കാട്ടിയ കാരണമാണെങ്കില്‍ അതി ദുര്‍ബലവും. മുഖ്യമന്ത്രിയായിരുന്ന ഉദ്ദവ് താക്കറെ വിശ്വാസ വോട്ടെടുപ്പിന് മുമ്പ് രാജിവെച്ചതിനാല്‍ തിരികെ കൊണ്ടുവരാന്‍ പറ്റില്ലത്രെ. പരിഹാരത്തിലേക്ക് കടക്കാത്ത നീതിന്യായ സമീപനം മറ്റു ചില കേസുകളിലും പിന്തുടര്‍ന്നു.
ജമ്മു കശ്മീരിന്റെ സവിശേഷ ഭരണഘടനാ പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹരജികളിലെ വിധിയില്‍ ഒരു സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമായി തരംതാഴ്ത്തിയ, ഭരണഘടനാപരമായി സവിശേഷ പ്രധാന പ്രശ്‌നത്തെ അഭിസംബോധന ചെയ്തതേയില്ല. അതായിരുന്നു കേസിന്റെ മര്‍മമെന്നിരിക്കെ അതില്‍ തൊടാതെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന സോളിസിറ്റര്‍ ജനറലിന്റെ ഉറപ്പില്‍ കടിച്ചുതൂങ്ങുകയായിരുന്നു ഡി വൈ ചന്ദ്രചൂഡ്. നിശ്ചിത കാലപരിധി പറയപ്പെടാതിരുന്ന ആ ഉറപ്പിനാണെങ്കില്‍ യാതൊരു ഗ്യാരന്റിയുമില്ലായിരുന്നു.

ബാബരിയിലൂടെ വെട്ടിയ വഴി
ബാബരി വിധിയെഴുതിയത് കേസ് കേട്ട ഭരണഘടനാ ബഞ്ചിലെ ഏത് ന്യായാധിപനായിരുന്നെന്ന കാര്യം വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നില്ലല്ലോ. എന്നാല്‍ അതെഴുതിയത് ഡി വൈ ചന്ദ്രചൂഡായിരുന്നെന്ന് രാജ്യത്തിന് വിശ്വസിക്കാന്‍ മതിയായതൊക്കെ ഇതിനകം നാം അറിഞ്ഞിട്ടുണ്ട്. മധ്യകാല ഭരണാധികാരികള്‍ (മുഗളര്‍) വരുത്തിയതെന്നാരോപിക്കുന്ന ചരിത്രപരമായ തെറ്റുകളെ തിരുത്താന്‍ ഇന്നത്തെ നിയമ സംവിധാനത്തെ ഉപയോഗിച്ചു കൂടെന്ന് ചൂണ്ടിക്കാട്ടിയാണ് 1991ലെ ആരാധനാലയ നിയമത്തെ ബാബരി വിധിയില്‍ സുപ്രീം കോടതി ശരിവെച്ചത്. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമായ മതനിരപേക്ഷത സംരക്ഷിക്കാനുള്ള ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ് ആരാധനാലയ നിയമമെന്നും പരമോന്നത കോടതി പറഞ്ഞുവെച്ചു. പക്ഷേ, ഗ്യാന്‍വാപിയിലെത്തിയപ്പോള്‍ ആരാധനാലയ നിയമത്തെ മറികടന്ന് കേസ് തുടരാമെന്ന നിലപാട് സ്വീകരിച്ചു ഡി വൈ ചന്ദ്രചൂഡ്. ഒരു നിര്‍മിതിയുടെ മതപരമായ സ്വഭാവം നിര്‍ണയിക്കാന്‍ ആവശ്യപ്പെടുന്ന ഹരജി സമര്‍പ്പിക്കാന്‍ ആരാധനാലയ നിയമം തടസ്സമല്ലെന്ന തൊടുന്യായം കണ്ടെത്തുകയായിരുന്നു അദ്ദേഹം. ഹരജി നിലനില്‍ക്കുമെന്ന് വിധിക്കാന്‍ വിചാരണാ കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയുടെ തൊടുന്യായം കടമെടുക്കുന്നതാണ് തുടര്‍ന്ന് നാം കണ്ടത്. മധുരയിലെ ശാഹി ഈദ്ഗാഹ് മസ്ജിദിനെ ചൊല്ലി ഹിന്ദുത്വ ശക്തികള്‍ ഉന്നയിക്കുന്ന അവകാശ വാദം കോടതിയിലെത്തിയപ്പോഴും കേസിന് ന്യായം സുപ്രീം കോടതിയുടേത് തന്നെ. ബാബരി വിധിയില്‍ ശരിവെച്ച ആരാധനാലയ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹരജികള്‍ തുടരാന്‍ അനുവദിക്കുക കൂടി ചെയ്തതോടെ ലക്ഷണമൊത്ത കപട നാട്യക്കാരനാകുകയായിരുന്നു ഡി വൈ ചന്ദ്രചൂഡ്.
ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ ഭരണഘടന അനുവദിക്കുന്ന മത പരിവര്‍ത്തനവും മതാന്തരീയ വിവാഹവും തടയുന്നതാണ്. അങ്ങനെയിരിക്കെ അതിനെതിരായ ഹരജികള്‍ ഏറെക്കാലം മുമ്പിലുണ്ടായിരുന്നിട്ടും പരിഗണിച്ചില്ല. കര്‍ണാടകയിലെ ഹിജാബ് വിലക്കിനെതിരെയുള്ള ഹരജികളും തഥൈവ. അതേസമയം യു പി മദ്‌റസാ ആക്ടിലും അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയുടെ ന്യൂനപക്ഷ പദവിയിലും ഭരണഘടനക്കൊത്ത വിധിയുണ്ടായി. സ്വകാര്യതക്കുള്ള അവകാശത്തെയും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ ഭേദഗതികളെയും പ്രശ്‌നവത്കരിക്കുന്ന മണി ബില്ല് കേസ് വേഗം ലിസ്റ്റ് ചെയ്യുമെന്ന് ചീഫ് ജസ്റ്റിസായിരിക്കെ ഡി വൈ ചന്ദ്രചൂഡ് പല തവണ അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല.
തന്റെ നീതിന്യായ ദൗത്യത്തില്‍ പൂര്‍ണ സമര്‍പ്പണമുണ്ടായെന്ന് വിരമിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് ചന്ദ്രചൂഡ് രണ്ടാമന്‍ പറഞ്ഞിരുന്നു. അദ്ദേഹം സ്വയം സമര്‍പ്പിച്ചിട്ടുണ്ടായിരുന്നിരിക്കാം. പക്ഷേ അനിഷേധ്യമായ സ്ഖലിതങ്ങള്‍ അദ്ദേഹത്തിന് സംഭവിക്കുകയോ വരുത്തിവെക്കുകയോ ചെയ്തിട്ടുണ്ട്. ആ ജുഡീഷ്യല്‍ കരിയറില്‍ തിളങ്ങുന്ന നേട്ടങ്ങള്‍ മാത്രമല്ല സ്വയം തോല്‍ക്കലും ഉള്‍വലിയലുകളും കണ്ണടക്കലുകളുമെല്ലാം ഉണ്ടായിട്ടുണ്ട്. രാജ്യം അതിലേറെ അര്‍ഹിച്ചിരുന്നു എന്നതാണ് നേര്.

Latest