From the print
സിറാജ് കാമ്പയിന്‍; ആവേശത്തിരയിളക്കാന്‍ ദ്വിദിന 'ആരവം'
പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകര്‍ന്ന് നാളെയും മറ്റന്നാളും 'ആരവം - 23' ആചരിക്കും.
കോഴിക്കോട് | ‘നാടിനൊപ്പം നാല് ദശകം’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന സിറാജ് ക്യാമ്പയിന് നാട്ടിലെങ്ങും ആവേശകരമായ മുന്നേറ്റം. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകര്‍ന്ന് നാളെയും മറ്റന്നാളും ‘ആരവം – 23’ ആചരിക്കും. അന്നേ ദിവസങ്ങളില്‍ സംഘടനാ യൂനിറ്റുകളില്‍ ഊര്‍ജിത സ്‌ക്വാഡ് പ്രവര്‍ത്തനം നടക്കും. പരമാവധി വാര്‍ഷിക വരിക്കാരെ ചേര്‍ക്കാന്‍ യൂനിറ്റ് സിറാജ് ടീം മാത്സര്യ ബുദ്ധിയോടെ പ്രവര്‍ത്തിക്കും.
സാമൂഹിക, സാഹിത്യ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരടക്കം ആയിരക്കണക്കിന് വാര്‍ഷിക വരിക്കാരെ ചേര്‍ത്ത് സിറാജ് വായനാകളരിയില്‍ അംഗങ്ങളാക്കും. സ്‌ക്വാഡ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ എസ് പി സി നേതൃത്വം ടാര്‍ഗറ്റ് പൂര്‍ത്തിയാക്കിയ ശേഷം മുന്നിലെത്തുന്ന യൂനിറ്റുകള്‍ക്ക് പ്രത്യേക സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്.
ജില്ലാതലങ്ങളില്‍ പ്രഖ്യാപിച്ച സമ്മാനപ്പെരുമഴക്കു പുറമെയാണിത്. സംസ്ഥാനത്തെ 14 ജില്ലകളിലും തമിഴ്നാട്ടിലെ നീലഗിരിയിലും കര്‍ണാടകയിലെ മംഗളൂരുവിലും കുടകിലും നടത്തുന്ന ക്യാമ്പയിന്‍ ആരവത്തിന് ആവേശമുണര്‍ത്താന്‍ വിശുദ്ധ പ്രവാചക ജന്മ മാസത്തില്‍ പ്രത്യേകം തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.
ജില്ല, സോണ്‍, സര്‍ക്കിള്‍ പ്രമോഷന്‍ കൗണ്‍സിലുകള്‍ക്ക് കീഴില്‍ യൂനിറ്റ് സിറാജ് ടീം ഇതിനകം ഫീല്‍ഡ് പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ വരിചേര്‍ക്കേണ്ടവരുടെ സര്‍വേ പൂര്‍ത്തിയാക്കി വരിചേര്‍ക്കാന്‍ നിയോഗിതരായ സ്‌ക്വാഡിന് നല്‍കിക്കഴിഞ്ഞു. കേരള മുസ്ലിം ജമാഅത്തിന് കീഴില്‍ എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ ഉള്‍പ്പെടുന്ന പ്രസ്ഥാന കുടുംബം ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. അക്ഷരദീപം പദ്ധതി ഇത്തവണ മദ്്‌റസകളിലേക്ക് കൂടി വ്യാപിപ്പിച്ചതോടെ മുഅല്ലിംകളും ആവേശത്തിലാണ്.
വീടുകളിലും കവലകളിലും കയറിയിറങ്ങി വ്യാപക പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഇന്ന് ജുമുഅക്ക് പള്ളികളില്‍ സിറാജ് കൗണ്ടറുകളും സംവിധാനിച്ചിട്ടുണ്ട്. സംസ്ഥാനതലത്തില്‍ സയ്യിദ് ഇബ്്‌റാഹീം ഖലീല്‍ അല്‍ ബുഖാരി ചെയര്‍മാനും അബ്ദുല്‍ മജീദ് കക്കാട് ജനറല്‍ കണ്‍വീനറുമായ സിറാജ് പ്രമോഷന്‍ കൗണ്‍സിലാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.