Kerala
സാറേ.. ഞങ്ങളുടെ സ്‌കൂള്‍ ഞങ്ങടെ സ്ഥലത്ത് തന്നെ വേണം; നിങ്ങളുടെ സ്കൂൾ അവിടെത്തന്നെ ഉണ്ടാകും: വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്
പ്രതിസന്ധികളില്‍ തളരാത്ത കേരളത്തിന്റെ അജയ്യമായ കരുത്ത് ഏറ്റവും മനോഹരമായി ആവിഷ്‌കരിക്കപ്പെട്ട നിമിഷമായിരുന്നുകുട്ടികളുടെ സംഘനൃത്തമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം | ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തം തകര്‍ത്തെറിഞ്ഞ വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സംഘനൃത്തമായിരുന്നു 63ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിലെ പ്രധാന ആകര്‍ഷണം. ഉരുളെടുത്ത ജനതയുടെ ജീവിതകഥ പറഞ്ഞുകൊണ്ട് വിദ്യാര്‍ഥികള്‍ വേദിയില്‍ നിറഞ്ഞാടിയപ്പോള്‍ കാണികളുടെ കണ്ണ് നിറഞ്ഞു.
കുട്ടികളെ കാണാനും അനുഗ്രഹിക്കാനും മുഖ്യമന്ത്രി നേരിട്ടെത്തുകയും ചെയ്തു.ഉദ്ഘാടന പ്രസംഗത്തിലും മുഖ്യമന്ത്രി വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരാമര്‍ശിച്ചിരുന്നു. വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ പരിപാടിയില്‍ പങ്കെടുക്കുന്നത് സന്തോഷമുള്ള കാര്യമാണെന്ന് മുഖ്യമന്ത്രി വേദിയില്‍ പറഞ്ഞു.
ഉദ്ഘാടന ശേഷം വേദിയില്‍ നിന്നും ഇറങ്ങിയ മുഖ്യമന്ത്രി വെള്ളാര്‍മല വിദ്യാര്‍ഥികളോട് സംസാരിക്കുകയും അവര്‍ക്കൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തു.സാറേ ഞങ്ങടെ സ്‌കൂള്‍ ഞങ്ങടെ സ്ഥലത്ത് തന്നെ ഞങ്ങള്‍ക്ക് വേണമെന്നായിരുന്നു മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ കുട്ടികള്‍ പറഞ്ഞത്. നിങ്ങടെ സ്‌കൂള്‍ നല്ല സ്‌കൂള്‍ അല്ലെ. അവിടെത്തന്നെയുണ്ടാകുമെന്ന് മുഖ്യമന്ത്രി വിദ്യാര്‍ഥികള്‍ക്ക് വാക്ക് കൊടുക്കുകയും ചെയ്തു.
ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീടും ബന്ധുക്കളെയും നഷ്ടപ്പെട്ട കുട്ടികളടക്കമാണ് ഇന്ന് കലോത്സവ വേദിയിലെ അവതരണത്തില്‍ പങ്കാളികളായത്. ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റു വാ.. ചിറകിന്‍ കുരത്താര്‍ന്നു വാനില്‍ പറക്കുക എന്ന് പറഞ്ഞ് പ്രത്യാശയുടെ സന്ദേശം പകര്‍ന്നാണ് കുട്ടികള്‍ നൃത്തം അവസാനിപ്പിച്ചത്.
മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടിയപ്പോള്‍ വെള്ളാര്‍മല സ്‌കൂളിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് തകരാതെ അവശേഷിച്ചത്. എന്നാല്‍ ആ വിദ്യാലയത്തിന്റെ ചൈതന്യം കൈവിടാതെ കാത്തുസൂക്ഷിക്കാന്‍ അവിടത്തെ കുഞ്ഞുങ്ങള്‍ക്കാകുന്നു എന്നു തെളിയിച്ച നൃത്തശില്പമാണ് ഇന്ന് സംസ്ഥാന സ്‌കൂള്‍ കലോല്‍സവ വേദിയില്‍ അരങ്ങേറിയത്. പ്രതിസന്ധികളില്‍ തളരാത്ത കേരളത്തിന്റെ അജയ്യമായ കരുത്ത് ഏറ്റവും മനോഹരമായി ആവിഷ്‌കരിക്കപ്പെട്ട നിമിഷമായിരുന്നു അത്. അവരുടെ സംഘനൃത്തം നാടിന്റെ ഐക്യത്തിന്റെയും ആത്മവീര്യത്തിന്റെയും പ്രതീകമായി മാറി. കുട്ടികളെ കാണാനും ആശീര്‍വദിക്കാനും സാധിച്ചത് അനുപമമായ സന്തോഷമാണ് നല്‍കിയത്. അവര്‍ പകര്‍ന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ഈ കലോല്‍സവം ഏറ്റവും മികച്ച രീതിയില്‍ നടത്താന്‍ സാധിക്കണം. വെള്ളാര്‍മല സ്‌കൂളിലെ കുഞ്ഞുങ്ങള്‍ക്ക് ഹൃദയാഭിവാദ്യങ്ങള്‍! എന്ന് മുഖ്യമന്ത്രി ഫേയ്‌സ്ബുക്കില്‍ കുറിച്ചു.